Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (14/10/2022)

ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍: മെഗാ ചെസ് ടൂര്‍ണമെന്റ് ഇന്ന്

ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ഫോറം. 6 പി രജിസ്‌ട്രേഷന്റെയും 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ നല്‍കുന്നതിന്റെയും പ്രചാരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് (ഒക്‌ടോബര്‍ 15) മെഗാ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതിന് ഗവ. വിക്‌ടോറിയ കോളെജില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം നിര്‍വഹിക്കും. 17, 18 പ്രായമായവര്‍ക്കും 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പാരിതോഷികം നല്‍കും. പരിപാടിയില്‍ ജില്ലയില്‍ ആധാര്‍ വിവരങ്ങള്‍ നൂറു ശതമാനം പൂര്‍ത്തീകരിച്ച 12 മണ്ഡലങ്ങളിലെ ഡി.എല്‍.ഒമാരെ വൈകിട്ട് 4.45 ന് ജില്ലാ കലക്ടര്‍ ആദരിക്കും.

 

ഭിന്നശേഷി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അപമാനിച്ച സംഭവം: യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

പാലക്കാട് ഗവ. വിക്‌ടോറിയ കോളെജിലെ ഭിന്നശേഷിക്കാരനായ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അധ്യാപകന്‍ അപമാനിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥിക്ക് ഹാജര്‍ കുറവുണ്ടായിരുന്നു. പരീക്ഷ എഴുതുന്നതിന് ആവശ്യമായ ഹാജര്‍ ഉറപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയും അമ്മയുംകൂടി അധ്യാപകനെ കാണാന്‍ എത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഒപ്പിട്ട് നല്‍കാന്‍ അധ്യാപകന്‍ തയ്യാറായില്ല. എന്തിനാണ് തുടര്‍ന്ന് പഠിക്കുന്നതെന്നും മറ്റൊരാളുടെ സഹായത്തിലല്ലേ പരീക്ഷയെല്ലാം ജയിക്കുന്നതെന്നും അധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. ഹാജര്‍ നല്‍കാന്‍ വിസമ്മതിച്ചതിനൊപ്പം വിദ്യാര്‍ഥിയെ അപമാനിക്കുകയും ചെയ്തു. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോടും കോളെജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മിഷന്‍ ആവശ്യപ്പെട്ടു.

 

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം: യോഗം ഒക്‌ടോബര്‍ 18 ന്

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആദ്യവാരം കല്‍പ്പാത്തി ദേശീയ സംഗീതോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 18 ന് വൈകിട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

 

റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ ഒന്ന് മുതല്‍

ഇന്ത്യന്‍ ആര്‍മിയിലേക്ക് ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് സെന്റര്‍ മുഖേന യൂണിറ്റ് ഹെഡ് ക്വാര്‍ട്ടര്‍ ക്വാട്ട റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ ലക്‌നൗ റായിബറേലി റോഡിലെ എ.എം.സി സ്‌റ്റേഡിയത്തില്‍ നടത്തുമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

ഔദ്യോഗിക ഭാഷ ജില്ലാ ഏകോപന സമിതി യോഗം നവംബര്‍ 10 ന്

ഒക്‌ടോബര്‍ 10 ന് രാവിലെ 11ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലയിലെ വിവിധ വകുപ്പുകളുടെ ഔദ്യോഗിക ഭാഷ ജില്ലാ ഏകോപന സമിതി യോഗം നവംബര്‍ 10 ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പറഞ്ഞു.

 

ദര്‍ഘാസ് ക്ഷണിച്ചു

മലമ്പുഴ ദേശീയ മത്സ്യവിത്തുത്പാദന കേന്ദ്രത്തില്‍ മത്സ്യങ്ങളുടെ പരിപാലനത്തിന് ആവശ്യമായ 0.5 എം.എം. (ഫ്‌ളോറ്റിങ് പെല്ലറ്റ് ഫീഡ്), 0.8 എം.എം (ഫ്‌ളോറ്റിങ് പെല്ലറ്റ് ഫീഡ്), 4 എം.എം (ഫ്‌ളോറ്റിങ് പെല്ലറ്റ് ഫീഡ്) മത്സ്യത്തീറ്റ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ഒക്‌ടോബര്‍ 17 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും.

 

യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പിലേക്ക് 18നും 40നും മധ്യേ പ്രായമുള്ള യുവസാഹിത്യകാര്‍, യുവ എഴുത്തുകാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യുവസാഹിത്യകാര്‍ സ്വന്തം സൃഷ്ടികളും യുവ എഴുത്തുകാര്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. യുവസാഹിത്യകാര്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, തിരുവനന്തപുരത്തും യുവ എഴുത്തുകാര്‍ പാലക്കാട് ജില്ലായുവജന കേന്ദ്രത്തിലും ഒക്‌ടോബര്‍ 16 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.ksywb.kerala.gov.in ലും 04912505190 ലും ലഭിക്കും.

 

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി പൂന്തോട്ടമൊരുക്കുന്നു

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പാലക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ശുചീകരണം നടത്തിയ ശേഷം പൂന്തോട്ടമൊരുക്കുന്നു. 200 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പൂന്തോട്ടം ഒരുക്കുന്നത്. ഇന്ന് (ഒക്ടോബര്‍ 15) രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ചെടി നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യും.’ നിറഞ്ഞു വിരിയുന്ന പൂക്കള്‍ കണ്ണിനിമ്പമാണ്….ആനന്ദമാണ്’ എന്നെഴുതിയ ബോര്‍ഡും സജ്ജീകരിക്കുന്ന പൂന്തോട്ടത്തില്‍ സ്ഥാപിക്കും.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനാവും. യുജീനിയ, സൈപ്രസ്, കുറ്റിറോസ്, ക്ലൈമ്പിങ് റോസ്, കുറ്റിമുല്ല എന്നിങ്ങനെ വിവിധതരത്തിലുള്ള പൂച്ചെടികളാവും വെച്ച് പിടിപ്പിക്കുക. പൂന്തോട്ടത്തിന്റെ പരിപാലനം ഉറപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, പിരായിരി പഞ്ചായത്ത് അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

സുസ്ഥിര തൃത്താല- പദ്ധതിരേഖ പ്രകാശനവും വെബ്‌പോര്‍ട്ടല്‍ പരിചയപ്പെടുത്തലും ഒക്ടോബര്‍ 22ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും

തൃത്താല നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന ‘സുസ്ഥിര തൃത്താല’- ജനകീയ വികസന പദ്ധതിയുടെ പദ്ധതിരേഖ പ്രകാശനവും വെബ്‌പോര്‍ട്ടല്‍ പരിചയപ്പെടുത്തലും ഒക്‌ടോബര്‍ 22 ന് രാവിലെ 10.30ന് തൃത്താല കെ.എം.കെ ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ മുഖ്യാതിഥികളാവും. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നവകേരളം കര്‍മ്മ പദ്ധതിയുമായി സഹകരിച്ചാണ് സുസ്ഥിര തൃത്താല പദ്ധതി രേഖ പ്രകാശനവും വെബ്‌പോര്‍ട്ടല്‍ പരിചയപ്പെടുത്തലും നടത്തുന്നത്.

മണ്ണ്, ജലം, കൃഷി, ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തൃത്താല മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര തൃത്താല. ഭൂഗര്‍ഭ ജലവിധാനം സെമി ക്രിട്ടിക്കല്‍ അവസ്ഥയിലുള്ള മണ്ഡലത്തിലെ ജലസ്രോതസുകളെ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, മണ്ഡലത്തിലെ തരിശുരഹിതവും-മാലിന്യമുക്തവുമാക്കി മാറ്റുക, ടൂറിസം വികസനം തുടങ്ങിയ സമഗ്രവികസനമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമ്പത് സബ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ചര്‍ച്ചകളും ശില്‍പശാലകളും നടത്തിയാണ് പദ്ധതിരേഖ തയ്യാറാക്കിയത്.

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രാഥമിക വിവരശേഖരണത്തിലൂടെയും ഉപഗ്രഹ ചിത്രങ്ങളുടെ അപഗ്രഥനത്തിലൂടെയുമാണ് നിലവിലുള്ള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച് സമഗ്രമായ വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. നിയോജകമണ്ഡലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പോര്‍ട്ടലാണ് www.thrithalalac.com. മണ്ഡലത്തിലെ സ്ഥലപരമായ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, അതിര്‍ത്തികള്‍, പ്രകൃതി വിഭവങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആവശ്യ സേവനകേന്ദ്രങ്ങള്‍, ഉള്‍പ്പെടെ മണ്ഡലത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ അറിയുന്ന തരത്തിലാണ് വെബ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ആശയവിനിമയ ശില്‍പശാലയും നടത്തും.

പരിപാടിയില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ പദ്ധതിരേഖ ഏറ്റുവാങ്ങും. പരിപാടിയോടനുബന്ധിച്ച് നടത്തുന്ന ടെക്‌നിക്കല്‍ സെഷനില്‍ ഭൂവിനിയോഗ ബോര്‍ഡ് കൃഷി ഓഫീസര്‍ എസ്. സിമി പദ്ധതി രേഖ അവതരിപ്പിക്കും. ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍ ‘അറിയാം തൃത്താല -വിഭവ വിവര വെബ്‌പോര്‍ട്ടല്‍’- വിഷയാവതരണവും ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് മാലിന്യ മുക്ത തൃത്താല -വിഷയാവതരണവും നടത്തും. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, നവകേരളം പദ്ധതി ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ഭൂവിനിയോഗ ബോര്‍ഡ് സോയില്‍ സയന്‍സ് സ്‌പെഷലിസ്റ്റ് പി. അരുണ്‍ജിത്ത് എന്നിവര്‍ പങ്കെടുക്കും

 

ഇ-ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍, ജീപ്പ്) ലഭ്യമാക്കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. http://www.etender.kerala.gov.in വഴി ദര്‍ഘാസ് സമര്‍പ്പിക്കണം. വാഹനത്തിന് ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്. ടാക്‌സി പെര്‍മിറ്റ്, ആര്‍.സി ബുക്ക് ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കണം. പ്രതിമാസം 1500കി.മി യാത്രയ്ക്ക് പരമാവധി 30,000 രൂപയാണ് അനുവദിക്കുക. അടങ്കല്‍ തുക 3,60,000 രൂപ. അവസാന തീയതി ഒക്‌ടോബര്‍ 29 വൈകീട്ട് അഞ്ചു വരെ ഓണ്‍ലൈന്‍ ദര്‍ഘാസ് സ്വീകരിക്കും. നവംബര്‍ ഒന്ന് ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ്‌സ് സെക്ഷന്‍ നം. 2 പാലക്കാട് കാര്യാലയത്തിന്റെ പരിധിയിലുള്ള എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളെജ് റോഡ് കി.മീ 0/000 മുതല്‍ 1/300 വരെയും പത്തിരിപ്പാല-കോങ്ങാട് റോഡ് കി.മീ 0/100 മുതല്‍ 10/960 വരെയും പാലക്കാട്-പൊള്ളാച്ചി കി.മീ 5/000 മുതല്‍ 17/000 വരെയുമുള്ള റോഡുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും 2022 നവംബര്‍ ഒന്നു മുതല്‍ 2023 ഒക്‌ടോബര്‍ 31 വരെ ഒരു വര്‍ഷത്തേയ്ക്ക് കായ്ഫലങ്ങള്‍ എടുക്കുന്നതിനുള്ള അവകാശത്തിനായി ലേലം നടത്തുന്നു. ഒക്‌ടോബര്‍ 18 ന് രാവിലെ 11ന് പാലക്കാട് കാര്യാലയത്തിലാണ് ലേലം. 1000 രൂപയാണ് നിരതദ്രവ്യം. ഒക്‌ടോബര്‍ 17ന് വൈകീട്ട് നാലു വരെ ക്വട്ടേഷന്‍ നേരിട്ട് സ്വീകരിക്കും.

 

അപ്രന്റീസ് നിയമനം

പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജില്‍ 2022-23 വര്‍ഷത്തേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 21 ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

അസാപ് കേരള- കാനറാബാങ്ക് ലോണ്‍മേള

കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന കമ്പനിയായ അസാപ് കേരളയും കാനറബാങ്കും ചേര്‍ന്ന് ഇന്ന് (ഒക്‌ടോബര്‍ 15) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നൈപുണ്യ വായ്പാ മേള സംഘടിപ്പിക്കുന്നു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ ഉദ്ഘാടനം ചെയ്യും. അസാപ് കേരള നടത്തുന്ന വിവിധ നൈപുണ്യ കോഴ്‌സുകളില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും തങ്ങളുടെ ഇഷ്ട തൊഴില്‍ മേഖലയില്‍ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 മുതല്‍ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും.

 

ജില്ലാതല കമ്മിറ്റി യോഗം സമയം മാറ്റി

ഒക്‌ടോബര്‍ 17 ന് രാവിലെ 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനത്തിനു വേണ്ടിയുളള ജില്ലാതല കമ്മിറ്റി യോഗം അന്ന് രാവിലെ 11.30 ന് നടക്കുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.

 

അതിഥിതൊഴിലാളികള്‍ക്കിടയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍: ജില്ലാതല ഉദ്ഘാടനം ഇന്ന്

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയുന്നതിനായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 15) രാവിലെ 10 ന് ഷാഫി പറമ്പില്‍ എം.എല്‍.എ. നിര്‍വഹിക്കും. മഞ്ഞക്കുളം റോഡിലുള്ള വ്യാപാരി ഭവനില്‍ നടക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

error: Content is protected !!