പൈങ്കുനി ഉത്രം മഹോല്‍സവം മീനമാസപൂജ
ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കുംകൊടിയേറ്റ് 9 ന്
പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട മാര്‍ച്ച് 8 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഗണപതി,നാഗര്‍
തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും.രാത്രി 7 മണിമുതല്‍ പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും.ക്ഷേത്രനട തുറക്കുന്ന അന്നേദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ല.
മാര്‍ച്ച് 9 മുതല്‍ ക്ഷേത്രതിരുനട അടയ്ക്കുന്ന മാര്‍ച്ച് 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം നല്‍കും.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.മാര്‍ച്ച് 9 ന് പുലര്‍ച്ചെ 5
മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും ചടങ്ങുകളും നടക്കും.തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും
കൊടിയേറ്റ് പൂജയും നടക്കും. 10.30 നും 11.30 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആണ് തിരുവുല്‍സവ കൊടിയേറ്റ്.17 ന് പള്ളിവേട്ട.18 ന് ഉച്ചക്ക് പമ്പയില്‍ തിരുആറാട്ട് നടക്കും.ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിച്ചേരുമ്പോള്‍ കൊടിയിറക്ക് ചടങ്ങ് നടക്കും.മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.