ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. മലകളും, കായലും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും എന്നിങ്ങനെ എണ്ണമറ്റ വിസ്മയങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. സാംസ്കാരിക പൈതൃകങ്ങളായ കോട്ടകളും, കൊട്ടാരങ്ങളും, സ്മാരകങ്ങളും, ആരാധനാലയങ്ങളും സന്ദർശിക്കുക വഴി കേരളത്തിന്റെ ചരിത്രം അടുത്തറിയാനുളള അവസരവുമുണ്ട്.
കേരളത്തിന്റെ മലയോര മേഖലകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികള്‍ക്ക് നല്‍കുന്നത് അവിസ്മരണീയ യാത്രാനുഭവങ്ങളാണ്. ഹൃദ്യമായ കാലാവസ്ഥയും മനോഹര ഭൂപ്രകൃതിയുമാണ് ഇവിടങ്ങളിലേക്കുളള യാത്ര വേറിട്ട അനുഭവമാക്കുന്നത്.
മൂന്നാറില്‍ നിന്നു 8 കി. മീ. അകലെയുള്ള മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ദേവികുളം. പുല്‍മേടുകള്‍ നിറഞ്ഞ ദേവികുളം വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധവുമാണ്. മൂന്നാറിലെത്തുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഇടം. അടുത്തുള്ള സീതാദേവി തടാകം വര്‍ഷത്തില്‍ ഏതു സമയവും സഞ്ചാരികള്‍ക്കു പ്രിയമേകും. ശുദ്ധമായ ജലപരപ്പും മനോഹരമായ പ്രകൃതിയും ഉല്ലാസ നിമിഷങ്ങളേകും. ഈ തടാകം ചൂണ്ട ഇടുന്നതിനും യോജിച്ചതാണ്.
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേസ്‌റ്റേഷന്‍ : ആലുവ, 112 കി. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 111 കി. മീ.