ഗൗതം അദാനിയുടെ വിസ്മയ ജീവിതം
അഞ്ച് ലക്ഷം രൂപ മൂലധനത്തിൽ നിന്നും വ്യവസായം ആരംഭിച്ച് അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയിൽ എത്തി നിൽക്കുന്ന ഗുജറാത്തിൽ നിന്നുള്ള വ്യവസായി.. അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് കമ്പനിയുടെ ഉടമസ്ഥനും ചെയർമാനുമായ ഗൗതം അദാനി ശാന്തിലാൽ..ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ശതകോടീശ്വരനും ഇന്ത്യൻ വ്യാപാരിയുമായ ഗൗതം അദാനി. ലോകത്തിലെ 12-ാംമത്തെ സമ്പന്നനായ വ്യക്തി.. തന്നെ കോടീശ്വരനാക്കിയ ‘അദാനി ഗ്രൂപ്പ്’ 1988ലാണ് ഗൗതം അദാനി രൂപീകരിക്കുന്നത്. കാർഷികം, പ്രതിരോധം, ലോജിസ്റ്റിക്സ്, ഊർജ്ജം, എയ്റോസ്പേസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ബിസിനസ് മേഖലകളിൽ വ്യാപൃതമായി കിടക്കുകയാണ് ഇന്ന് അദാനി ഗ്രൂപ്പ്.
1962 ജൂൺ 24ന് അഹമ്മദാബാദിലെ ഒരു ജൈനകുടുംബത്തിലാണ് ഗൗതം അദാനി ജനിക്കുന്നത്. ശാന്തിലാൽ അദാനിയുടെയും ശാന്ത അദാനിയുടെയും എട്ട് മക്കളിൽ ഒരാൾ. ഒരു വസ്ത്രവ്യാപാരിയായിരുന്നു പിതാവിന്റെ മകൻ പഠനകാലയളവിൽ കൊമേഴ്സിൽ ബിദുദമെടുക്കാൻ ശ്രമം നടത്തിയെങ്കിലും തന്റെ താൽപര്യങ്ങൾ അക്കാദമിക് കാര്യങ്ങളിൽ അല്ലെന്ന് തിരിച്ചറിയുകയാണുണ്ടായത്. പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് ഗൗതം അദാനി മുംബൈയിലേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ മഹേന്ദ്ര ബ്രദേഴ്സിന് വേണ്ടി വജ്രങ്ങൾ വേർതിരിക്കുന്ന ജോലി ചെയ്യാൻ 1978ൽ തന്റെ 18-ാംവയസിൽ അദാനി മുംബൈയ്ക്ക് പോയി. അവിടെ 2-3 വർഷം തൊഴിലെടുത്ത അദാനിക്ക് വജ്രവ്യാപാരത്തിൽ താൽപര്യമുണ്ടായതോടെ സാവേരി ബസാറിൽ സ്വന്തമായി വ്യവസായം തുടങ്ങി.
കച്ചവടം ചെയ്യാനുള്ള തന്റെ കുശാഗ്ര ബുദ്ധി ഗൗതം അദാനിക്ക് ജന്മസിദ്ധമായിരുന്നുവേണം കരുതാൻ. ബിസിനസ് ട്രിക്കുകൾ ഉപയോഗപ്പെടുത്താനും ലാഭം കൊയ്യാനുമുള്ള അദാനിയുടെ വൈഭവം തന്റെ 20-ാം വയസ് മുതൽക്കെ പ്രകടമായിരുന്നു. സ്വന്തമായി വ്യവസായം ആരംഭിച്ച് ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ അദാനി ലക്ഷപ്രഭുവാകുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ഇതിനിടെ തങ്ങളുടെ അനുജൻ മികച്ച രീതിയിൽ വ്യാപാരം നടത്തുന്നുവെന്ന് മനസിലാക്കിയ ജ്യേഷ്ഠൻ മൻസൂഖ് ഭായ് അദാനി ഗൗതമിനെ മുംബൈയിൽ നിന്ന് തിരിച്ചുവിളിക്കുകയും മൻസൂഖിന്റെ പ്ലാസ്റ്റിക് ഫാക്ടറി നടത്തുന്നതിനുള്ള ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഗൗതം അദാനി ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച വ്യാപാരികളിൽ ഒരാളാകാൻ കാരണമായതും ഈ വഴിത്തിരിവാണ്.