Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (9/1/2023)

ശില്‍പശാല സംഘടിപ്പിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.എന്‍.എ.സി, എല്‍.എല്‍.സി പാലക്കാട് സംയുക്തമായി ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ.ഡി.എം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പവിത്രന്‍ തൈക്കണ്ടി അധ്യക്ഷനായി. നാഷണല്‍ ട്രസ്റ്റ് ആക്ട്, എന്‍.ജി.ഒ രജിസ്ട്രേഷന്‍ എന്നിവയെക്കുറിച്ച് എസ്.എന്‍.എ.സി ചെയര്‍മാന്‍ ഡി. ജേക്കബ് ക്ലാസെടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷെരീഫ് ഷൂജ, എല്‍.എല്‍.സി കണ്‍വീനര്‍ എം.എന്‍ ഗോവിന്ദ്, നാഷണല്‍ ട്രസ്റ്റ് സ്റ്റേറ്റ് സ്പെഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പുതിയേടത്ത്, കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

മരം ലേലം 12 ന്

ചിറ്റൂര്‍ കോളെജിലെ പുഴപ്പാലത്തിനും മെയിന്‍ ഗേറ്റിനും ഇടയില്‍ മെയിന്‍ റോഡിലേക്ക് ഭീഷണിയായി നില്‍ക്കുന്ന മൂന്ന് മഴമരത്തിന്റെ ശിഖരങ്ങളും ബാക്കി ഏഴ് മരങ്ങളും മുറിച്ച് മാറ്റുന്നതിന് ചിറ്റൂര്‍ കോളെജില്‍ ജനുവരി 12 ന് ഉച്ചയ്ക്ക് രണ്ടിന് ലേലം നടക്കും. ഫോണ്‍: 8078042347.

 

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ജോബ് സ്‌കൂള്‍-പി.എസ്.സി കോച്ചിങ് പദ്ധതി പ്രകാരം സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പ്രദേശത്ത് സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ് ടു പാസായിരിക്കണം. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി 16 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383.

 

ഓംബുഡ്‌സ്മാന്‍ സിറ്റിങ് 12 ന്

മങ്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജനുവരി 12 ന് ഉച്ചയ്ക്ക് രണ്ടിന് മങ്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ ഓംബുഡ്‌സ്മാന്‍ സിറ്റിങ് നടക്കും. പദ്ധതി സംബന്ധിച്ച് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നേരിട്ട് പരാതികള്‍ നല്‍കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2872320.

 

ഐ.എച്ച്.ആര്‍.ഡി കോഴ്സ് പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടര്‍ അറിയിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് (എ.ഡി.ബി.എം.ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.സി.എന്‍.എ) എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0471 2322985, 0471 2322501, 0471 2322035.

 

രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി 31 മുതല്‍ 2022 ഒക്‌ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 31 വരെ രജിസ്ട്രേഷന്‍ പുതുക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.

 

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മലമ്പുഴ വനിതാ ഐ.ടി.ഐയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. സ്റ്റിച്ചിങ് ആന്‍ഡ് എംബ്രോയിഡറി, ത്രീഡി വിഷ്വലൈസേഷന്‍ കോഴ്‌സ്, ടാലി ഇ.ആര്‍.പി 9, എം.എസ് ഓഫീസ്, വെബ് ഡിസൈനിങ്, കോറല്‍ ഡ്രോ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. സ്റ്റിച്ചിങ് ആന്‍ഡ് എംബ്രോയിഡറിക്ക് എട്ടാം ക്ലാസ് ആണ് യോഗ്യത. കാലാവധി മൂന്ന് മാസം. ത്രീഡി വിഷ്വലൈസേഷന്‍ കോഴ്‌സിന് പ്ലസ് ടു, ഐ.ടി.ഐ/എന്‍ജിനീയറിങ് ബ്രാഞ്ചിലുള്ള ഡിപ്ലോമ ആണ് യോഗ്യത. കാലാവധി 100 മണിക്കൂര്‍. ടാലി ഇ.ആര്‍.പി 9, എം.എസ് ഓഫീസ്, വെബ് ഡിസൈനിങ്, കോറല്‍ ഡ്രോ എന്നീ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി ആണ് യോഗ്യത. കാലാവധി ഒരു മാസം. ജനുവരി 18 ന് വൈകിട്ട് നാല് വരെ അപേക്ഷകള്‍ നല്‍കാം. താത്പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ടോ 8089521397 ലോ ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് മേള തുടങ്ങി

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് മേള വെസ്റ്റ് ഫോര്‍ട്ട് റോഡിലുള്ള ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ആരംഭിച്ചു. മേളയില്‍ ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 60 ശതമാനം വരെ വിലക്കുറവ് ലഭിക്കും. മേളയോടനുബന്ധിച്ച് ഖാദി കോട്ടണ്‍, സില്‍ക്ക് സാരികള്‍, ഷര്‍ട്ടിങ്, ബെഡ്ഷീറ്റുകള്‍, മുണ്ട്, റെഡിമെയ്ഡ് കോട്ടണ്‍ ആന്‍ഡ് സില്‍ക്ക് ഷര്‍ട്ട്, ഖാദി മാറ്റ് എന്നിവ വില്‍പനയ്ക്കുണ്ടെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

 

സാംക്രമിക രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം 11 ന്

ജില്ലയില്‍ ജനുവരിയില്‍ നടത്തുന്ന ദേശീയ വിരവിമുക്തി ദിനം (ജനുവരി 17, മോപ് അപ് -24 ന്) ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍ അശ്വമേധം 5.0 (ജനുവരി 16 മുതല്‍ 29 വരെ) എന്നീ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും മറ്റ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി വിവിധ വകുപ്പുകളുടെ സംയോജിത യോഗം ജനുവരി 11 ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ പരിശീലനം

സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്‍ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം നല്‍കുന്നു. തൊഴില്‍രഹിതരായ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ (ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്/ ഡീസല്‍ മെക്കാനിക്/ മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി/ മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോ മെഷിനറി/ഫാം പവര്‍ എന്‍ജിനീയറിങ്/ മെക്കാനിക്ക് ട്രാക്ടര്‍) ട്രേഡുകളില്‍ കോഴ്‌സ് പാസായവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം. പ്രായപരിധി 18 നും 35 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 11 ന് വൈകിട്ട് അഞ്ചിനകം [email protected] ല്‍ അപേക്ഷിക്കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും 8281200673 ല്‍ വാട്ട്‌സ്ആപ്പിലൂടെയോ ഇ-മെയില്‍ മുഖേനയോ ലഭിക്കുമെന്ന് കെ.കെ.എസ് ആന്‍ഡ് എ.എസ്.സി സ്‌പെഷ്യല്‍ ഓഫീസറും കെ.എസ്.എ.എം.എം സി.ഇ.ഒയുമായ ഡോ. യു. ജയ്കുമാര്‍ അറിയിച്ചു. ഫോണ്‍: 8281200673.

 

സ്റ്റേറ്റ് കാര്യേജ് വാഹനങ്ങളുടെ പെര്‍മിറ്റ്, സമയവിവരപട്ടിക പ്രസിദ്ധീകരിച്ചു

മോട്ടോര്‍ വാഹന വകുപ്പ് റൂട്ട് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ വരുന്ന എല്ലാ സംസ്ഥാന വാഹനങ്ങളുടെയും പെര്‍മിറ്റ്, സമയവിവരപ്പട്ടിക എന്നിവ ഡിജിറ്റലൈസ് ചെയ്ത് കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു. പരിശോധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിച്ചു നല്‍കുന്നതിനും ഇല്ലെങ്കില്‍ ഡിജിറ്റലൈസ് ചെയ്ത സമയവിവരപ്പട്ടിക ലഭിക്കുന്നതിന് 15 ദിവസത്തിനകം ഓഫീസില്‍ രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണമെന്നും ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു.

error: Content is protected !!