പത്തനംതിട്ട: കോയിപ്രം, എഴുമറ്റൂര്‍, ഇരവിപേരൂര്‍, തോട്ടപ്പുഴശേരി, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം കുടിവെള്ള പദ്ധതിക്ക് പുതിയതായി നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള, തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുള, റാന്നി, തിരുവല്ല നിയോജക മണ്ഡലത്തിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, പുറമറ്റം, എഴുമറ്റൂര്‍, കല്ലൂപ്പാറ, കുന്നന്താനം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം. പുതിയതായി കണ്ടെത്തിയ സ്ഥലത്തിന്റെ പ്രായോഗികത രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍ണയിച്ച് നല്കാന് വാട്ടര്‍ അതോറിറ്റി പത്തനംതിട്ട സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പഞ്ചായത്തുകളിലുള്ള ഉപയോഗ ശൂന്യമായ പൊതുടാപ്പുകള്‍ അടിയന്തിരമായി സംയുക്ത പരിശോധന നടത്തി മാര്‍ച്ച് 31 ന് മുന്‍പ് വിച്ഛേദിക്കുവാന്‍ വാട്ടര്‍ അതോററ്റി എഇക്ക് മന്ത്രി നിര്‍ദേശം നല്കി.
വാട്ടര്‍ അതോറിറ്റിയുടെ ഇരവിപേരൂര്‍, പുറമറ്റം പടുതോട് പമ്പ് ഹൗസുകളില്‍ നിലവിലുള്ള ട്രാന്‍സ്ഫോമറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. വേനല്‍ കനക്കുന്നതിന് മുന്‍പ് തന്നെ പമ്പയില്‍ വെള്ളം കുറയുന്നതിനാല്‍ താല്‍ക്കാലിക തടയണ എത്രയും വേഗം നിര്‍മിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കേരള ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഫോട്ടോ: വാട്ടര്‍- ആറന്മുള, റാന്നി, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംസാരിക്കുന്നു.