Input your search keywords and press Enter.

ഫുട്ബോള്‍ ആവേശവും ലഹരിയും മയക്കുമരുന്നിനെ വഴിതിരിച്ചുവിടും: മന്ത്രി എം.ബി രാജേഷ്

ഫോട്ടോ: തൃത്താല പെരിങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന സോക്കര്‍ കാര്‍ണിവലും സൗഹാര്‍ദ്ദ ഫുട്ബോള്‍ മത്സരവും സമൂഹ ചിത്രരചനയും ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി രാജേഷ് സംസാരിക്കുന്നു.

പാലക്കാട്: ഫുട്ബോള്‍ സൃഷ്ടിക്കുന്ന ആവേശവും ലഹരിയും മയക്കുമരുന്നിനെ വഴിതിരിച്ചുവിടുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി ‘ഫുട്ബോളാണ് ലഹരി’ എന്ന പേരില്‍ തൃത്താല എം.എല്‍.എ കൂടിയായ മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല പെരിങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന സോക്കര്‍ കാര്‍ണിവലും സൗഹാര്‍ദ ഫുട്ബോള്‍ മത്സരവും സമൂഹ ചിത്രരചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഖത്തര്‍ ലോകകപ്പില്‍ വീഴുന്നതിനേക്കാള്‍ ഗോളുകള്‍ മയക്കുമരുന്നിനെതിരെ തൃത്താലയില്‍ വീഴണമെന്നും മന്ത്രി പറഞ്ഞു. ഐ.എം വിജയന്‍, ജോണ്‍പോള്‍ അഞ്ചേരി തുടങ്ങി കേരളത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളെല്ലാം തൃത്താലയിലെ സോക്കര്‍ കാര്‍ണിവലിനെത്തും. സോക്കര്‍ കാര്‍ണിവല്‍ കേരളം ഏറ്റെടുക്കും. ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നതില്‍ വിരോധമില്ല എന്നാല്‍ ഇവ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചാവരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ലഹരി വിമുക്ത മാലിന്യമുക്ത പരിസ്ഥിതി സൗഹൃദ ലോകകപ്പ് ആവണം ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 20 വരെ തൃത്താല അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് സോക്കര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി പെനാല്‍ട്ടി ഷൂട്ടൗട്ട് യാത്ര, സൗഹാര്‍ദ ഫുട്ബോള്‍ മത്സരങ്ങള്‍, സ്ട്രീറ്റ് ഫുട്ബോള്‍, ഓപ്പണ്‍ ഫോറം, വനിതകളുടെയും ഭിന്നശേഷി വിദ്യാര്‍ഥികളുടെയും ഫുട്ബോള്‍ മത്സരം, ഫിലിം ഫെസ്റ്റിവല്‍, നാടകം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കായിക സാംസ്‌കാരികോത്സവമാണ് 14 ദിവസങ്ങളിലായി നടക്കുന്നത്.

പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റെജീന അധ്യക്ഷയായി. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പെരിങ്ങോട് ഹൈസ്‌കൂള്‍ പ്രധാനധ്യാപിക ശ്രീകല, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സതീഷ്, പോലീസ് -എക്സൈസ് ഉദ്യോഗസ്ഥര്‍, പി.ടി.എ – എം.പി.ടി.എ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!