ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം; വാഹനം പിടിച്ചെടുത്തു
കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് നോട്ടിസ് നൽകി
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധു വരന്മാർ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്.
അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറൻ മുഴക്കി വധു വരന്മാർ യാത്ര ചെയ്തത്. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒയും അറിയിച്ചിരുന്നു.