മഴ തുടരുന്ന പശ്ചാത്തലത്തില്‍ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഡോക്സിസൈക്ലിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പില്‍ താമസിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും ഡോക്സിസൈക്ലിന്‍ കഴിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കരുത്. ജില്ലയിലെ മഴയില്‍ ഒറ്റപ്പെട്ട കോളനികളില്‍ പൊലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും ദുരന്തനിവാരണ വിഭാഗത്തിന്റെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും. ജില്ലയില്‍ നിലവില്‍ നാല്‍പ്പത്തി മൂന്ന് ക്യാമ്പുകളാണുള്ളത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും. എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണ്. ക്യാമ്പുകളിലെ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാന്‍ ക്യാമ്പ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലെ പനി ലക്ഷണമുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടരുത്. ശബരിമല നിറപുത്തരി മഹോത്സവം കഴിഞ്ഞ് നട അടച്ചു.
തീര്‍ത്ഥാടകര്‍ സുരക്ഷിതമായി ദര്‍ശനം നടത്തിയെന്നത് ആശ്വാസകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഡാമുകളിലെ ജലനിരപ്പ് പരമാവധി കുറച്ച് നിര്‍ത്തണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പമ്പയിലേയും കക്കിയിലേയും ജലനിരപ്പ് ഉയരുന്നുണ്ട്. ഒറ്റപ്പെട്ട ആദിവാസി കോളനികളില്‍ ഭക്ഷണം എത്തിക്കണം. ക്യാമ്പുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യത്തേയും നേരിടാന്‍ തക്കവണ്ണം എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിലവില്‍ ആശങ്കാജനകമായ സാഹചര്യം ഇല്ല. കടയ്ക്കാട്, മുടിയൂര്‍ക്കോണം എന്നിവിടങ്ങളിലായി രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. റവന്യു വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നന്നായി എല്ലാകാര്യത്തിലും ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പെട്ടെന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരുവാപ്പുലത്ത് അങ്കണവാടി കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രശ്നബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പര്‍കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണെന്നും ക്യാമ്പുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. അമ്പലപ്പുഴ- തിരുവല്ല റോഡില്‍ നെടുമ്പ്രത്തും പുളിക്കീഴ് ജംഗ്ഷന്‍, കടപ്ര, പെരിങ്ങര കളത്തട്ട് എന്നീ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ക്യാമ്പുകളില്‍ വൈദ്യുതി പോകുന്ന സാഹചര്യമുള്ളതിനാല്‍ അസ്‌ക ലൈറ്റുകള്‍ എത്രയും വേഗം എത്തിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശങ്ങളില്‍ പലവ്യഞ്ജനങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ടൗണിനു സമീപത്തെ താഴ്ന്ന സ്ഥലങ്ങളില്‍ വേഗത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനമുണ്ട്. ജനങ്ങള്‍ വെള്ളം കാണാന്‍ പോകുന്നതും സെല്‍ഫിയെടുക്കാന്‍ പോകുന്നതുമൊക്കെ ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ അടിയന്തരമായി അപകടസൂചനാ സിഗ്‌നലുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് നദികളിലും അപകടനിരപ്പിന് മുകളിലാണ് ജലമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനും ജില്ല സജ്ജമാണ്. പ്രശ്നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.