ഞായറാഴ്ച ചിന്ത : പമ്പ വിഷന്‍ ഡോട്ട് കോം ടീം
കടുത്ത വേനലിൽ, അവർ കഴിഞ്ഞിരുന്ന കുളം വറ്റിയപ്പോൾ, രണ്ടു തവളകൾ, വെള്ളമന്വേഷിച്ചിറങ്ങി. ഒരു വീടിനു മുമ്പിലിരുന്ന കലത്തിലേക്കവർ എടുത്തു ചാടി. എന്നാൽ, അതിൽ വെള്ളമായിരുന്നില്ല, തൈരായിരുന്നു!
നീന്തി, പുറത്തു ചാടാൻ അവർ കുറേ നേരം ശ്രമിച്ചെങ്കിലും, കഴിഞ്ഞില്ല. ഒടുവിൽ ഒരു തവള നിരാശനായി പറഞ്ഞു: “എന്തു ചെയ്താലും ഫലമില്ല, ഞാനിതാ വിട്ടിരിക്കുന്നു”. ആ തവള തൈരിൽ മുങ്ങിച്ചത്തു ! രണ്ടാമത്തവൻ തുടർന്നും രക്ഷപെടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു! അതു നീന്തി, നീന്തി, തൈരു പതുക്കെ വെണ്ണയായി. വെണ്ണയുടെ പുറത്തു ചവുട്ടി, ആ തവള പുറത്തേക്കു ചാടി രക്ഷപെട്ടു!
അടിയറവു പറയുക എളുപ്പമാണ് , ഒന്നുകിൽ ഭയം കൊണ്ട് ; അല്ലെങ്കിൽ നിവൃത്തികേടു കൊണ്ട് . രണ്ടായാലും അത് , മനസ്സെടുത്ത തീരുമാനമാണ് ! തോൽക്കുമെന്നു സ്വയം വിശ്വസിച്ചവരാരും, ഇന്നുവരെ ജയിച്ചിട്ടില്ല. തോൽക്കില്ലെന്നു വാശി പിടിച്ചിട്ടുള്ളവരാരും, ഇന്നുവരെ തോറ്റിട്ടുമില്ല! എത്ര പ്രോത്സാഹനം കിട്ടിയാലും, ആത്മവിശ്വാസമില്ലാത്ത ആർക്കും, ഒരു പ്രതിസന്ധിയേയും, തരണം ചെയ്യാനാവില്ല!
നാം അകപ്പെടുന്ന സാഹചര്യങ്ങൾ, അവ അനുകൂലമായാലും, പ്രതികൂലമായാലും, തനതു കഴിവും പ്രയത്നവും പുറത്തെടുത്തേ മതിയാകൂ. ഉടനടി പരിഹാരമുണ്ടാക്കുക എന്നതിനേക്കാൾ എളുപ്പമാണ് , പരിഹാരമുണ്ടാകുന്നതുവരെ, പിടിച്ചു നിൽക്കുക എന്നത് !
ഒരുമിച്ചുള്ള പോരാട്ടങ്ങളും, പിടിച്ചു നിൽപ്പും, താരതമ്യേന ആയാസരഹിതമാണ് . എന്നാൽ, ഒറ്റയ്ക്കുള്ള പ്രതിരോധങ്ങൾക്ക് , കൂടുതൽ വീറും വാശിയും ആവശ്യമാണ് ! കൂടെയുള്ളവരെല്ലാം, കീഴടങ്ങുന്നതും, വിടവാങ്ങുന്നതും കണ്ടൊറ്റപ്പെടുന്ന അവസ്ഥയിൽ, സ്വയം തളരാതെ നിൽക്കുക എന്നതാണ് , അതിജീവനത്തിൻ്റെ ആദ്യ പാഠം!
എന്തുവന്നാലും ഒരുകൈ നോക്കാൻ തീരുമാനിച്ചവർക്കു ബലമായി, ആയിരം കൈകളുയരും. സാഹചര്യം അനുകൂലമല്ലെങ്കിൽ, അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ നാം ശ്രമിക്കണം! ഒരിക്കലു० വിട്ടുകൊടുക്കരുത് !