Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ (25/03/2022 )

വന്യജീവി ആക്രമണം: നഷ്ടപരിഹാര കുടിശ്ശിക
ഉടന്‍ നല്‍കും: മന്ത്രി എ. കെ. ശശീന്ദ്രന്‍

വന്യജീവി ആക്രമണത്തില്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര കുടിശ്ശിക ഉടനെ നല്‍കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടം, ധോണി ഇക്കോ ടൂറിസം സെന്ററിന് കാട്ടു തീ പ്രതിരോധത്തിന് ലഭിച്ച വാഹനം ഫല്‍ഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തില്‍പെട്ടവര്‍ക്ക് പന്ത്രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനുണ്ട്. പാലക്കാട് വനം സര്‍ക്കിളിന്റെ കീഴില്‍ നിലവിലുള്ള നഷ്ട പരിഹാര കുടിശ്ശിക നല്‍കുന്നതിന് ഒരു 1.7 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ഘട്ടം ഘട്ടമായി തുക നല്‍കും. കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും. സംസ്ഥാനത്തെ ആദ്യത്തെ സംരഭമാണ് ധോണിയില്‍ ഫയര്‍ ട്രാക്ടര്‍ അനുവദിച്ചതെന്നും പരിപാടിയില്‍ ഫയര്‍ ട്രാക്ടര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. പൊതു സമൂഹവുമായി കൂടുതല്‍ ഇടപെടുന്ന സംവിധാനമായി വനംവകുപ്പ് പ്രവര്‍ത്തനങ്ങള്‍ പുനരാവിഷ്‌കരിക്കും. വനം- വന്യജീവികളെ മാത്രമല്ല വനാശ്രിത സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ആര്‍ജ്ജവത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. സര്‍ക്കാരിന്റെ ജനകീയ മുഖമായി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

വനത്തിനുള്ളില്‍ സ്വയരക്ഷ ഉറപ്പാക്കാനുള്ള സൗകര്യം, വന്യജീവി ആക്രമണം സമയബന്ധിതമായി തടയുക, മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയ്ക്കും ആവശ്യകരമായ സൗകര്യങ്ങള്‍ ഉറപ്പാക്കും. എല്ലാ പ്രധാന കേന്ദ്രങ്ങളിലും റേഞ്ച് ഓഫീസുകള്‍ ആരംഭിക്കും. നിലവില്‍ മലമ്പുഴ, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ ്റേഞ്ച് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മെയ് 20 നകം പണി പൂര്‍ത്തിയാക്കി റേഞ്ച് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യും. പന്ത്രണ്ട് റേഞ്ച് ഓഫീസുകളുടെ നവീകരണത്തിന് പുറമേ ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. വകുപ്പിന് ആവശ്യമായ വാഹന സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ആര്‍.ആര്‍.ടി എഫുകളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ജനാ ദേവിയുടെ ആശ്രിതര്‍ക്ക് നല്‍കാനുള്ള അഞ്ച് ലക്ഷം രൂപ മന്ത്രി കൈമാറി. കാട്ടാനകളെ തുരത്തിയോടിക്കുന്നതിനിടയില്‍ പടക്കം പൊട്ടി പരുക്കേറ്റ ഫോറസ്റ്റ് വാച്ചര്‍ ആറുച്ചാമിയ്ക്ക് വാളയാര്‍ റേഞ്ച് ഓഫീസ് ജീവനക്കാര്‍ സമാഹരിച്ച ധനസഹായം എ.പ്രഭാകരന്‍ എം.എല്‍.എ വിതരണം ചെയ്തു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദന്‍, ഡി.എഫ്.ഒ കുറ ശ്രീനിവാസന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോയല്‍ തോമസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.യു. ഉത്തമന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് വാഴപ്പള്ളി, ഗ്രാമ പഞ്ചായത്തംഗം റാണി സെല്‍വന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഫോട്ടോ :1) വാളയാര്‍ ഫോറസ്റ്റ്റേഞ്ച് ഓഫീസ് കെട്ടിടം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ- 2) ധോണി ഇക്കോ ടൂറിസത്തിനുള്ള കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളുടെയും ഫ്ളാഗ് ഓഫ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു.

ഫോട്ടോ-3) കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട അഞ്ജനാ ദേവിയുടെ ആശ്രിതര്‍ക്കുള്ള ധനസഹായം മന്ത്രി എ. കെ ശശീന്ദ്രന്‍ വിതരണം ചെയ്യുന്നു.

ജില്ലാ പഞ്ചായത്ത് ബജറ്റ് 2022- 23

ജോബ് സ്‌കൂള്‍, വിധവകള്‍ക്ക് തൊഴില്‍ പദ്ധതി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ആധുനികകേന്ദ്രം: 197.26 കോടിയുടെ ബജറ്റുമായി ജില്ലാ പഞ്ചായത്ത്

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക ലക്ഷ്യമിട്ട് ജോബ് സ്‌കൂള്‍, ജില്ലയിലെ 12,782 വിധവകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന് തൊഴിലും പാര്‍പ്പിടവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആധുനിക കേന്ദ്രം തുടങ്ങിയ മികച്ച ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടുത്തിയ ബജറ്റുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സി. കെ.ചാമുണ്ണി 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള 197.26 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു.

കോവിഡ് രോഗബാധിതയായി അത്യാസന്നനിലയിലാവുകയും തിരികെ ജീവിതത്തിലേക്ക് നടന്നു കയറുകയും ചെയ്ത ജില്ല പഞ്ചായത്ത് ജീവനക്കാരി സരസ്വതി പങ്കുവെച്ച ‘വിജയം’ എന്ന പ്രതീക്ഷ പുലര്‍ത്തുന്ന കവിത യോടെയാണ് ഭരണസമിതിയുടെ രണ്ടാമത് ബജറ്റ് അവതരിപ്പിച്ചത്. 197,26,75,914 കോടി രൂപ വരവും 185,40,25,200 കോടി രൂപ ചിലവും 11,86,50,714 കോടി രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.

ബജറ്റിലെ പ്രധാന പദ്ധതികള്‍:

ജോബ് സ്‌കൂള്‍

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് പരിശീലനം ലക്ഷ്യം. കേന്ദ്ര / സംസ്ഥാന/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധങ്ങളായ തസ്തികകളിലേക്ക് നടക്കുന്ന മത്സരപരീക്ഷകളില്‍ പ്രായോഗിക പരിശീലനമടക്കം നല്‍കും.2022-23 വര്‍ഷത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കി ആരംഭിക്കും.ഇതിനായി 50 ലക്ഷം രൂപ വകയിരുത്തും.

വിധവകള്‍ക്ക് തൊഴിലും വരുമാനവും:
5000 തൊഴില്‍ദാന പദ്ധതികള്‍

അര്‍ഹരായ മുഴുവന്‍ വിധവകള്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സര്‍വ്വേ പ്രകാരം 12 782 വിധവകളാണ് ജില്ലയിലുള്ളത്. വിദ്യാഭ്യാസ യോഗ്യത, അഭിരുചി, സബ്‌സിഡി നിര്‍ദ്ദേശങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി കുടുംബശ്രീ, വനിതാ ശിശു വികസനം, ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങിയ നിര്‍വഹണ അധികാരികളുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കും. എട്ടു കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുക. 5000-ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കും.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌നായി ആധുനിക കേന്ദ്രം

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഒരു ആധുനിക കേന്ദ്രം നിര്‍മിക്കും. താമസിക്കുന്നതിനും തൊഴില്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ഈ കേന്ദ്രത്തിന് രൂപം കൊടുക്കുന്നത് . ജില്ലയില്‍ നൂറ്റിമുപ്പതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പുനരുജ്ജീവനം

ലഹരിക്കെതിരെ കുട്ടികളുടെ നാടകം വണ്ടികള്‍ നടപ്പിലാക്കും. പൊതു ഉടമസ്ഥതയില്‍ ജില്ലയില്‍ മാനസികാരോഗ്യകേന്ദ്രം, ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കും. ലഹരിക്കെതിരെ സിനിമ നിര്‍മ്മിക്കുന്നതും ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. ഈ കാര്യങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ജില്ലക്ക് ഒരു ഫുട്‌ബോള്‍ ടീം

സ്ഥിര വരുമാനത്തിന് പ്രയാസമനുഭവിക്കുന്ന പ്രതിഭാധനരായ ഫുട്‌ബോള്‍ താരങ്ങളെ കോര്‍ത്തിണക്കി ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ധനരാജിന്റെ സ്മരണാര്‍ത്ഥം ഒരു ഫുട്‌ബോള്‍ ടീം രൂപീകരിക്കും. ഫുട്‌ബോള്‍ അസോസിയേഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയവരുടെ വിദഗ്ധ അഭിപ്രായത്തോടെ പദ്ധതി തയ്യാറാക്കും. 50 ലക്ഷം രൂപ വകയിരുത്തി.

സ്‌നേഹസ്പര്‍ശം തുടരും

ജില്ലയിലെ വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് തുടര്‍ ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്ന സ്‌നേഹസ്പര്‍ശം പദ്ധതി ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ തുടരും. കൂടാതെ കരള്‍ മാറ്റിവെക്കപ്പെട്ട വരെയും ഹീമോഫീലിയ രോഗികളെയും ഉള്‍പ്പെടുത്തും. ജില്ലാ പഞ്ചായത്ത് വിഹിതമായി ഒരു കോടി രൂപ വകയിരുത്തും.

ഉല്‍പ്പാദന മേഖലക്ക് 40 ശതമാനം

ജില്ലയിലെ പ്രധാന ജീവനോപാധിയായ കൃഷി ഉള്‍പ്പെടുന്ന ഉല്‍പ്പാദന മേഖലയ്ക്ക് 40 ശതമാനത്തോളം തുക നീക്കിവെച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഉഴവു കൂലി നല്‍കുന്ന സമൃദ്ധി പദ്ധതി തുടരും. പ്രത്യേക ഘടക പദ്ധതിയിലെ ഒരു കോടി ഉള്‍പ്പെടെ 11 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ലിറ്ററിന് ഒരു രൂപ ജില്ലാ പഞ്ചായത്ത് സബ്‌സിഡി നല്‍കുന്ന ക്ഷീര സമൃദ്ധി പദ്ധതിക്ക് ഒന്നര കോടി വകയിരുത്തും. മത്സ്യ കൃഷി, ജൈവ പച്ചക്കറി, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കും. ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കായി അഞ്ചുകോടിയും ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് 25 ലക്ഷവും വകയിരുത്തും.
കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് മൂന്ന് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബ്ലോക്ക് കേന്ദ്രങ്ങളില്‍ പരമ്പരാഗത തൊഴില്‍ കേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും.

സേവന മേഖലയ്ക്ക് 35 കോടി

സേവന മേഖലയില്‍ 35 കോടിയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം മേഖലയ്ക്ക് പ്രാധാന്യം നല്‍കും. ഭിന്നശേഷിക്കാര്‍ക്കായി പൊതു ഉടമസ്ഥതയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കേന്ദ്രം ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥാപിക്കും.

ജില്ലാ ആശുപത്രിയിലെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പരമ്പരാഗത ജലസ്രോതസ്സുകളെ നവീകരിക്കും.

വയോ സൗഹൃദം

വയോജനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം നിര്‍മ്മിച്ച സ്‌നേഹ വീടുകളെ വയോ പാര്‍ക്കുകള്‍ ആയി മാറ്റും. വയോജനങ്ങളുടെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നരക്കോടി രൂപ ചെലവിടും.

ബാല സൗഹൃദം

ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ബാലവിഹാരങ്ങളെ കുട്ടികളുടെ പാര്‍ക്കായി മാറ്റിയെടുക്കും. അങ്കണവാടികളെ ആധുനികവല്‍ക്കരിക്കാനും ലക്ഷ്യമിടുന്നു. ബജറ്റില്‍ മൂന്നര കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

സ്ത്രീ സൗഹൃദം

കുടുംബശ്രീ ജനകീയ ഭക്ഷണശാലകള്‍, പലഹാരവണ്ടികള്‍, സൂപ്പര്‍മാര്‍ക്കറ്റ്, വീട്ടുവളപ്പില്‍ മത്സ്യകൃഷി തുടങ്ങിയ വനിതാ മുന്നേറ്റ പദ്ധതികള്‍ക്കായി എട്ടു കോടി രൂപ നീക്കിവയ്ക്കും.

പട്ടികജാതി വികസനം

പട്ടികജാതി കോളനികളുടെ സമഗ്ര വികസനം, കുടിവെള്ള പദ്ധതി, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, തൊഴില്‍പരിശീലനവും തൊഴിലും ലഭ്യമാക്കല്‍, പ്രതിഭാ പിന്തുണ, പഠനമുറി തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. പട്ടികജാതി മേഖലയുടെ സമഗ്ര വികസനത്തിന് 28 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

പട്ടികവര്‍ഗ്ഗ വികസനം

പട്ടികവര്‍ഗ കോളനികളുടെ സമഗ്ര വികസനം, കുടിവെള്ള പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി മത്സര പരീക്ഷാ പരിശീലനം, വിദേശത്ത് പഠനവും തൊഴിലും, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും. പട്ടികവര്‍ഗ ക്ഷേമത്തിന് അഞ്ച് കോടി രൂപ വകയിരുത്തും.

മെയിന്റനന്‍സ് നോണ്‍ റോഡ് പദ്ധതികള്‍

ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ ജില്ലാ ആശുപത്രി, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കുമായി 22 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മെയിന്റനന്‍സ് റോഡ്

ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചതും കൈമാറി ലഭിച്ചതുമായ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 32 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കും.

ബജറ്റ് അവതരണത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഫോട്ടോ:ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി അവതരിപ്പിക്കുന്നു.

ഇന്നസെന്‍സ് 2022: ബഡ്സ് ഫെസ്റ്റ് ഇന്ന്

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 26) രാവിലെ 10 ന് പാലക്കാട് മേഴ്സി കോളേജില്‍ ഇന്നസെന്‍സ് 2022 എന്ന പേരില്‍ ബഡ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. 13 ഇനങ്ങളില്‍ കുട്ടികള്‍ മാറ്റുരയ്ക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക വികാസം, ഉല്ലാസം, ആത്മാവിശ്വാസം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

അസിസ്റ്റന്റ് സൂപ്രണ്ട് : താത്ക്കാലിക നിയമനം

ജില്ലാ ആശുപത്രി പരിസരത്തും താലൂക്ക് ആശുപത്രി കേന്ദ്രങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മെഡികെയേര്‍സ് സ്ഥാപനത്തില്‍ അസിസ്റ്റന്റ് സൂപ്രണ്ട് തസ്തികയില്‍ താത്ക്കാലിക നിയമനം. സര്‍ക്കാര്‍ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ കുറയാതെ ജോലി ചെയ്തവര്‍ക്കും 62 വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ചവര്‍, പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍വീസ് രേഖകളുമായി മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട്, മെഡികെയേര്‍സ് കാര്യാലയം, ജില്ലാ ആശുപത്രി കോമ്പൗണ്ട് പാലക്കാട് വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ നല്‍കാം. ഫോണ്‍ 0491- 2537024

തൊഴില്‍ തര്‍ക്ക ക്യാമ്പ് സിറ്റിംഗ് : ഏപ്രില്‍ ഒന്നിന്

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി.എസ് വിദ്യാധരന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ ഒന്നിന് പാലക്കാട് ആര്‍.ടി.ഒ കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക് സംബന്ധമായ ക്യാമ്പ് സിറ്റിംഗ് നടക്കും. സിറ്റിംഗില്‍ വരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

സൗജന്യ കലാ പരിശീലനം

സംസ്ഥാന സാംസ്‌കാരിക വകുപ്പ,് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി സൗജന്യ കലാ പരിശീലനം നല്‍കുന്നു. മോഹിനിയാട്ടം, മദ്ദളം, തുള്ളല്‍, ചിത്രരചന, ശാസ്ത്രീയ സംഗീതം, തോല്‍പ്പാവക്കൂത്ത് എന്നീ കലകളിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ, കണ്‍വീനര്‍, വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് 679513 വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0466-2261221

മണക്കടവ് വിയറില്‍ ലഭിച്ചത് 5523.00 ദശലക്ഷം ഘനയടി ജലം

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 23 വരെ 5523.00 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 1727.00 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളംആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 105.79 (274), തമിഴ്നാട് ഷോളയാര്‍ 628.48 (5392), കേരള ഷോളയാര്‍ 2536.60 (5420), പറമ്പിക്കുളം 15571.90 (17820), തൂണക്കടവ് 551.10 (557), പെരുവാരിപ്പള്ളം 612.51 (620), തിരുമൂര്‍ത്തി 1116.41(1935), ആളിയാര്‍ 1056.18 (3864).

അവധിക്കാല കോഴ്സ് : ഏപ്രില്‍ അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം

വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ അവധി ഹൃസ്വകാല കോഴ്സുകള്‍ ആരംഭിക്കുന്നു. പൈത്തണ്‍ പ്രോഗ്രാമിങ്, ആന്‍ഡ്രോയ്ഡ് ഡെവലപ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഐ.ടി അധിഷ്ഠിത ട്രെയിനിങ്, മലയാളം കമ്പ്യൂട്ടിംങ് കോഴ്സുകളിലേക്ക് പ്ലസ്ടു, പത്താംക്ലാസ്, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9495069307, 8547005042, 7034780658

ഐ.എച്ച്.ആര്‍.ഡി : സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, യു.ജി.സി നെറ്റ് കമ്പ്യൂട്ടര്‍ സയന്‍സ്, യു.ജി.സി നെറ്റ് പേപ്പര്‍-1 ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഫണ്ടമെറ്റല്‍സ്, കമ്പ്യൂട്ടറിംഗ് ഫോര്‍ മെഡിക്കല്‍ സയന്‍സ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഏപ്രില്‍ 11 വരെ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ കോളേജ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9495069307,8547005042, 7034 780658

ജില്ലാതല യോഗം ഇന്ന്

ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന് (മാര്‍ച്ച് 26) രാവിലെ 11 ന് ഓണ്‍ലൈനായി ജില്ലാതല യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.

error: Content is protected !!