തിരുവാഭരണ ഘോഷയാത്രക്ക് മുന്നോടിയായി ജില്ലാ കളക്ടര്‍ എ. ഷിബു പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രവും പന്തളം കൊട്ടാരവും തിരുവാഭരണ മാളികയും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. നിയുക്ത രാജപ്രതിനിധി തൃക്കേട്ട നാള്‍രാജ രാജവര്‍മ്മ, പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍ സുരേഷ് വര്‍മ, ട്രഷറര്‍ ദീപ വര്‍മ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഷിബു പ്രസാദ് തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു. ഘോഷയാത്രയുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളെക്കുറിച്ചും തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളെക്കുറിച്ചും കളക്ടര്‍ ചര്‍ച്ച ചെയ്തു.
ഘോഷയാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ നടന്നു വരികയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തിരക്ക് നിയന്ത്രിച്ച് സുഗമമായ ദര്‍ശനം ഒരുക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
നിലവില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചിട്ടുള്ള തിരുവാഭരണങ്ങള്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം ജനുവരി 13 ന് മൂന്ന് പേടകങ്ങളിലേക്ക് മാറ്റും. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 13ന് ഉച്ചകഴിഞ്ഞ് ഒന്നിന് വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.