Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ / തൊഴില്‍ അവസരം ( 25/02/2022)

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം: ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.

ജില്ലയില്‍ കൊഴിഞ്ഞാമ്പാറ, മുണ്ടൂര്‍, നെന്മാറ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 26) വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ അധ്യക്ഷനാകും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, വി.കെ ശ്രീകണ്ഠന്‍ എം.പി,  കെ.ബാബു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. എ. പ്രഭാകരന്‍ എം.എല്‍.എ,  പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രഭിത ജയന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പി.ആര്‍.ഡിയുടെ  പാലക്കാട് തനത് കലാ സാംസ്‌കാരിക,പ്രഭാഷണ പരിപാടി മാര്‍ച്ച് നാലിന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് നാലിന് പ്രഭാഷണം- പാലക്കാടന്‍  തനത് കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് 3.30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുരസ്‌കാരം, മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാനതല റവന്യൂ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയെ പരിപാടിയില്‍ ആദരിക്കും. തുടര്‍ന്ന് കഥാകൃത്തും ജില്ലാ പബ്ലിക് നിര്‍വാഹക സമിതി അംഗവുമായ രാജേഷ് മേനോന്‍  ‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

പരിപാടിയില്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എന്‍ ഗോകുല്‍ദാസ്, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ്‌കുമാര്‍, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുമതി, ഡി. ഐ.ഒ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

സാംസ്‌ക്കാരിക തനിമ ഉണര്‍ത്തും കലാസദസ്

സംസ്ഥാനസര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാര ജേതാവ് നഞ്ചിയമ്മയും കലാ മാണിക്യ പുരസ്‌കാര ജേതാവ്മണികണ്ഠനും തുള്ളല്‍ തിലകം ബഹുമതി നേടിയ കേരളശ്ശേരി പ്രഭാവതിയും സദസ്സില്‍

പ്രവേശനം സൗജന്യം

ഉദ്ഘാടനത്തിന് മുന്നോടിയായി  കല്ലടിക്കോട് യുവര്‍ ചോയ്സ് കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളം തുടര്‍ന്ന്  കലാ വേദിയില്‍ പാലക്കാടിന്റെ സാംസ്‌ക്കാരിക തനിമ ഉണര്‍ത്തുന്ന  കലാവതരണവും പി.ആര്‍.ഡിയുടെ സാംസ്‌ക്കാരിക പരിപാടിക്ക് നിറവായുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടന പരിപാടിക്ക് ശേഷം വൈകിട്ട് 4.15 മുതല്‍

ആദിവാസി കലാവതരണം -സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാര ജേതാവ് നഞ്ചിയമ്മയുടേയും സംഘവും.

നാടന്‍പാട്ട്-ഫോക്ക് ആര്‍ട്ട് റിസര്‍ച്ച് സെന്ററിന്റെ 2021-ലെ കലാ മാണിക്യ പുരസ്‌കാര ജേതാവ് മണികണ്ഠനും സംഘവും.

ഓട്ടന്‍തുള്ളല്‍-സംസ്ഥാന സര്‍ക്കാരിന്റെ കുഞ്ചന്‍ അവാര്‍ഡ്, കലാസാഗര്‍ പുരസ്‌കാരം, തുള്ളല്‍ തിലകം ബഹുമതി എന്നിവ നേടിയ കേരളശ്ശേരി പ്രഭാവതിയും സംഘവും…

കണ്യാര്‍കളി-എലവഞ്ചേരി കിഴക്കുമുറി ദേശം

പൊറാട്ട് നാടകം-മണ്ണൂര്‍ ചന്ദ്രനും സംഘവും

വൈദ്യുതി ചെലവ് കുറയ്ക്കാന്‍ സൗരോര്‍ജ്ജ നിലയങ്ങളുമായി 11 ക്ഷീര സംഘങ്ങള്‍

മില്‍ക്ക് കൂളറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്‍പ്പെടെ ക്ഷീര സഹകരണ സംഘങ്ങളുടെ ദൈനംദിന വൈദ്യുതി ഉപഭോഗത്തിനുള്ള ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സ്ഥാപിക്കുന്ന സൗര വൈദ്യുതി നിലയങ്ങള്‍ ജില്ലയിലെ 11 ക്ഷീര സംഘങ്ങളില്‍ പൂര്‍ത്തിയായി.പാല്‍ ശീതീകരണികള്‍(മില്‍ക്ക് കൂളറുകള്‍) സ്ഥാപിച്ച ക്ഷീര സംഘങ്ങള്‍ക്ക് പ്രതിദിനം 3000 ലിറ്റര്‍ മുതല്‍ 15000 ലിറ്റര്‍ വരെ പാല്‍ ശീതീകരിക്കുന്നുണ്ട്. പ്രതിമാസം 16000/രൂപ മുതല്‍ 1 ലക്ഷം വരെ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഈ സംഘങ്ങള്‍ക്ക് ചിലവുണ്ട്. ഇത്തരത്തിലുള്ള ചിലവുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ക്ഷീര വികസന വകുപ്പ് സബ്സിഡിയോടെ സോളാര്‍ പവര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികള്‍ മുഖേനയാണ് ക്ഷീര സഹകരണ സംഘങ്ങള്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ആകെ ചെലവിന്റെ 75% അല്ലെങ്കില്‍ പരമാവധി 8 ലക്ഷം ഏതാണോ കുറവ് എന്ന രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്. ഈ പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് മുഖേന ജില്ലയില്‍ മാത്രം മുക്കാല്‍ കോടിയിലധികം സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്.

മേനോന്‍പാറ,മാടമ്പാറ,മേനോന്‍തരിശ്ശ്, അകത്തേത്തറ,അഞ്ചുമൂര്‍ത്തി, വാല്‍കുളമ്പ് ( 10 കിലോ വാട്ട് ),ചുള്ളിമട,പരിശക്കല്‍,മാങ്കാപ്പള്ളം വാളയാര്‍ ( 20 കിലോ വാട്ട് )മുതലമട(കിഴക്ക്)-50 കിലോവാട്ട് എന്നിങ്ങനെ ക്ഷീര സംഘങ്ങളില്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും കെ.എസ്.ഇ.ബി. ഓണ്‍ഗ്രിഡ്ഡില്‍ സംഘങ്ങള്‍ നല്‍കുന്നു. ക്ഷീര സഹകരണസംഘങ്ങളുടെ ഉപയോഗത്തിനു ശേഷം അധികമായി ഉദ്പാദിപ്പിച്ച വൈദ്യുതി കെ.എസ്.ഇ.ബിക്ക്  ലഭിക്കുന്നുണ്ടെങ്കില്‍ ആയതിനുള്ള തുകയും അധിക വരുമാനമായി ഈ ക്ഷീര സഹകരണസംഘങ്ങള്‍ക്ക് ലഭിക്കും. ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുക വഴി ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് വൈദ്യുത ചാര്‍ജ്ജ് ഇനത്തില്‍ വരുന്ന ചെലവ് പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ കഴിയും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇങ്ങിനെ മിച്ചം ലഭിക്കുന്ന തുക സംഘത്തിന്റെ മറ്റു  പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്നതോടൊപ്പം ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് അടക്കമുള്ള ധനസഹായങ്ങളും  നല്‍കുവാന്‍ കഴിയും.
സംസ്ഥാനത്ത് തന്നെ കുറഞ്ഞ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചത് പാലക്കാട് ജില്ലയിലാണ്. നിലവിലുള്ള പദ്ധതികള്‍ പൂര്‍ണ്ണ വിജയം കണ്ടതിനെതുടര്‍ന്ന് കൂടുതല്‍ ക്ഷീര സംഘങ്ങള്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്നോട്ട് വന്നിട്ടുണ്ടെന്ന്  ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയസുജീഷ്  പറഞ്ഞു.

217728 കുട്ടികള്‍ക്ക് പള്‍സ് പോളിയോ വാക്‌സിന്‍

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 27 ന് നടക്കും.217728 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ വാക്‌സിന്‍ നല്‍കുന്നത.് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്  തുള്ളിമരുന്ന് വിതരണം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകരും വോളണ്ടിയറുമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക.4508 വോളണ്ടിയര്‍മാരെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. തുള്ളിമരുന്ന് വിതരണത്തിനായി 2254ബൂത്തുകള്‍് സജ്ജീകരിച്ചിട്ടുണ്ട് .ഇതില്‍ 65 ട്രാന്‍സിറ്റ് പോയിന്റുകളും, മൂന്ന് മേള ബസാറുകളും, 71 മൊബൈല്‍ ബൂത്തുകളും ഉള്‍പ്പെടും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് അഞ്ചുമണി വരെ പ്രവര്‍ത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടിയെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കണ്ടേതാണ്.

ജില്ലാ വികസന സമിതി യോഗം26 ന്

ജില്ലാ വികസന സമിതി യോഗം മാര്‍ച്ച് 26 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന്  ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാം

ശ്രീകൃഷ്ണപുരം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ എസ്. എ.എസ് ഏജന്റ്മാരായി പ്രവര്‍ത്തിച്ചിരുന്ന ടി. ജയ, വി. വി ഇന്ദിര എന്നിവര്‍ ചെര്‍പ്പുളശ്ശേരി പോസ്റ്റ് ഓഫീസ് മുഖാന്തരം  നടത്തി വരുന്ന എസ്. എ.എസ് ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്  അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഏജന്‍സി പ്രവര്‍ത്തനം സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ മാര്‍ച്ച് 10 നകം അറിയിക്കണമെന്ന് ബ്ലോക്ക് വികസന ഓഫീസര്‍ അറിയിച്ചു.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് ക്ലാസുകള്‍ സംഘടിപ്പിച്ചു.

ജില്ലാ ലീഗല്‍ സര്‍വ്വിസ് അതോറിറ്റിയും, പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് ക്ലാസുകള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ ഡോ:ബി.കമാല്‍ പാഷ മലമ്പുഴ ആശ്രമം സ്‌കൂളില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വിസ് അതോറിറ്റി സെക്രട്ടറിയുമായ അനുപമ അധ്യക്ഷയായി. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടേയും കനറാ ബാങ്കിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍  എസ്. സജു, കനറാ ബാങ്ക് എ.ജി. എം റീജണല്‍ ഹെഡ് ഗോവിന്ദ് ഹരിനാരായണന്‍, പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്  കെ.കെ സുധീര്‍, ലീഡ് ബാങ്ക് മാനേജര്‍ ആര്‍. സി പി ശ്രീനാഥ്, സി. ഐ.ജി. ഐ പ്രൊജക്റ്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ പി.എ റമീം, സീനിയര്‍ സൂപ്രണ്ടുമാരായ കെ. എ സാദിക്കലി, കെ മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രോജക്ട് അസിസ്റ്റന്റ്  നിയമനം: 10 വരെ അപേക്ഷിക്കാം.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍   പ്രോജക്ട് അസിസ്റ്റന്റ്  നിയമനത്തിനായി് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. അപേക്ഷകര്‍  ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍  പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍  ആപ്ലിക്കേഷന്‍  ആന്റ് ബിസിനസ്സ് മാനേജ്മെന്റ്  പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍  നിന്നുള്ള  ബിരുദവും  ഒരു വര്‍ഷത്തില്‍ കുറയാത്ത  അംഗീകൃത ഡി.സി.പി /പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്  മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും.  താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തിപരിചയ രേഖ എന്നിവ സഹിതമുള്ള അപേക്ഷകള്‍  സെക്രട്ടറി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് പി. ഒ, പാലക്കാട്, 678702 എന്ന വിലാസത്തില്‍ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :04912572014

ട്രസ്റ്റി നിയമനം

ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് അരുവന്നൂര്‍ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10ന് വൈകിട്ട്  അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്  പാലക്കാട് അസിസ്റ്റന്റ്  കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷഫോറം പാലക്കാട്  അസിസ്റ്റന്റ് കമ്മീഷണറുടെ  ഓഫീസിലും, ംംം.ാമഹമയമൃറല്മംെീാ.സലൃമഹമ.ഴീ്.ശി ലും ലഭിക്കും. ഫോണ്‍ 0491 2505777.

ടെണ്ടര്‍ ക്ഷണിച്ചു.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും മാത്രമായി കാന്റീന്‍ നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.മാര്‍ച്ച് 4ന് വൈകിട്ട് 3 വരെ ടെണ്ടര്‍ സ്വീകരിക്കും.ഫോണ്‍ :04912000544,04912000644.

അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം

അട്ടപ്പാടി ഐ. റ്റി.ഡി.പി യില്‍  അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അട്ടപ്പാടി താലൂക്കില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 നും 45 നും ഇടയില്‍. ബി.എസ്.സി അല്ലെങ്കില്‍ ബിടെക് ഡിഗ്രി  ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ബി . ഇ ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിങ്ങാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  മാര്‍ച്ച് 3 ന് രാവിലെ 11.30ന് അട്ടപ്പാടി ഐ.റ്റി.ഡി. പി യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

താല്‍ക്കാലിക നിയമനം

ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററില്‍ പാര്‍ട്ട് ടൈം യോഗ ഇന്‍സ്‌പെക്ടര്‍ തസ്തികയിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 8000 രൂപയാണ് വേതനം. യോഗ്യത യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് അഥവാ പി. ജി ഡിപ്ലോമ, ബിഎഎംസ് /ബിഎന്‍വൈഎസ് /എം.എസ്. സി (യോഗ) . പ്രായം 40 വയസിനു താഴെ ആയിരിക്കണം. മാര്‍ച്ച് 3 ന് രാവിലെ 10.30 ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 04912544296

വായ്പാ വിതരണവും പുതിയ പദ്ധതികളുടെ പരിചയപ്പെടുത്തലും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തൃത്താല നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വായ്പാ വിതരണവും പുതിയ പദ്ധതികളുടെ പരിചയപ്പെടുത്തലും ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് 2.30 ന് പരുതൂര്‍ പഞ്ചായത്തില്‍ പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും .  പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു. ആര്‍. പ്രദീപ് അധ്യക്ഷനാകും.പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍  മാനേജിങ് ഡയരക്ടര്‍ എം.എ നാസര്‍ പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തും.കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരണം ചെയ്യും.

സൗര തേജസ് രജിസ്ട്രേഷന്‍ 24 മുതല്‍

അനര്‍ട്ട് 40 ശതമാനം സബ്സിഡിയോടെ നടപ്പിലാക്കുന്ന പുരപ്പുറ സോളാര്‍ പദ്ധതിയുടെ സൗര തേജസ് രജിസ്ട്രേഷന്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 30 വരെ നടക്കും. അനര്‍ട്ട് ജില്ലാ ഓഫീസിലും, കണ്ണാടിയിലുള്ള സില്‍ക്കോ സഹകരണ സംഘത്തിലും രജിസ്ട്രേഷന്‍ ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു . ഫോണ്‍ 9846668721

അഭിമുഖം.

കേരള പബ്ലിക്  സര്‍വീസ് കമ്മീഷന്‍ മുഖാന്തരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന്  മാര്‍ച്ച് രണ്ടിന് അഭിമുഖം നടത്തുന്നു. ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍.പി.എസ്,ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് യു.പി  എസ്, പാര്‍ ടൈം  ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍. പി.എസ്, എന്‍.സി.സി സൈനിക  ക്ഷേമവകുപ്പ് ഡ്രൈവര്‍ 2, ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്, എല്‍. പി.എസ്. എന്നീ തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജില്ലാ പി.എസ്. സി   ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :2505398

error: Content is protected !!