Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പ് (4/4/20222)

സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.6 കിലോമീറ്ററുള്ള റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 5.4 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡുകള്‍ സുതാര്യതയോടെ പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വമുണ്ട്. തെറ്റായ പ്രവണത വകുപ്പില്‍ ഒരുകാരണവശാലും അനുവദിക്കുകയില്ല. കാരണം ജനങ്ങള്‍ കാവല്‍ക്കാരാണ് കാഴ്ചക്കാര്‍ അല്ല- ഇതാണ് സര്‍ക്കാരിന്റെ നയം. റോഡുകളുടെ വികസനത്തിനൊപ്പം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും, ആവശ്യമായിടത്ത് വികസന പദ്ധതികളും വകുപ്പ് തയാറാക്കും. റോഡിന്റെ പരിപാലനത്തിനും പ്രത്യേക പദ്ധതികളുണ്ട്. ഇതിനെല്ലാം ജനങ്ങളുടെ പിന്തുണ വളരെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പുരോഗതിയുടെ രാഷ്ട്രീയമാണ് ഇന്നിന്റെ ആവശ്യമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോലിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് രാഷ്ട്രീയകക്ഷി വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, ചെറുകോല്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ അന്നമ്മ ജോസഫ്, ജിജി ജോണ്‍, പൊതുമരാമത്ത്(നിരത്ത്) വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഹരിപ്രസാദ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് കെ.എം. ഫിലിപ്പ്, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. അജി കുമാര്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) മണ്ഡലം പ്രസിഡന്റ് പി.വി. തോമസ്, ജോസ് ബെന്‍ ജോര്‍ജ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

പരിശീലനപരിപാടി സംഘടിപ്പിക്കുന്നു

കേരള സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സുമായി സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍, കോവിഡ്/പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏകരക്ഷകര്‍ത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പെട്ടവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതമാണ് അവസരം ലഭിക്കുക. അനെര്‍ട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in -ല്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക- 9188119431, 18004251803, 9188119403. കോഴ്‌സ് തൃപ്തികരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സും അനെര്‍ട്ടും സംയുക്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കും.

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ ഒഴിവ്
തിരുവല്ല നഗരസഭയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ (1 എണ്ണം) ഒഴിവിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: +2, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം.എസ് ഓഫീസ് നിര്‍ബന്ധം. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. അപേക്ഷകര്‍ തിരുവല്ല നഗരസഭാ പരിധിയില്‍ താമസിക്കുന്നവരായിരിക്കണം. പ്രായപരിധി: 18 – 40. അപേക്ഷ ഫോറം നഗരസഭയിലുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ ലഭ്യമാണ്. ബയോഡേറ്റ, യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍. 04682221807.

നിയോജകമണ്ഡല
അടിസ്ഥാനത്തില്‍ സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിക്കും

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിക്കും. എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് സിമിതി യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിതരണ രംഗം കാര്യക്ഷമമാക്കുക, പരാതി പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നത്.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ റേഷന്‍കടകളുടെ പരിശോധനകള്‍, ശിക്ഷാനടപടി പ്രകാരം ഈടാക്കിയ തുകകള്‍, പരിശോധനയെ തുടര്‍ന്ന് എത്ര കടകളുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദ് ചെയ്തു, ഭക്ഷ്യധാന്യ ഗുണമേന്‍മ സംബന്ധിച്ച പരാതികള്‍, ഐസിഡിഎസിലെയും സ്‌കൂളുകളിലെയും ഉച്ചഭക്ഷണ വിതരണം, എഎവൈ/പിഎച്ച്എച്ച് കാര്‍ഡ് ഉടമകളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ മാരക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചത്, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ചികിത്സാ ആനുകൂല്യങ്ങള്‍ക്ക് മാത്രമായി സംസ്ഥാന മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്‍കിയ കാര്‍ഡുകളുടെ എണ്ണം, മറ്റു പൊതുവായ കാര്യങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 1709 റേഷന്‍ കടകള്‍ പരിശോധിച്ച് പിഴ ഈടാക്കിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
മൈലപ്ര സപ്ലൈ അസിസ്റ്റന്റ് മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഐസിഡിഎസ് പ്രതിനിധികള്‍, കണ്‍സ്യൂമര്‍ സെന്റര്‍ പ്രതിനിധികള്‍, ജില്ലാ സ്‌പ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോസി സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികളായ ജോണ്‍സണ്‍ വിളവിനാല്‍, രാജന്‍ എം ഈപ്പന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠന ക്ലാസ് ഏപ്രില്‍ 18 മുതല്‍ മേയ് 15 വരെ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടക്കും. ചിത്രരചന, ഫോട്ടോഗ്രാഫി, ഒറിഗാമി, സംഗീതം, പ്രസംഗം, ഡാന്‍സ് തുടങ്ങിയവയിലാണ് ക്ലാസുകള്‍. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്ലാസുകള്‍. ഫീസ് 1500 രൂപ.
പരിപാടിയുടെ സംഘാടക സമിതി യോഗം ഈ മാസം ഏഴിന് വൈകുന്നേരം നാലിന്
അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സമിതി അംഗം പ്രൊഫ. റ്റി.കെ.ജി നായര്‍, വൈസ് പ്രസിഡന്റ് പ്രൊഫ. മോഹനകുമാര്‍, എം.എസ്. ജോണ്‍, ആര്‍. ഭാസ്‌കരന്‍ നായര്‍, സജി വിജയകുമാര്‍, ജി. പൊന്നമ്മ, കെ. ജയകൃഷ്ണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, ഡിഎംഒ, എഡിസി ജനറല്‍, ഡിഡിഇ എന്നിവരുടെ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

തടി ലേലം
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് എട്ടില്‍ റീ സര്‍വേ 356/11, 356/12 ല്‍പ്പെട്ട മാവ് ഏപ്രില്‍ 12ന് രാവിലെ പതിനൊന്നിന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 224826 എന്ന നമ്പരില്‍ വിളിക്കുക.

ചങ്ങാതി സര്‍വേയ്ക്ക് തുടക്കമായി;
മലയാളം പഠിക്കാന്‍ അതിഥി തൊഴിലാളികള്‍
ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരാക്കുന്നതിന് ജില്ലാ സാക്ഷരതാ മിഷനും അങ്ങാടി ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ സര്‍വേ നടത്തി. റാന്നി അങ്ങാടി പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴില്‍ ശാലകളിലുമായിരുന്നു സര്‍വേ. സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍, കായംകുളം എംഎസ്എം കോളജ് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികള്‍, പ്രേരക്മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നൂറു പേരുടെ സംഘം വിവിധ ടീമുകളായാണ് സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് ഏപ്രില്‍ രണ്ടാം വാരം പ്രസിദ്ധികരിക്കും. തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്ക് സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും. ഇതിനായി ഇന്‍സ്‌ട്രെക്ടര്‍മാരെ നിയോഗിക്കും. ചങ്ങാതി പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകള്‍ നടത്തുന്നത്.
പശ്ചിമ ബംഗാളില്‍ നിന്നുള്ള പിന്റു മണ്ഡലിനെ സര്‍വേ ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സാക്ഷരതാ സര്‍വേ ഉദ്ഘാടനം ചെയ്തു. റാന്നി അങ്ങാടി ബാംഗ്ലാം കടവ് ഉപാസനാ തിയേറ്റര്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജേക്കബ് സ്റ്റീഫന്‍,
റാന്നി അങ്ങാടി പഞ്ചായത്ത് മെമ്പര്‍മാരായ ബി. സുരേഷ് കുമാര്‍, അഞ്ജു ജോണ്‍, ആന്‍ഡ്രൂസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ലീല ഗംഗാധരന്‍, പൊതു പ്രവര്‍ത്തകന്‍ നിസാം കുട്ടി, ബ്ലോക് പ്രേരക് ബിന്ദു തുടങ്ങിവര്‍ പങ്കെടുത്തു.

അമിത വില ഈടാക്കിയാല്‍ നടപടി സ്വീകരിക്കും
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍/റെസ്റ്റോറന്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമിത വില ഈടാക്കുന്നത് കുറ്റകരമാണ്. അതിനാല്‍ എല്ലാ ഹോട്ടലുകള്‍/റെസ്റ്റോറന്റുകളിലും പൊതുജനം കാണത്തക്കവിധം വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2222612, 2320509.

തീയതി നീട്ടി
2021-22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം പതിനഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ksb.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍. 0468 2961104.

 

 

error: Content is protected !!