Input your search keywords and press Enter.

സമ്പന്നര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ആസ്വദിക്കാം മാലിദ്വീപ്

 

മാലിദ്വീപ് അഥവ മാല്‍ഡൈവ്‌സ്. ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വിരളമായിരിക്കും. മാലിദ്വീപിലേക്ക് എത്താന്‍ ആഗ്രഹിക്കുമ്പോഴും നിങ്ങളില്‍ പലരെയും പുറകോട്ട് വലിക്കുന്നത് ഒരു പക്ഷേ അവിടുത്തെ ചിലവുകളെക്കുറിച്ചുള്ള വ്യാകുലതകളായിരിക്കാം. തൊട്ടാല്‍ പണം പൊട്ടുന്ന ഇടമാണ് ഈ മനോഹര ദ്വീപ് രാജ്യമെന്ന് പറയുമ്പോഴും മാലിദ്വീപിലെ ഓരോ കൗതുകളെയും അറിഞ്ഞ് തിരഞ്ഞെടുത്താല്‍ അവിടെയും കുറഞ്ഞ ബജറ്റില്‍ ആഘോഷിക്കാം..

അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമ ഭൂമിയായ മാലിദ്വീപിലേക്ക് പോകാന്‍ സങ്കീര്‍ണമായ വിസ നടപടികള്‍ ആവശ്യമില്ലെന്നതാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന വസ്തുത. അതുകൊണ്ട് തന്നെ ഇന്ത്യന്‍ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇവിടെയെത്തിച്ചേരാന്‍ പ്രയാസമില്ല. ബാച്ചിലേഴ്‌സിനെയും ദമ്പതിമാരെയും മാത്രമല്ല, കുടുംബമായെത്തുന്നവരെയും കുട്ടികളെയുമെല്ലാം ഇവിടുത്തെ കാഴ്ചകള്‍ വരവേല്‍ക്കുന്നതാണ്.

വിനോദസഞ്ചാരമാണ് ഈ ദ്വീപ് രാജ്യത്തിലെ പ്രധാന വരുമാന മാര്‍ഗമെന്നിരിക്കെ അതിമനോഹരമായ ധാരാളം കാഴ്ചകളും സൗകര്യങ്ങളുമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. അവയില്‍ വളരെ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബര സൗകര്യങ്ങള്‍ അടങ്ങുന്ന മുന്തിയ റിസോര്‍ട്ടുകളുമുണ്ട്. കയ്യിലുള്ള പണത്തിനനുസരിച്ച് താല്‍പര്യം പോലെ അവ തെരെഞ്ഞെടുക്കാം. പണച്ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങള്‍ കണ്ടെത്തുന്നത് പോലെ തന്നെ ചെലവ് കുറയ്‌ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് യാത്രയ്‌ക്കായി ലോക്കല്‍ ഫെറികളെ ആശ്രയിക്കുക എന്നത്. റിസോര്‍ട്ടിലേക്ക് പോകാന്‍ സ്പീഡ് ബോട്ടുകള്‍ മാത്രമാണ് ലഭിക്കുക. വളരെ വലിയ തുക ഈടാക്കുന്ന സ്പീഡ് ബോട്ടുകളേക്കാള്‍ നമുക്ക് ആശ്രയിക്കാന്‍ സൗകര്യം തദ്ദേശീയരായ മത്സ്യത്തൊഴിലാളികളായിരിക്കും. വളരെ കുറഞ്ഞ തുകയില്‍ റിസോര്‍ട്ടിന് സമീപത്തെത്താന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ സഹായിക്കും. വേണ്ടത്ര മത്സ്യത്തൊഴിലാളികളും മാലിദ്വീപില്‍ സുലഭമാണ്.

ഭക്ഷണ സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ആദ്യം തിരിച്ചറിയേണ്ട ഒരു വസ്തുത, സ്വാദേറിയ ആഹാരം വിളമ്പുന്ന ഒരിടം കൂടിയാണ് മാലിദ്വീപ് എന്നതാണ്. ചൂരയാണ് ഇവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം. ചോറും മീന്‍കറിയുമൊക്കെ ഉള്‍പ്പെടുന്ന ഇവിടുത്തെ ഭക്ഷണം നമ്മുടെ നാട്ടിലെ വിഭവങ്ങളോടു സാദൃശ്യമുള്ളതാണ്. താമസസ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുന്ന പാക്കേജുകളെ ആശ്രയിക്കാം. അങ്ങിനെയെങ്കില്‍ ഭക്ഷണത്തിനായി മറ്റ് ഹോട്ടലുകളെ തേടി പോകേണ്ടി വരില്ല. ഫുലിദൂ പോലുള്ള കൊച്ചു ദ്വീപുകളില്‍ പൊതുവെ റെസ്റ്റോറെന്‍രുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ അവിടെ എല്ലാ ഭക്ഷ്യശാലകളിലും അത്യാവശ്യം തുക ഈടാക്കും. എന്നാല്‍ മാഫുഷി പോലുള്ള വലിയ ദ്വീപുകളില്‍ നിരവധി റെസ്റ്റോറന്റുകളുണ്ട്. നമ്മുടെ ബജറ്റിനനുസരിച്ച് ചെറിയ റെസ്‌റ്റോറന്റുകളെ തെരെഞ്ഞെടുക്കാവുന്നതാണ്.

error: Content is protected !!