Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ (25/3/2022)

അതിജീവനത്തിന്റെ സന്ദേശവുമായി  ബഡ്സ് കലോത്സവം
മാറിനില്‍ക്കാത മുന്നേറുകയാണെന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്‍ ജില്ലാതല ബഡ്‌സ് കലോത്സവം ‘സ്പര്‍ശം 2022′. ഭിന്നശേഷിക്കാരായ കുട്ടികള്‍ കലാവിരുന്നൊരുക്കി  വിസ്മയിപ്പിച്ചു. ലളിതഗാനം, മിമിക്രി, നാടോടി നൃത്തം, ആക്ഷന്‍ സോങ് തുടങ്ങി ഇനങ്ങള്‍ അനവധി. സ്റ്റേജ്മത്സരങ്ങള്‍ക്ക് പുറമേ, പെയിന്റിങ്, ഡ്രോയിങ് മത്സരങ്ങളും നടന്നു. എല്ലാ ഇനങ്ങളിലും നിറപങ്കാളിത്തം.
എം. നൗഷാദ് എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ശേഷി കൂടി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ എ.കെ.സവാദ് അദ്ധ്യക്ഷനായി. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ മുഖ്യഅതിഥി ആയി. കുടുംബശ്രീ കലാജാഥയിലെ കലാകാരികളെ അദ്ദേഹം ആദരിച്ചു.  കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍.അജു, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബൂനി, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

 

ലൈഫ് ഉപഭോക്തൃ ബോധവല്‍ക്കരണ ഉദ്ഘാടനം  (മാര്‍ച്ച് 26)
ജില്ലാപഞ്ചായത്തിന്റെയും ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലൈഫ്-പി.എം.എ.വൈ പദ്ധതി ഉപഭോക്താക്കള്‍ക്കുള്ള ബോധവല്‍ക്കരണവും ഭരണഘടനാ സാക്ഷരതാപരിപാടിയും  (മാര്‍ച്ച് 26) ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരകഹാളില്‍ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയാണ് മുഖ്യാതിഥി.  നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ എന്നിവര്‍ പങ്കെടുക്കും.

 

മൃഗസംരക്ഷണ-ക്ഷീരമേഖലയില്‍ സ്ത്രീകളുടെ മുന്നേറ്റം പ്രശംസാജനകം – മന്ത്രി ജെ. ചിഞ്ചു റാണി
മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളില്‍ സ്ത്രീകളുടെ മുന്നേറ്റം പ്രശംസാ ജനകമാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ജാഗ്രതസമിതി അംഗങ്ങള്‍ക്കുള്ള കൈ പുസ്തക പ്രകാശനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേലിന് കൈമാറി പ്രകാശനം  നിര്‍വ്വഹിക്കുകയായിരുന്നു. മന്ത്രി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകളുടെ  പ്രവര്‍ത്തനം  കൂടൂതല്‍ ശക്തിപ്പെടുത്തുമെന്നും  ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രതിനിധികളായ  അഡ്വ. സുമലാല്‍, അഡ്വ. അനില്‍. എസ്. കല്ലേലിഭാഗം, ഡോ.പി.കെ. ഗോപന്‍,  ബിനുന്‍ വാഹിദ്, ജില്ല ശിശു വികസന ഓഫീസര്‍ പി.ബിജി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വസന്ത രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

മേലിലയിലെ പശ്ചാത്തല വികസനത്തിന് 6.61 കോടി രൂപ
ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
മേലില ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ്  ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ഇതിനായി പശ്ചാത്തല വികസനത്തിന് 6.61 കോടി  രൂപയാണ്  വകയിരുത്തിയിരിക്കുന്നത്. ഭവനപദ്ധതിയ്ക്ക് 2.33 കോടി രൂപയും കാര്‍ഷികമേഖലയ്ക്ക് 31 ലക്ഷം, മൃഗസംരക്ഷണവും ക്ഷീരവികസനത്തിനും 37 ലക്ഷം, കുടിവെള്ളത്തിന് 22 ലക്ഷം, വനിതാ ശിശുക്ഷേമത്തിന്  10 ലക്ഷം, അംഗന്‍വാടികള്‍,പോഷകാഹാര വിതരണം എന്നിവയ്ക്ക് 25 ലക്ഷം,ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് 23 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 18,50,000  എന്നിങ്ങനെയാണ് തുക  വകയിരുത്തിയിരിക്കുന്നത്. നികുതി വരവ് 62 ലക്ഷവും നികുതിയേതര വരവ് 54,48,000വും ജനറല്‍ പര്‍പ്പസ് ഫണ്ട് 1,90,80,000 രൂപയുമാണ്. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താരയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.സന്തോഷ് കുമാര്‍ ബജറ്റ് അവതരിപ്പിച്ചു

 

സ്ത്രീകള്‍ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കണം – സാം കെ.ഡാനിയല്‍
ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ജില്ലാതല സെമിനാര്‍ നടന്നു
സ്ത്രീകളുടെ ഉന്നമനത്തിനും കുടുംബത്തിലെയും സമൂഹത്തിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം അനിവാര്യമാണെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയല്‍.   ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ജില്ലാതല സെമിനാര്‍   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍ അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ എസ്. നായര്‍, ജില്ലാ പോലീസ് മേധാവി ടി. നാരായണ്‍, വനിതാ കമ്മീഷന്‍ അംഗം എം.എസ്.താര തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി. ബിജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, വിവിധ മേഖലകളിലെ വനിതാ പ്രതിനിധികള്‍, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രവേശനപരീക്ഷ അഡ്മിറ്റ് കാര്‍ഡ്
കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് വേണ്ടി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ഏപ്രില്‍ ഒന്‍പതിന്  നടക്കുന്ന പരീക്ഷയ്ക്കുള്ള  അഡ്മിറ്റ് കാര്‍ഡുകള്‍ navodaya.gov.in        വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2964390.

 

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബഡ്ജറ്റ് 27ന്
ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബഡ്ജറ്റ് അവതരണം മാര്‍ച്ച് 27 ന്. രാവിലെ 10. 30 ന് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് സിന്‍ഡിക്കേറ്റ് അംഗവും ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനുമായ ബിജു കെ. മാത്യു ബജറ്റ് അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ പി.എം. മുബാറക്ക് പാഷ അധ്യക്ഷനാകും. സിന്‍ഡിക്കറ്റ് അംഗങ്ങള്‍ പങ്കെടുക്കും

 

കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍  (മാര്‍ച്ച് 26) മുതല്‍ എല്ലാ ശനിയാഴ്ചകളിലും
ജില്ലയില്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശനിയാഴ്ചകളില്‍ 12 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനേഷന്‍ സെഷന്‍ ഉണ്ടാകും. ഇന്നു മുതല്‍ കുത്തിവയ്പ് ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ള കുട്ടികളെ ഫീല്‍ഡ്തല പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തണം. തദ്ദേക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടിക്കായി ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു

error: Content is protected !!