തിരുവല്ല നിയോജകമണ്ഡലം നവകേരളസദസ് സംഘാടകസമിതി രൂപീകരിച്ചു
ജനഹിതമറിയുകയെന്ന ആശയ ആവിഷ്‌കാരം പ്രാവര്‍ത്തികമാക്കുകയാണ് നവകേരളസദസെന്നു അഡ്വ. മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. തിരുവല്ല നിയോജകമണ്ഡലം നവകേരളസദസ് സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു എം എല്‍ എ. നവകേരളനിര്‍മിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചെത്തുന്നുവെന്ന പുതിയ ആശയമാണ് നവകേരള സദസിലൂടെ സാധ്യമാകുന്നത്. വ്യത്യസ്ത മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന വികസന ക്ഷേമ പ്രവര്‍ത്തങ്ങള്‍ ജനങ്ങളിലെത്തിക്കാനും അവരുടെ പ്രതികരണം അറിയുന്നതിനുമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച സര്‍ക്കാര്‍ ജനപക്ഷത്തുനിന്ന് അവയെ അതിജീവിച്ചു. വികസന രംഗത്ത് ദീര്‍ഘകാലമായി മുടങ്ങി കിടന്ന പല പദ്ധതികളും ഏറ്റെടുത്തു വിജയത്തിലെത്തിച്ചു. അനുഭവസ്ഥരുമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പങ്കു വയ്ക്കുന്ന നവകേരളസദസില്‍ വിവിധ മേഖലകളില്‍ പ്രമുഖരായ വ്യക്തികള്‍ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഡിസംബര്‍ 16ന് വൈകിട്ട് ആറിന് നടക്കുന്ന തിരുവല്ല നിയോജകമണ്ഡലം നവകേരള സദസിന്റെ സംഘാടക സമിതി രൂപീകരിച്ചു. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ചെയര്‍മാനും സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ കണ്‍വീനറുമാകും. വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ഭക്ഷണം, സ്റ്റേജ്, മൈക്ക് അനുബന്ധ ഒരുക്കങ്ങള്‍, റിസപ്ഷന്‍, ആരോഗ്യം, വിഐപി, ശുചികരണം, മീഡിയയും പ്രചാരണവും, സാംസ്‌കാരിക പരിപാടി,സാങ്കേതികവശം, ക്രമസമാധാനം എന്നീ വിഭാഗങ്ങളില്‍ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സബ്കമ്മിറ്റിയുടെ യോഗം തിരുവല്ല ഡയറ്റ് ഹാളില്‍ നവംബര്‍ ഒന്നിന് ചേരും. പഞ്ചായത്ത് തല കമ്മിറ്റിയുടെ ചെയര്‍മാന്‍മാരെയും തിരഞ്ഞെടുത്തു. അതാത് വില്ലേജ് ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ. ഷിബു, സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.