കൊല്ലം: പൊതുഗതാഗതം എല്ലാവരിലേക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കൊല്ലം കോര്‍പ്പറേഷന്റെയും കെ.എസ്.ആര്.ടി.സിയുടെയും സംയുക്ത സംരംഭമായ ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കോര്പ്പറേഷന് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുഗതാഗതസൗകര്യം ജനങ്ങളുടെ അവകാശമാണ്. ഗ്രാമവണ്ടിയിലൂടെ ആ അവകാശമാണ് സംരക്ഷിക്കപ്പെടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണമായ സഹകരണത്തോടെ ഗ്രാമങ്ങളില്‍ യാത്രാസൗകര്യം ഒരുക്കുന്നതില്‍ ഗ്രാമവണ്ടി നിര്‍ണായക ഘടകമാകും. പ്രതികൂലസാഹചര്യങ്ങളിലും കെ.എസ്.ആര്.ടി.സി മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. എം.എല്‍.എമാരായ എം.നൗഷാദ്, എം.മുകേഷ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയന്, യു.പവിത്ര, ജി.ഉദയകുമാര്‍, ഹണി, എ. കെ.സവാദ്, എസ്. സവിതാ ദേവി, കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജി.പി. പ്രദീപ്കുമാര്‍, ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ: കൊല്ലം കോര്‍പ്പറേഷന്റെയും കെ.എസ്.ആര്.ടി.സിയുടെയും സംയുക്ത സംരംഭമായ ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കോര്പ്പറേഷന് അങ്കണത്തില്‍ മന്ത്രി ആന്റണി രാജു നിര്‍വഹിക്കുന്നു