Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 28/02/2023)

സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. സംരംഭകത്വ വികസന പരിപാടിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയില്‍ വനിതാ വികസന കോര്‍പറേഷന്‍ വായ്പകളും പദ്ധതികളും എന്ന വിഷയത്തില്‍ വനിതാ വികസന കോര്‍പറേഷന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നൗഫല്‍ കല്ലായി ക്ലാസെടുത്തു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളായ രശ്മി ഷാജി, കെ.പി ഫൗസിയ, അമ്പിളി മോഹന്‍ദാസ്, സുമിത ഷഹീര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുഭില, റൂറല്‍ സെല്‍സ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപിക സുലുപ്രിയ, വനിതാ വികസന കോര്‍പറേഷന്‍ മേഖലാ മാനേജര്‍ കെ. ഫൈസല്‍ മുനീര്‍, വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.ഡി വിഷ്ണു എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെമിനാര്‍ സംഘടിപ്പിച്ചു

ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ താരേക്കാട് ഇ.പത്മനാഭന്‍ സ്മാരക മന്ദിരത്തില്‍ ജില്ലാ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സംസ്ഥാന നാടകോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ശേഖരിപുരം ഗ്രന്ഥശാലയ്ക്കുള്ള സമ്മാനദാനവും വായന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു.  പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ജില്ലാ സെക്രട്ടറി പി.എന്‍ മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇ. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.

ഫയര്‍ ഫോഴ്‌സ് ഓഫീസ് പരിധികളിലേക്ക് ആപദ്മിത്ര വളണ്ടിയര്‍ നിയമനം
 

യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ് പരിധികളിലേക്ക് 300 ആപദ്മിത്ര വളണ്ടിയര്‍മാരെ നിയമിക്കുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന് കീഴില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് യുവതി-യുവാക്കളെ സജ്ജമാക്കുകയാണ് സേനാ രൂപീകരണത്തിന്റെ ഉദ്ദേശം. ജില്ലയിലെ പാലക്കാട്,ചിറ്റൂര്‍,കൊല്ലങ്കോട്, കഞ്ചിക്കോട്, ആലത്തൂര്‍, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ പത്ത് നിലയങ്ങളുടെ പരിധിയിലാണ് ആപദ്മിത്ര വളണ്ടിയര്‍മാരെ നിയമിക്കുന്നത്. ലാഭേച്ഛയില്ലാതെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, ജീവനും സ്വത്ത് വകകളും സംരക്ഷിക്കുകയെന്ന ദൗത്യമാണ് വളണ്ടിയേഴ്സിനുള്ളത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് പരിശീലനം നല്‍കും. പരിശീലന സമയത്ത് യാത്രാബത്ത, ദിനബത്ത, ഭക്ഷണം, പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് യൂണിഫോം, ഐ,ഡി കാര്‍ഡ്, സുരക്ഷാ കിറ്റ് എന്നിവ നല്‍കും. 18 നും 40 വയസ്സിനിടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അതത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ നേരിട്ട് അപേക്ഷ നല്‍കണം. മാര്‍ച്ച് ആറ് മുതല്‍ 12 ദിവസമാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട്- 0491-2505701, ചിറ്റൂര്‍-04923-222499, കൊല്ലങ്കോട്-04923-262101, കഞ്ചിക്കോട്-04912-569701, ആലത്തൂര്‍-04922-223150, വടക്കഞ്ചേരി-04922-256101, ഷൊര്‍ണൂര്‍-04966-2222501, 04966-2222701, 8281782101, കോങ്ങാട്-04912-847101, മണ്ണാര്‍ക്കാട്-04924-230101, പട്ടാമ്പി- 04662-955101

സൗജന്യ നീന്തല്‍ പരിശീലനം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്നു. പല്ലശ്ശന നീന്തല്‍ കുളത്തില്‍ മാര്‍ച്ച് രണ്ട് മുതല്‍ ആറ് വരെ രാവിലെ എട്ട് മുതല്‍ 10 വരെയാണ് പരിശീലനം. ആലത്തൂര്‍, നെന്മാറ,  തരൂര്‍ നിയോജക മണ്ഡലങ്ങളിലെ യുവജനങ്ങള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 9446108989, 9446142049 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു

 സോഫ്റ്റ് വെയര്‍ ഡിഫന്‍സ് റേഡിയോ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ കമ്മ്യൂണിക്കേഷന്‍ ലാബിലേക്ക് സോഫ്‌റ്റ്വെയര്‍ ഡിഫന്‍സ് റേഡിയോ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഡി1/ക്വട്ടേഷന്‍ നമ്പര്‍ 20/22-23, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ ലാബിലേക്ക് സോഫ്‌റ്റ്വെയര്‍ ഡിഫന്‍സ് റേഡിയോ എന്ന ഉപകരണം വിതരണം ചെയ്യല്‍ എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, ഗവ എന്‍ജിനീയറിങ് കോളേജ്, മണ്ണംപറ്റ, ശ്രീകൃഷ്ണപുരം, പാലക്കാട്-678633 വിലാസത്തില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. മാര്‍ച്ച് 14 ന് വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 0466-2260350

‘പി.എഫ് നിങ്ങള്‍ക്കരികെ’ പരാതി പരിഹാര ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ് നികത്ത് പി.എഫ് നിങ്ങള്‍ക്കരികെ പരാതി പരിഹാര ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഒറ്റപ്പാലം വ്യാപാര ഭവന്‍ ഹാളില്‍ നടന്ന പരിപാടി സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു. പരാതി പരിഹാര ക്യാമ്പില്‍ 34 പരാതികള്‍ ലഭിക്കുകയും 20 പരാതികള്‍ പരിഹരിക്കും ചെയ്തതായി ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. ക്യാമ്പില്‍ തൊഴിലുടമ തൊഴിലാളികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ എം.എസ് അനന്തരാമന്‍ അധ്യക്ഷനായ പരിപാടിയില്‍ ഇ.പി.എഫ് ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ ശശി ക്ലാസെടുത്തു. ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസര്‍ കെ.ബൈജു, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.ദിനേശന്‍, ബിജു എന്നിവര്‍ സംസാരിച്ചു.

അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ എസ്.ടി വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിനായി ആരംഭിച്ച അപ്പാരല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് 80 പവര്‍ മെഷീന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനിലെ റൂഫ്ടോപ്പില്‍ പ്രത്യേകമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹാളിലാണ് അപ്പാരല്‍ പാര്‍ക്ക് ട്രയല്‍റണ്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ തുണി സഞ്ചികള്‍/ബെഡ്കവര്‍ എന്നിവയാണ് ഓര്‍ഡര്‍ പ്രകാരം തുന്നി നല്‍കുന്നത്. തുടര്‍ന്ന് വിവിധ കമ്പനികളുടെ ഓര്‍ഡര്‍ വര്‍ക്കുകള്‍, എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹോസ്റ്റലുകള്‍/എം.ആര്‍.എസുകളിലേക്ക് ആവശ്യമായ യൂണിഫോം എന്നിവ തുന്നി നല്‍കലാണ് അടുത്ത ഘട്ടങ്ങളിലായി യൂണിറ്റിന് നല്‍കുന്ന പ്രവര്‍ത്തികള്‍.  പ്രത്യേക പരിശീലനം ലഭിച്ച 200 ഓളം വനിതകള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനം കോവിഡ് കാലഘട്ടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നില്ല.

മണപ്പുള്ളിക്കാവ് വേല:  മാര്‍ച്ച് രണ്ടിന് പ്രാദേശിക അവധി

മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് രണ്ടിന് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മരം ലേലം

ചിറ്റൂര്‍ കോളേജ് പരിസരത്തെ മെയിന്‍ റോഡിലെ മൂന്ന് മഴ മരങ്ങളുടെ ശിഖരം, എഴ് മരങ്ങള്‍ മുറിച്ചു മാറ്റി ലേലം ചെയ്യും. മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂര്‍ കോളേജില്‍ ലേലം നടക്കും. ഫോണ്‍ -8078042347

കെമിസ്ട്രി: അസിസ്റ്റന്റ്  പ്രൊഫസര്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം. എം.എസ്.സി കെമിസ്ട്രിയില്‍ നെറ്റ്/പി.എച്ച്.ഡിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും തിരിച്ചറിയല്‍ രേഖയുമായി മാര്‍ച്ച് ആറിന് രാവിലെ 10 നകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍-0466-2260565

റേഷന്‍ വിതരണം മാര്‍ച്ച് നാല് വരെ നീട്ടി

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് നാല് വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടകളുടെ സമയക്രമം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാല് മുതല്‍ രാത്രി എഴ് വരെയുമാണ്.

തെങ്ങ്കയറ്റത്തില്‍ പരിശീലനം

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ യന്ത്രം ഉപയോഗിച്ച് തെങ്ങ്കയറ്റത്തില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ 6282937809, 0466-2912008, 0466-2212279 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

വിരമിച്ചു

ജില്ലാ സൈനികക്ഷേമ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ഒ.കെ ചന്ദ്രന്‍ വിരമിച്ചു. നെന്മാറ അയിനംപാടം സ്വദേശിയാണ്.

error: Content is protected !!