Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (7/11/2022)

പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം: ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗം

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തില്‍ അഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. അതിദരിദ്ര കുടുംബങ്ങള്‍ക്ക് കാര്‍ഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പോലീസ് ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ നടപ്പാക്കി വരുന്ന സ്വീപ്പ് ഒറ്റപ്പാലം പദ്ധതി തുടരാനും യോഗത്തില്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിന് പുറകില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങള്‍ നടക്കാതിരിക്കാന്‍ പ്രദേശത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എം.എല്‍.എ യോഗത്തില്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

താലൂക്ക് വികസന സമിതിയില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ എല്ലാ മാസവും 15 നകം സമിതി കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ക്ക് നല്‍കാനും കണ്‍വീനര്‍ ചോദ്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും ഉദ്യോഗസ്ഥര്‍ അടുത്ത വികസന സമിതിയില്‍ ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി. എം.ല്‍.എയുടെ അധ്യക്ഷതയില്‍ ഒറ്റപ്പാലം താലൂക്ക് സഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒറ്റപ്പാലം തഹസില്‍ദാര്‍ സി.എം.അബ്ദുല്‍ മജീദ്, ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍, അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വിജയലക്ഷ്മി, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

10 ദിനങ്ങള്‍, 1000 പരിശീലന കേന്ദ്രങ്ങള്‍, വണ്‍ മില്യണ്‍ ഗോളുകള്‍: ക്യാംപെയിന് 11 ന് തുടക്കമാകും

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തോടൊപ്പം പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയിന് നവംബര്‍ 11 ന് തുടക്കമാകും. നവംബര്‍ 11 മുതല്‍ 20 വരെ 10 ദിവസങ്ങളിലായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ക്യാംപെയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കും. 1000 പരിശീലന കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കുന്നത്. പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂര്‍ വീതമാണ് പരിശീലനം. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളില്‍ നിന്നായി ഒരു ലക്ഷം കുട്ടികള്‍ക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍-വിവിധ കായിക വികസന സംഘടനകള്‍-യൂത്ത് ക്ലബ്ബുകള്‍-റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് സന്ദേശം എത്തിക്കുക, ഫുട്‌ബോളില്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നല്‍കുക, മികവ് പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കുക, പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 20 ന് ഖത്തറില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിനു തുടക്കമാകുമ്പോള്‍ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ ആയിരം പരിശീലന കേന്ദ്രങ്ങളില്‍ 1000 ഗോള്‍ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോര്‍ ചെയ്യപ്പെടും. നവംബര്‍ 20 നും 21 നും ക്യാംപെയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേര്‍ന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്യും. 20 ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെയും 21 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയുമാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്യുക. 10 ലക്ഷം ഗോളുകള്‍ നേടിക്കൊണ്ട് വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയിന്റെ ആദ്യഘട്ടം സമാപിക്കും. 1000 സെന്ററുകള്‍ക്കു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കായിക അക്കാദമികള്‍, ക്ലബ്ബുകള്‍, വിദ്യാലയങ്ങള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ അധിക പരിശീലന കേന്ദ്രങ്ങളെ ക്യാംപെയ്‌നില്‍ ഉള്‍പ്പെടുത്തും.

ജില്ലയില്‍ 71 പരിശീലന കേന്ദ്രങ്ങള്‍ സജ്ജമാക്കും

ജില്ലയില്‍ 71 ഓളം പരിശീലന കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. ഓരോ ജില്ലയിലും സന്തോഷ് ട്രോഫി താരങ്ങളാണ് ക്യാംപെയിന്‍ അംബാസിഡര്‍മാരാകുക. ജില്ലയില്‍ സന്തോഷ് ട്രോഫി താരം അബ്ദുല്‍ ഹക്കീമാണ് ക്യാംപെയിന്‍ അംബാസിഡര്‍. അംബാസിഡര്‍മാര്‍ ക്യാപെയിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ആരോഗ്യവും മികച്ച കായിക ക്ഷമതയുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സേ നോ ടൂ ഡ്രഗ്സ് ലഹരി വിരുദ്ധ ക്യാംപെയ്‌നും വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയ്‌നൊപ്പം പരമാവധി പ്രചാരണം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ- കായിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04912505100

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ. പോളിടെക്നിക് കോളെജില്‍ പ്രിന്റിങ് ടെക്നോളജി വിഭാഗത്തില്‍ പ്രസ് സെക്ഷനിലും, പോസ്റ്റ് പ്രസ് ലാബിലും കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 16 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.iptgptc.ac.in ല്‍ ലഭിക്കും. ഫോണ്‍ :0466 222045

 

മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രായോഗിക പരിശീലനം

വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്, അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഴം,പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക മേഖലയിലേക്ക് നവ സംരംഭകരെ പരിചയപ്പെടുത്തി വേറിട്ട ആശയങ്ങളിലൂടെ സംരംഭം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉതകുന്ന പഴം,പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രായോഗിക പരിശീലനം, സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങള്‍, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, സംരംഭകന്റെ അനുഭവം പങ്കിടല്‍ എന്നീ സെഷനുകളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ് ഇന്‍ക്യൂബെറ്റൊറില്‍ നവംബര്‍ 15 മുതല്‍ 19 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം,ജി.എസ്. ടി ഉള്‍പ്പെടെ 1180 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ ഇന്ന് (നവംബര്‍ 8) www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുത്ത 15 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.

 

പി.ആര്‍.ഡിയുടേയും ജില്ലാ രജിസ്‌ട്രേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ഭരണഭാഷാ വാരാഘോഷം സമാപിച്ചു.

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ നടന്ന ഭരണഭാഷാ വാരാഘോഷ പരിപാടികള്‍ സമാപിച്ചു.നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ അശോകന്‍.സി.രാജീവത്തിന്റെ പുസ്തക പരിചയം, ഉദ്യോഗസ്ഥര്‍ക്കായി ഉപന്യാസ മത്സരം, ഉദ്യോഗസ്ഥരുടെകവിതാലാപന മത്സരവും, രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷയുടെ മലയാള തര്‍ജമ ഉള്‍പ്പെട്ട പ്രദര്‍ശനവും നടന്നു.

മത്സര വിജയികള്‍:

ഉപന്യാസ മത്സരം.

ഒന്നാം സ്ഥാനം: ചെര്‍പ്പുളശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസിലെ എം. സുരേഷ്.
രണ്ടാം സ്ഥാനം:പാലക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിലെ സി.സുമേഷ്
മൂന്നാം സ്ഥാനം: പട്ടാമ്പി സബ് രജിസ്ട്രാര്‍ ഓഫീസിലെ എസ്.എല്‍.അനന്തു, പ്രാത്സാഹന സമ്മാനം: പറളി സബ് രജിസ്ട്രാര്‍ ഓഫീസിലെ പി. നീതു എന്നിവര്‍ നേടി.

കവിത പരായണം

ഒന്നാം സ്ഥാനം: അഗളി സബ് രജിസ്ട്രാര്‍ ഓഫീസിലെ അശോകന്‍ രാജീവം
രണ്ടാം സ്ഥാനം: ആലത്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ശ്യാംചന്ദ്രന്‍
മൂന്നാം സ്ഥാനം: പാലക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിലെ സി.സുമേഷ്
പ്രാത്സാഹന സമ്മാനം: തൃത്താല സബ് രജിസ്ട്രാര്‍ ഓഫീസിലെ കെ.എസ്. പ്രവീണ്‍ എന്നിവര്‍ നേടി.ഇവര്‍ക്കുള്ള ട്രാഫികള്‍ നവംബര്‍ 10 ന് സമ്മാനിക്കും.

 

ലഹരി വിരുദ്ധറാലിക്കിടെ പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു

നവംബര്‍ ഒന്നിന് ആലത്തൂരില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിക്കിടെ തീപൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ പാലാരിവട്ടം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനി വാവുളളിയാപുരം തോണിപ്പാടം അഞ്ചങ്ങാടി ബി. രമേഷിന്റെ മകള്‍ ആര്‍. അക്ഷര(ഏഴ്)ക്ക് 1,00,000 രൂപ അനുവദിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തുക അനുവദിക്കാന്‍ തീരുമാനമായത്.

 

കൃഷിയധിഷ്ഠിത വികസന പരിപാടിയിലേക്ക് അപേക്ഷിക്കാം

കൃഷി വകുപ്പ് നടപ്പാക്കുന്ന കൃഷിയധിഷ്ഠിത വികസന പരിപാടിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. 10 സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ വിസ്തൃതിയുള്ള കൃഷിയിടങ്ങളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഫാം പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് കര്‍ഷകന്റെ വരുമാന പരിധി വര്‍ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൃഷി ചെലവ് കുറയ്ക്കുക, ഉത്പാദനം പരമാവധി കൂട്ടുക, കര്‍ഷകരുടെ കൂട്ടായ്മകള്‍ (എഫ്.പി.ഒ) രൂപീകരിച്ച് ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണന സംവിധാനം ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.താത്പര്യമുള്ള കര്‍ഷകര്‍ നവംബര്‍ 10 നകം കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തുകള്‍ തോറും 10 ഫാം പ്ലാന്‍ ആധാരമാക്കി മോഡല്‍ ഫാം തയ്യാറാക്കുകയാണ് ലക്ഷ്യം. ഇവയില്‍ ഒന്നിന്ന് സംയോജിത മാതൃക കൃഷിയിടമായി വികസിപ്പിക്കാന്‍ പരമാവധി 25,000 രൂപയുടെ ആനുകൂല്യം നല്‍കും. മറ്റുള്ള ഒന്‍പത് അപേക്ഷകരുടെ ഫാമുകളില്‍ നടപ്പാക്കേണ്ട കാര്‍ഷിക/കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നടപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി യോജിച്ച് പദ്ധതി നടപ്പാക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

ഓംബുഡ്‌സ്മാന്‍ സിറ്റിങ് ഇന്ന്

പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് ഓംബുഡ്‌സ്മാന്‍ സിറ്റിങ് ഇന്ന് (നവംബര്‍ 8) രാവിലെ 10 ന് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. സിറ്റിങ്ങില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04923 252324.

 

നാറ്റ്പാക് പരിശീലനം 10, 11, 12 തീയതികളില്‍

ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവര്‍മാര്‍ക്കുള്ള ത്രിദിന പരിശീലനം നവംബര്‍ 10, 11, 12 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ചും ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം എന്നിവയാണ് നല്‍കുക. ഫോണ്‍: 0471 -2779200, 9074882080.

 

വായ്പ പദ്ധതികള്‍: ജില്ലാതല ബോധവത്ക്കരണ സെമിനാര്‍ ഇന്ന്

പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) എന്റെ ഗ്രാമം (എസ്.ഇ.ജി.പി) വായ്പ പദ്ധതികളുടെ ജില്ലാതല ബോധവത്ക്കരണ സെമിനാര്‍ ഇന്ന് (നവംബര്‍ എട്ട്) രാവിലെ 11 ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. കേരള ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അധ്യക്ഷനാവും. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍, ലീഡ് ബാങ്ക് മാനേജര്‍ ആര്‍.പി ശ്രീനാഥ്, ഗ്രാമ വ്യവസായം ഡയറക്ടര്‍ കെ.വി ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ സി. പ്രീത, പ്രൊജക്ട് ഓഫീസര്‍ പി.എസ് ശിവദാസന്‍, കെ.വി ശ്രീധരന്‍ എന്നിവര്‍ പങ്കെടുക്കും.

 

മണ്ണ് ലേലം 11 ന്

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം.2 കാര്യാലയത്തിന്റെ കീഴില്‍ ഗവ വിക്ടോറിയ കോളെജ്-കല്‍പ്പാത്തി റോഡിലെ കി.മീ 0/600 മുതല്‍ 1/200 കി.മീ വരെയുള്ള മണ്ണ് കല്‍പ്പാത്തി പുതിയ പാലത്തിനു സമീപം നവംബര്‍ 11 ന് രാവിലെ 11 ന് ലേലം ചെയ്യും. 1500 രൂപയാണ് നിരതദ്രവ്യം.

error: Content is protected !!