കോന്നി കെ എസ് ആർ ടി സി ഡിപ്പോ യാഡ് നിർമ്മാണത്തിനായി ഒരു കോടി രൂപാ കൂടി അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി കോന്നി ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യാഡ് നിര്‍മാണത്തിന്റെ ഉദ്ഘാടനം കോന്നി ചന്ത മൈതാനിയില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക ബുദ്ധിമുട്ടു കാരണം യാഡിൻ്റെ നിർമാണ പ്രവർത്തനം നിലയ്ക്കുകയില്ല. പത്തനാപുരം ഡിപ്പോയിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് കോന്നി, ആനകുത്തി വഴി ജനുവരി 31 മുതൽ കെ എസ് ആർ ടി സി പുതിയ സർവീസ് ആരംഭിക്കും. മാങ്കോട്, എലിക്കോട്, അതിരുങ്കൽ, കോന്നി, ആനകുത്തി വഴിയാണ് ബസ് സർവീസ് നടത്തുക.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാർഥ്യമായി. തൊഴിലാളികളിൽ വിശ്വാസമർപ്പിച്ചാണ് ഗതാഗത വകുപ്പ് മുൻപോട്ടു പോകുന്നത്. ഏപ്രിൽ മുതൽ ഗ്രാമ വണ്ടി പദ്ധതി പരീക്ഷണാർഥത്തിൽ ആരംഭിക്കും. ശേഷം കേരളം മുഴുവൻ പദ്ധതി വ്യാപിപ്പിക്കും. കെ എസ് ആർ ടി സിയാണ് ഗതാഗത വകുപ്പിൻ്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മാണം നടത്തുന്നത്.
യാഡ് നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ ഡിപ്പോയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിക്കും.
നിർമ്മാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസിയായി എച്ച്.എൽ.എൽ ആണ് പ്രവർത്തിക്കുന്നത്. കോട്ടയം കേന്ദ്രമായുള്ള കെ.എസ്.ആർ.ടി.സി സിവിൽ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം നിർവ്വഹിക്കുന്നത് കോന്നിയുടെ ദീർഘകാല സ്വപ്ന പദ്ധതിയായ കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.കോന്നിയുടെ വികസനത്തിനു പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തുന്നത് എന്ന് എം എൽ എ പറഞ്ഞു.
2013 മുതൽ തർക്കത്തെ തുടർന്ന് മുടങ്ങി കിടന്ന പദ്ധതിയാണിത്.പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി പദ്ധതി യാഥാർത്ഥ്യമാക്കാൻ ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വലിയ പരിശ്രമമാണ് നടത്തിയത്. എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ചേർന്ന് നടത്തിയ പ്രവർത്തനത്തിലൂടെയാണ് കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നത്. വൈകിട്ട് 4 മണിക്ക് കോന്നി ചന്ത മൈതാനിയിൽ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനം നടന്നത്. ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
അഡ്വ.കെ യു ജനീഷ് കുമാർ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ. വി. നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പി ജെ അജയകുമാർ,ശ്യാം ലാൽ,അലക്സ് കണ്ണമല, വിക്ടർ ടി തോമസ്,സന്തോഷ് കുമാർ, തുളസിമണിയമ്മ,കെ ജി ഉദയകുമാർ, രാജു നെടുവംമ്പുറം, സണ്ണി ജോർജ്,
, ഫൈസൽ, കെ എസ് ആർ ടി സി സോണൽ മാനേജർ അനിൽ കുമാർ,അബ്ദുൽ മുത്തലീഫ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.