ജനങ്ങൾക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ തയ്യാറാകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ
PAMBAVISION.COM : ഗവ.മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എയും ജില്ലാ കളക്ടറും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ അവലോകന യോഗവും ചേർന്നു.
ഓപ്പറേഷൻ തീയറ്ററിനൊപ്പം ഡോക്ടർമാർക്കും, നേഴ്സുമാർക്കുമുള്ള ഡ്യൂട്ടിമുറികൾ, സ്റ്റോർ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും തയ്യാറാക്കി കഴിഞ്ഞു. വെൻ്റിലേറ്റർ സൗകര്യത്തോടെയുള്ള ഐ.സി.യു, പ്രീ ഓപ്പറേറ്റീവ് വാർഡ് ,പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവ സജ്ജമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തോടൊപ്പം ഇവയെല്ലാം സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
ആശുപത്രി വികസന സൊസൈറ്റിയുടെ പ്രഥമ ജനറൽ ബോഡി യോഗവും അന്നേ ദിവസം ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.നിയമസഭയിൽ പ്രാധിനിത്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ എച്ച്.ഡി.എസിൻ്റെ ഭാഗമാണ്.എച്ച്.ഡി.എസ് യാഥാർത്ഥ്യമാകുന്നതോടെ മെഡിക്കൽ കോളേജ് വികസനത്തിന് കൂടുതൽ വേഗത കൈവരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കോവിഡ് മൂന്നാം തരംഗ സാധ്യത മുൻനിർത്തി മെഡിക്കൽ കോളേജിനെ സജ്ജമാക്കണമെന്ന് എം.എൽ.എ നിർദ്ദേശം നല്കി.ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തണം. ഓക്സിജൻ പ്ലാൻ്റ് പ്രവർത്തനം ആരംഭിക്കാൻ ചേഞ്ച് ഓവർ പ്ലാൻ്റ്, 15 ഓക്സിജൻ പോർട്ടുകൾ തുടങ്ങിയവ കൂടി ആവശ്യമുണ്ടെന്ന് സൂപ്രണ്ട് യോഗത്തെ അറിയിച്ചു.ഇതിനായി 3.5 ലക്ഷം രൂപ ആവശ്യമുണ്ട്.
അടിയന്തിര സാഹചര്യം മുൻനിർത്തി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.
കോവിഡ് സാഹചര്യം നേരിടാൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം ആവശ്യമായ സഹായം നല്കും.ഫെഡറൽ ബാങ്ക് മെഡിക്കൽ കോളേജിനു നല്കുന്ന 10 ലക്ഷം രൂപയുടെ ഉപകരണങ്ങളും അന്നേ ദിവസം മന്ത്രി ഏറ്റുവാങ്ങും.
ഓപ്പറേഷൻ തീയറ്റർ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ ചികിത്സാ സൗകര്യം ജനങ്ങൾക്ക് ലഭ്യമാകുമെന്ന് എം.എൽ.എ പറഞ്ഞു. ഇനിയും 6 തീയറ്ററുകൾ കൂടി സജ്ജമാക്കേണ്ടതുണ്ട്. കിഫ്ബിയിൽ നിന്നും 19.64 കോടി രൂപ ഉപകരണങ്ങൾക്ക് ലഭ്യമാകുന്നതോടെ മെഡിക്കൽ കോളേജ് മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി മാറുമെന്നും എം.എൽ.എ പറഞ്ഞു.ഓപ്പറേഷൻ തീയറ്ററും, അനുബന്ധ സൗകര്യങ്ങളും എം.എൽ എ യും ജില്ലാ കളക്ടറും സന്ദർശിച്ചു.
യോഗത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യർ, പ്രിൻസിപ്പാൾ ഡോ: മിന്നി മേരി മാമ്മൻ, സൂപ്രണ്ട് ഡോ: പി.വി.രാജേന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: എ.ഷാജി,ശിശുരോഗ വിഭാഗം മേധാവി ഡോ:ദേവകുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ: എസ്.ശ്രീലത, മെഡിസിൻ വിഭാഗം മേധാവി ഡോ: ആർ.എൻ.കെ ശങ്കർ, ഡോ: ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.