Input your search keywords and press Enter.

വിദ്യാർഥികൾക്ക് ഹാജറും യൂണിഫോമും നിർബന്ധമാക്കില്ല

 

വിദ്യാർഥികൾക്ക് ഹാജറും യൂണിഫോമും നിലവിൽ നിർബന്ധമാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യം. ഹാജർ നിർബന്ധമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

കുട്ടി സ്കൂളിൽ വരണമോ എന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്. ഹാജർ നിർബന്ധമാക്കും എന്ന് പറഞ്ഞിട്ടില്ല. പഠനം പൂർത്തിയാക്കാൻ ക്ലാസിൽ കുട്ടികൾ വരേണ്ടതാണ്. പാഠഭാഗങ്ങൾ പൂർത്തിയാക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും. എല്ലാ അധ്യാപകരും നിശ്ചയിച്ച പാഠഭാഗങ്ങൾ തീർക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

സംസ്ഥാനത്ത് ആകെ 47 ലക്ഷം വിദ്യാർത്ഥികള്‍ ഉണ്ട്‌. ഭൂരിഭാഗം പേരും തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ. യൂണിഫോം നിർബന്ധമാക്കില്ല. ഇനി കേവലം ഒരു മാസമാണ് സ്കൂൾ ഉണ്ടാവുക. ഈ സമയത്തേക്ക് പുതിയ യൂണിഫോം കിട്ടിയെന്ന് വരില്ല. അതുകൊണ്ടുതന്നെ യൂണിഫോമിന്റെ കാര്യത്തിൽ നിർബന്ധം ഉണ്ടാവില്ല.

 

എന്നാൽ യൂണിഫോം ഉള്ളവർ അവ ധരിക്കണം. ബസുകളിലും മറ്റ് സ്ഥലങ്ങളിലും വിദ്യാർഥികളെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 21 കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ചരിത്ര മുഹൂർത്തം ആണ്. 21 ഭാഷാ ദിനം കൂടി ആയിട്ടാണ് ആചരിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!