Input your search keywords and press Enter.

ഇനി രണ്ടുദിനംകൂടി; ജനകീയമായി എന്റെ കേരളം

ജനങ്ങള്‍ ഏറ്റെടുത്ത, ജനങ്ങളുടെ മേള ഇനി രണ്ട് ദിവസംകൂടി… രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്‍െ കേരളം പ്രദര്‍ശന വിപണന മേള ഇതിനകം ജനകീയമായിക്കഴിഞ്ഞു. കഴിഞ്ഞ 11ന് ആരംഭിച്ച മേള 17ന് അവസാനിക്കും. പതിവ് രീതിയില്‍നിന്നും വ്യത്യസ്ത അനുഭവം ഉറപ്പുനല്‍കുന്ന മേളയില്‍ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തുന്നത്.

 

സര്‍ക്കാരുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങളും, വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്‍കുന്ന സ്റ്റാളുകളും, അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും, ന്യായവിലയ്ക്ക് ലഭിക്കുന്ന കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ലഘുഭക്ഷണവും നിത്യോപയോസാധനങ്ങളും… തികച്ചും വേറിട്ട അനുഭവമാണ് പ്രദര്‍ശന നഗരി നല്‍കുന്നത്. ഒപ്പം കുടുംബശ്രീ ഭക്ഷണശാലകള്‍ ഒരുക്കുന്ന രുചിയുടെ വൈവിധ്യവും. അതുകൊണ്ടുതന്നെ നിറഞ്ഞ മനസുമായാണ് കാഴ്ചക്കാര്‍ ജില്ലാ സ്‌റ്റേഡിയത്തില്‍നിന്നും മടങ്ങിപ്പോകുന്നത്.

 

ഇവിടെ ലഭിക്കുന്ന തത്‌സമയ സേവനങ്ങളാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഇത് ജനഹിതമറിഞ്ഞ് ഒരുക്കിയ മേളയെന്നാണ് മേളയിലെത്തുന്ന എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുന്നത്. മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷന്‍, മോട്ടോര്‍ വാഹനം, ബിഎസ്എന്‍എല്‍, രജിസ്ട്രേഷന്‍, നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സംഘം, സപ്ലൈകോ, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളാണ് സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
അക്ഷയ സേവനങ്ങളെല്ലാം സൗജന്യമായി ഐടി മിഷന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍, പുതിയ ആധാര്‍ എന്‍ട്രോള്‍മെന്റ്, അഞ്ചും, 15 ഉം വയസുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുതിനുള്ള സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ചികിത്സാ സഹായം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവിടെ നല്‍കുന്നുണ്ട്.

 

പ്രദര്‍ശന വിപണനത്തിനൊപ്പം അരങ്ങേറുന്ന സെമിനാറുകളും കലാസന്ധ്യകളും ഇരുകയ്യുംനീട്ടിയാണ് ജനം സ്വീകരിച്ചത്. ഗൗരവമേവറിയ വിഷയങ്ങളായിരുന്നിട്ടും സെമിനാറുകള്‍ കേള്‍ക്കുന്നതിനും നിരവധിപേരാണ് ദിവസേന എത്തുന്നത്. 13 വിഷയങ്ങളിലാണ് സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഒന്‍പതെണ്ണവും വിജയകരമായി പൂര്‍ത്തിയാക്കി. ബാക്കി നാല് സെമിനാറുകള്‍ ഇന്നും നാളെയുമായി നടക്കും.
നാട്ടിലേയും രാജ്യത്തേയും പാരമ്പര്യ കലകള്‍ക്ക് ഉചിതമായ വേദി നല്‍കാനും മേളയ്ക്ക് കഴിഞ്ഞു. കോവിഡ് കാലം പിന്നോട്ടടിച്ച കലാകാരന്‍മാരെ സഹായിക്കുകകൂടി ലക്ഷ്യമിട്ടാണ് കലാസന്ധ്യ സംഘടിപ്പിച്ചത്. പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം, കഥകളി, കളരിപ്പയറ്റ്, നാടന്‍ പാട്ടും ദൃശ്യവിരുന്നും, കാലന്‍കോലം പടയണി, വേലകളി, ബോഡുബെറു നാടന്‍ സംഗീതം, ഇന്ത്യന്‍ ഗ്രമോത്സവം, പാട്ടുവഴി തുടങ്ങിയവയൊക്കെ ഇതിനകം വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ഗസല്‍, ജുഗല്‍ബന്ദി എന്നീ സംഗീത പരിപാടികളും ഇരുട്ട് നാടകവും അനുവാചക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോമഡി ഷോയും ഗാനമേളയും ഇന്ന് വേദിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പോലീസ് ഡോഗ്‌സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്വാനാഭ്യാസ പ്രകടനങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്.

തൊട്ടാല്‍ ‘എട്ടിന്റെ പണികിട്ടും’!

ഒന്നു തൊട്ടുപോയാല്‍ കുറ്റവാളികള്‍ക്ക് എട്ടിന്റെ പണികൊടുക്കാന്‍ കാത്തിരിക്കുകയാണ് വിരലടയാള വിദഗ്ധര്‍. കൈരേഖയിലെ അതിസൂഷ്മ വശങ്ങള്‍ ശേഖരിച്ച് കുറ്റവാളികളെ പിടികൂടുന്ന ഫിംഗര്‍ പ്രിന്റ് എക്‌സ്പര്‍ട്സ് വിഭാഗത്തിന്റെ സ്റ്റാളാണ് വിജ്ഞാനവും കൗതുകവും നല്‍കി എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ശ്രദ്ധേയമാവുന്നത്. ഇവര്‍ ശേഖരിക്കുന്ന രേഖകളില്‍ എട്ടുവശങ്ങള്‍ കുറ്റവാളിയുടെ വിരലടയാളവുമായി ഒത്തു വന്നാല്‍ മാത്രമേ കോടതി ഇത് തെളിവായി സ്വീകരിക്കുകയുള്ളുവത്രേ!

കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ അറിയാതെ സ്പര്‍ശിക്കുന്ന വസ്തുവിലെ കൈരേഖകളില്‍ നിന്നുമാണ് കുറ്റവാളിയുടെ തലവര നിശ്ചയിക്കുന്നത്.  വിയര്‍പ്പ് പുറത്തേക്ക് പോകുന്ന വിരലുകളിലെ അതിസൂക്ഷ്മ സുഷിരങ്ങളാണ് ഇവിടെ കെണിയൊരുക്കുന്നത്. വിരലിലെ വിയര്‍പ്പ് കൊണ്ട് വസ്തുക്കളില്‍ ഉണ്ടാകുന്ന പാടുകള്‍ പ്രത്യേക രാസവസ്തുക്കള്‍ ഉപയോഗിച്ച് തെളിയിച്ചെടുക്കും. ഇതിനെ വലുതാക്കി ഫോട്ടോ എടുക്കുകയും ഇത് കുറ്റവാളികളുടെ വിരലടയാള ശേഖരവുമായി ഒത്തു നോക്കിയുമാണ് പൊലീസ് കുറ്റവാളിയിലേക്കെത്തുന്നത്. വിവിധ വര്‍ണത്തിലുള്ള പ്രതലത്തിലാണ് സ്പര്‍ശിച്ചതെങ്കിലും അള്‍ട്രാ വൈലറ്റ് ലൈറ്റുകള്‍ ഉപയോഗിച്ച് രേഖകള്‍ കണ്ടെത്താനുള്ള സംവിധാനവും ഫിംഗര്‍ പ്രിന്റ് എക്‌സ്പര്‍ട്സ് വിഭാഗത്തിലുണ്ട്. എത്ര പ്രായമായാലും വിരലടയാളങ്ങളില്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ആയിരക്കണക്കിന് വിരലടയാളങ്ങള്‍ ഉണ്ടെങ്കിലും അതില്‍ സൂക്ഷ്മ വശങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഫിംഗര്‍ സെര്‍ച്ചര്‍ സി.കെ രവികുമാര്‍ പറഞ്ഞു.

ഇന്ത്യയിലാണ് വിരലടയാള വിഭാഗം ആദ്യമായി തുടങ്ങിയത് എന്നത് ഏറെ കൗതുകകരമാണ്. 1897 ല്‍ കല്‍ക്കത്തില്‍ ബ്രിട്ടീഷുകാരനായ ഇ ആര്‍ ഹെന്‍ട്രിയാണ് വിരലടയാള വിഭാഗം ആരംഭിച്ചത്. ഏറെ പേരുകേട്ട സ്‌കോട്‌ലാന്‍ഡ് പൊലീസിനു പോലും പിന്നെയും കാലങ്ങള്‍ കഴിഞ്ഞുമാത്രമേ ഈ ശാഖ തുടങ്ങാന്‍ സാധിച്ചുള്ളു. കേരളത്തില്‍ തിരുവനന്തപുരം പട്ടത്താണ് സ്റ്റേറ്റ് ഫിന്‍ഗര്‍ പ്രിന്റ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. ഓരോ ജില്ലയിലും ഓരോ ബ്യൂറോയും ഉണ്ട്. ഫിംഗര്‍ പ്രിന്റ് സെര്‍ച്ചര്‍, ഫിംഗര്‍ പ്രിന്റ് എക്‌സപെര്‍ട്, ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ഡയറക്ടര്‍ തുടങ്ങിയ തസ്തികളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. പൊലീസിന്റെ സന്തത സഹചാരികളാണെങ്കിലും ഇവിടെ ജോലിനോക്കുന്നവര്‍ ആരും പൊലീസുകാരല്ല. ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി ബിരുദമാണ് ഈ വിഭാഗത്തിലേക്കുള്ള ജോലിയുടെ അടിസ്ഥാന യോഗ്യത.

ഇടിച്ച് പപ്പടമാക്കാനും അറിയാം ഈ ജില്ലാ കളക്ടര്‍ക്ക്

ജില്ല ഭരിക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ ഇടിച്ച് പപ്പടമാക്കാനും ഈ ജില്ലാ കളക്ടര്‍ക്ക് അറിയാം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ പൊലീസ് വകുപ്പ് സ്വയംപ്രതിരോധത്തിന് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന രീതിയിലുള്ള സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മേളയുടെ വിലയിരുത്തലിന് ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എത്തിയപ്പോഴായിരുന്നു വനിതാ പൊലീസുകാര്‍ പരിശീലനത്തിനായി കളക്ടറെ ക്ഷണിച്ചത്. ഒരുമടിയും കൂടാതെ സ്റ്റാളിലേക്ക് എത്തിയ കളക്ടര്‍ അവിടെ നിന്ന് പൊലീസുകാരെ പോലും വെല്ലുന്ന മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. പെട്ടെന്നുണ്ടാകുന്ന ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള ചില പൊടിക്കൈകളായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കളക്ടറെ പരിശീലിപ്പിച്ചത്.

എന്നാല്‍, വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരെ പോലെയുള്ള കളക്ടറിന്റെ പ്രകടനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ പോലും ഞെട്ടി. കണ്ട് നിന്നവരാകട്ടെ നിറഞ്ഞ കെയ്യടികളോടെയാണ് ജില്ലാ കളക്ടറെ അഭിനന്ദിച്ചത്. വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഉദയമ്മയുടെ നേതൃത്വത്തില്‍ സിന്‍സി പി അസീസ്, കെ.എന്‍ ഉഷ, ബി.ലേഖ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

പോഷകാഹാരവും വഞ്ചിപ്പാട്ടും; സന്ദര്‍ശകരെ കയ്യിലെടുത്ത് വനിതാ ശിശു വികസന വകുപ്പ്

ആകെ ഒരു ഉത്സവപ്രതീതിയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളില്‍. എത്തുന്നവര്‍ക്കല്ലാം കഴിക്കാന്‍ വിവിധതരം പോഷകാഹാരങ്ങള്‍ ഇവിടെ ലഭിക്കും. ആദ്യദിവസങ്ങളില്‍ പലരും മടികാണിച്ചുവെങ്കിലും കുട്ടികള്‍ക്ക് ഇഷ്ടമായതോടെ മുതിര്‍ന്നവരും പോഷകാഹാരം നുണയാന്‍ തയാറായി. കഴിക്കുന്ന പോഷകാഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ സാധിക്കുന്നവതന്നെ… ഇവ എങ്ങനെയുണ്ടാക്കാമെന്ന് പഠിക്കാന്‍ കഴിയുമെന്നു കണ്ടതോടെ അമ്മമാരും ഹാപ്പി.
ചാര്‍ട്ടുകളും ചിത്രങ്ങളുംകൊണ്ട് മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സ്റ്റാള്‍ പെട്ടെന്നുതന്നെ കണ്ണിലുടുക്കും. ചാര്‍ട്ട് കൊണ്ടുണ്ടാക്കിയ കുടയിലും സൂര്യകാന്തി പൂവിലും വര്‍ണ്ണ മനോഹരങ്ങളായ ലിപികളില്‍ പ്രീ. സ്‌കൂള്‍ വിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വകുപ്പിന്റെ ലക്ഷ്യങ്ങളും സേവനങ്ങളും ആലേഖനം ചെയ്യുന്നു. പ്രത്യേകം തയാറാക്കിയ വഞ്ചിപ്പാട്ട് കര്‍ണാനന്ദകരമാണ്. വകുപ്പിന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളുമാണ് വഞ്ചിപ്പാട്ടിന്റ രൂപത്തില്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സ്റ്റാളിലെ ജീവനക്കാര്‍ കൂടി തയാറാവുന്നതോടെ പാട്ടും നൃത്തവുമൊക്കെയായി ഉത്സവാന്തരീക്ഷം തന്നെയാണിവിടെ.

വൈവിധ്യങ്ങളുമായി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്

മണ്ണിനേയും ജലത്തെയും മറ്റു പ്രകൃതി വിഭവങ്ങളെയും ഭാവി തലമുറയ്ക്കായി കരുതി വയ്ക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്ന നീര്‍ത്തട സംരക്ഷണത്തിന്റെ മാതൃകാ രൂപം നിര്‍മ്മിച്ച് മേളയില്‍ ജനശ്രദ്ധയാകാര്‍ഷിച്ച് ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.

 

മണ്ണിന്റെ രാസ-ഭൗതിക ഗുണങ്ങള്‍ നിലനിര്‍ത്തി അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എങ്ങനെ സംരക്ഷിക്കാമെന്നുമുള്ള അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനായുള്ള വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ നിരവധി പോസ്റ്ററുകളാണ് സ്റ്റാളില്‍ അണിനിരത്തിയിട്ടുള്ളത്. അതോടൊപ്പം പരിശോധനയ്ക്കായി മണ്ണ് ശേഖരിക്കുന്ന ക്വാര്‍ട്ടര്‍ രീതി വിശദീകരിക്കുന്ന മാതൃകാ രൂപവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന മണ്ണിനങ്ങളായ വനമണ്ണ്, ചെമ്മണ്ണ്, എക്കല്‍മണ്ണ്, മലയോര മണ്ണ്, തീരദേശ മണ്ണ്, വെട്ടുകല്‍ മണ്ണ്, കരിമണ്ണ്, കറുത്ത പരുത്തി മണ്ണ് എന്നിവയും വ്യവസായിക പ്രാധാന്യമുള്ള മണ്ണിനമായ ചൈന ക്ലെയും പ്രദര്‍ശനത്തിലെ മറ്റൊരാകര്‍ഷണമാണ്.

സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ചു ഏറ്റവും ശുദ്ധവായു കിട്ടുന്നതും പ്രകൃതി വിഭവങ്ങള്‍ കൊണ്ടും അനുഗ്രഹീതമാണ് പത്തനംതിട്ട ജില്ല. അവയെല്ലാം എങ്ങനെ ശാസ്ത്രീയമായി സംരക്ഷിക്കാമെന്ന് മേളയില്‍ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ കണ്ടിറങ്ങുന്ന ഓരോരുത്തരിലും അവബോധമുണര്‍ത്തുന്നു. മണ്ണിന്റെ പോഷകനില മനസിലാക്കുവാനും അതനുസരിച്ചു വള പ്രയോഗം നടത്തുവാനും വകുപ്പ് തയ്യാറാക്കിയ ‘മാം’ മൊബൈല്‍ ആപ്ലിക്കേഷനും സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്.

 

തൊഴില്‍ നിയമങ്ങളില്‍ അവബോധം സൃഷ്ടിച്ച് തൊഴില്‍വകുപ്പിന്റെ സെമിനാര്‍

തൊഴില്‍ നിയമങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധം സൃഷ്ടിച്ച് തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ജനശ്രദ്ധയാകര്‍ഷിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ അഞ്ചാം ദിവസം നടത്തിയ തൊഴില്‍ വകുപ്പിന്റെ സെമിനാറാണ് ജനങ്ങള്‍ക്ക് ഏറെ വിജ്ഞാനപ്രദമായത്.

നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും തൊഴില്‍ മേഖലയില്‍ ഇത്രത്തോളം ഇടപെട്ട സര്‍ക്കാര്‍ വേറെ ഇല്ലയെന്നും അദ്ദേഹം പറഞ്ഞു. ഒരു നോളജ് ഇക്കോണമി സൃഷ്ടിക്കാന്‍ വലിയ പങ്കാളിത്തം വേണമെന്നും തൊഴില്‍ നിയമങ്ങളെ കുറിച്ച് അവബോധം വേണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ പോലും അതിഥി തൊഴിലാളികളെന്ന് പുനര്‍നാമകരണം ചെയ്ത സര്‍ക്കാരാണ് നമ്മുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസി. ലേബര്‍ ഓഫീസര്‍ എം.എസ് സുരേഷ് ക്ലാസ് കൈകാര്യം ചെയ്തു. തൊഴില്‍ നിയമങ്ങളെ കുറിച്ച് വ്യക്തമായ രീതിയിലാണ് അദ്ദേഹം സെമിനാറില്‍ വിഷയാവതരണം നടത്തിയത്. അവധികള്‍, വേതനം എന്നിവ സംബന്ധിച്ച എല്ലാ നിയമങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമായി പ്രതിപാദിച്ചു. കൂടാതെ ചുമട്ട് തൊഴിലാളികള്‍ക്കും, കുടിയേറ്റ തൊഴിലാളികള്‍ക്കും കരാര്‍തൊഴിലാളികള്‍ക്കുമുള്ള നിയമപരിരക്ഷകളെ മുപ്പതോളം തൊഴില്‍ നിയമങ്ങളെ കുറിച്ചും സെമിനാറില്‍ പ്രതിപാദിച്ചു.

ലിംഗ വിവേചനം സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്ന
തിരിച്ചറിവാണ് ആദ്യം വേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍

ലിംഗ വിവേചനം എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍  വനിതാ ശിശുവികസനവകുപ്പ് സംഘടിപ്പിച്ച ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങളായിട്ടും ഇപ്പോഴും എന്തുകൊണ്ടാണ് ലിംഗനീതിയെന്ന് നാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. ലിംഗനീതിയും വികസനവും വനിതകളെ മാത്രം ബാധിക്കുന്ന ഒന്നല്ല. അത് സ്ത്രീയേയും പുരുഷനേയും ഒരുപോലെ ബാധിക്കുന്നു. ആ തിരിച്ചറിവാണ് ഉണ്ടാകേണ്ടതെന്നും, അതുണ്ടായാല്‍ മാത്രം മതി സമൂഹത്തിന്റെ വികസനത്തിനെന്നും കളക്ടര്‍ പറഞ്ഞു. ലിംഗനീതി എന്നത് ഔദാര്യമല്ല. ഇപ്പോഴും നിര്‍ഭയത്തോടെ ഞാന്‍ ആരാണ് എന്ന് വിളിച്ച് പറയാന്‍ എത്ര സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്. ലിംഗവിവേചനം നാം വീട്ടില്‍ നിന്നേ ആരംഭിക്കുന്നുവെന്നും അതിന് ആദ്യം മാറ്റം വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

 

ലിംഗനീതി : ഭാഷാപ്രയോഗങ്ങളില്‍ ആദ്യം മാറ്റം
വരണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഒരുപോലെ അവകാശപ്പെട്ടതാണ് ലിംഗനീതിയെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍  വനിതാ ശിശുവികസനവകുപ്പ് സംഘടിപ്പിച്ച ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. ആദ്യം മാറ്റം വരുത്തേണ്ടത് ഭാഷാ പ്രയോഗങ്ങളിലാണെന്നും പുരുഷന്മാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് നാം നിത്യജീവിത്തില്‍ ഉപയോഗിക്കുന്ന ഭാഷകളെല്ലാം എന്നും അദ്ദേഹം പറഞ്ഞു. അത് ഹിസ്റ്ററി മുതല്‍ തുടങ്ങുന്നു. ഹിസ് സ്റ്റോറിയാണ് ഹിസ്റ്ററി. അതിനെ ഒരിക്കലും ഹെര്‍ സ്റ്റോറി എന്ന് പറയാറില്ല. അതേ പോലെ ഹീറോ പോലെയുള്ള പദപ്രയോഗങ്ങളിലും മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാര്‍

സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍. ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ വനിതാ ശിശുവികസനവകുപ്പ് മുന്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ ആനന്ദി സെമിനാര്‍ നയിച്ചു. അടുത്ത തലമുറയോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ നമുക്ക് ലിംഗ നീതിയെ കുറിച്ച് അവബോധമുണ്ടാകണം എന്നും ലിംഗസമത്വം തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണെന്നും ഡോ.ടി.കെ ആനന്ദി പറഞ്ഞു. സാക്ഷരത, ജനകീയാസൂത്രണം പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ പൊതുഇടങ്ങള്‍ കൈക്കലാക്കി കഴിഞ്ഞു. പലപ്പോഴും നമ്മുടെ വീടുകളില്‍ പോലും ലിംഗനീതി നിഷേധിക്കപ്പെടുന്നുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുള്ള വീട്ടില്‍ എപ്പോഴും മുന്‍തൂക്കം ആണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് മിക്ക വീട്ടിലും കണ്ട് വരുന്ന പ്രവണതയാണ്. അത്തരം കാര്യങ്ങളിലാണ് ആദ്യം മാറ്റം വരേണ്ടത്. വീടുകളില്‍ രണ്ട് വിഭാഗക്കാര്‍ക്കും ഒരേ പരിഗണന നല്‍കണം. സ്ത്രീസുരക്ഷ നിയമങ്ങളെ കുറിച്ചും സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ട് വരേണ്ട ആവശ്യകതയെ കുറിച്ചും സെമിനാര്‍ കൈകാര്യം ചെയ്ത് സംസാരിച്ച ഡോ.ടി.കെ ആനന്ദി പറഞ്ഞു.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിജി മാത്യു, ജില്ലാ വനിതശിശുവികസന ഓഫീസര്‍ പി.എസ് തസ്നീം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ്, ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം എം.വി രമാദേവി, ദിശ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷാന്‍ രമേശ് ഗോപന്‍, അഡ്വ.എം.ബി ദിലീപ്കുമാര്‍, കോഴഞ്ചേരി മഹിളാമന്ദിരം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ.സ്മിത ചാന്ദ്, വനിതാ ശിശുസംരക്ഷണ ഓഫീസര്‍ എ.നിസ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊടുമണ്‍ റൈസിന്റെ പെരുമ എന്റെ കേരളം മേളയിലും

ഇതിനകം ബ്രാന്‍ഡായിക്കഴിഞ്ഞ കൊടുമണ്‍ റൈസിന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും ആവശ്യക്കാര്‍ ഏറെ. നെല്‍കൃഷി ലാഭമല്ല… മെച്ചമല്ല… എന്നൊക്കെ പറയുന്ന ഒരു കാലം ഇപ്പോഴും നമുക്കിടയിലുണ്ട് എന്നാല്‍ അങ്ങനെയുള്ളവരെ എല്ലാവരും കൂടി കൂടി മണി വരെ കൊടുമണ്‍ വരെ ഒന്ന് പോണം, കൊടുമണ്ണിലെ കര്‍ഷകരെ കണ്ടുപഠിക്കണം. അരിയുടെ പേരില്‍ ഒരു പഞ്ചായത്ത് അറിയപ്പെടുക എന്ന് പറഞ്ഞാല്‍ അത്ര ചില്ലറ കാര്യമൊന്നുമല്ല. വിപണനസാധ്യത മുന്നില്‍കണ്ട് മാത്രം കൃഷി ചെയ്യുന്നവരുമുണ്ട്.

എന്നാല്‍ ഇവിടുത്തെ കര്‍ഷക അങ്ങനെയല്ല;  നല്ല കൃഷി ചെയ്യണമെന്ന ആഗ്രഹം ഉള്ളവരാണ് ഇവര്‍. അതായത് നല്ല ഒന്നാന്തരം തവിടോടുകൂടിയ അരി മലയാളികള്‍ക്ക് ലഭിക്കാനായി കൃഷിയിറക്കിയവര്‍. ഇന്ന് ഉണ്ടാകുന്ന പല പകുതി അസുഖങ്ങള്‍ക്കും പരിഹാരമാകുന്നു എന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ശ്രമകരമായ നീക്കം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാര്‍ഷികമേഖലയില്‍ പൊതു കൂട്ടായ്മയുടെ വിപ്ലവ ചരിത്രമാണ് കാര്‍ഷിക ഉത്പാദക സംഘങ്ങള്‍ അഥവാ എഫ്പിഒ. കര്‍ഷകര്‍ക്കു വേണ്ടി കര്‍ഷകര്‍ തന്നെ നടത്തുന്ന ഫലവത്തായ കൂട്ടായ്മയാണ് ഇവ. ചെറുകിട കര്‍ഷകര്‍ക്ക് നല്‍കുന്ന കൈത്താങ്ങ് പിന്തുണയും വിലമതിക്കുന്നതിനും  അപ്പുറമാണ്.

കര്‍ഷകര്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനൊപ്പം വിപണനവും സംസ്‌കരണവും അടക്കമുള്ള സാങ്കേതിക സേവനങ്ങള്‍ കൂടി നല്‍കുവാന്‍ എഫ്പിഒ പലപ്പോഴും സജ്ജമാക്കുന്നു എന്നുള്ളത് ശ്രദ്ധിക്കാതെ പോകരുത്. കൃഷി ചെയ്യുക മാത്രമല്ല അതിന്റെ വിപണനസാധ്യത വരെയുള്ള കാര്യങ്ങളില്‍ ഇവര്‍ വിജയിച്ചുകഴിഞ്ഞു. ഏതാണ്ട് 400 ഏക്കറിലാണ് ഇപ്പോള്‍ അവര്‍ കൃഷി ചെയ്യുന്നത്. കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയും ത്രിതല പഞ്ചായത്തും കൃഷിഭവനും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവിജയം മാതൃകയാണ് കൊടുമണ്ണില്‍ ഇന്ന് നാം കാണുന്നത്.
പി.കെ അശോകനാണ് എഫ് പി ഒയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത്. കമ്പനിയില്‍ 150 ഓളം ഷെയര്‍ ഹോള്‍ഡേഴ്‌സ് ആണുള്ളത്. രുചീസ് എന്ന ബ്രാന്‍ഡില്‍ വാഴപിണ്ടി അച്ചാറും ജ്യൂസും, ചക്ക ഉല്‍പ്പന്നങ്ങള്‍, അവല്‍, അച്ചപ്പം തുടങ്ങി ബേക്കറി വിഭവങ്ങള്‍ക്കും പെരുമയും പ്രസ്തിയുമായി.

തവിടോട് കൂടിയ കൊടുമണ്‍ റൈസ് എന്ന ബ്രാന്‍ഡ് ഇതിനോടകം വിപണിയില്‍ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. സ്വന്തമായി ഒരു മില്ലും കൂടി വേണമെന്ന് ഇവരുടെ ആവശ്യം ന്യായമായതിനാല്‍ അതും വേഗം സാധിക്കണമെന്ന കാര്യം കര്‍ഷക കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നു.

കടല്‍ കടന്ന് പെരുമയാര്‍ജിച്ച കേരളത്തിന്റെ സ്വന്തം ദിനേശ്

ദിനേശ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഇത് ഒരു ബീഡി കഥ ആണെന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. കണ്ണൂരില്‍ തുടങ്ങി രാജ്യാന്തര വിപണിനിലവാരത്തില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ കഴിയുന്നവരാണ് മലയാളികള്‍ എന്നാണ് ഈ ബ്രാന്‍ഡ് ഓര്‍മ്മിപ്പിക്കുന്നത്. ബീഡിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഭാഗമായി കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയോട് അനുബന്ധിച്ച് ഒരു സ്റ്റോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനിച്ചു വീഴുന്ന പിഞ്ചു കുഞ്ഞു മുതല്‍ പ്രായമുള്ളവര്‍ക്ക് വരെ അണിയുവാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് സജ്ജമാണ്.

 

ഒരു ഒരു മനുഷ്യന് ഒരു വീട്ടിലേക്ക് ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആയ ജാം, സ്‌ക്വാഷ്, മസാലപ്പൊടികള്‍, തേയില, അച്ചാറ് കുടകള്‍ എല്ലാ വസ്തുക്കളും ഇവിടെ നിന്നും ലഭ്യമാകുന്നു. മലയാളികള്‍ കോവിഡ് കാലത്ത് മാത്രം ശീലിച്ച സാധ്യതകള്‍ മുന്‍പേതന്നെ ദിനേശ് എന്ന ബ്രാന്‍ഡില്‍ ഇറക്കിയിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ സാനിറ്റൈസര്‍ ഇന്ത്യയും വിവിധ ഫ്‌ലേവറുകള്‍ ദിനേശ് പുറത്തിറക്കുന്നു. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും അങ്ങ് കടല്‍കടന്നു യൂറോപ്പ് വരെ എത്തിനില്‍ക്കുന്ന വലിയ ചരിത്രമാണ് ദിനേശിന് പങ്കുവയ്ക്കാന്‍ ഉള്ളത്.

റെഡ് ടാഗ് മാം എന്ന ബ്രാന്‍ഡിന് വേണ്ടി പുരുഷന്മാരുടെ ഷര്‍ട്ടുകള്‍ സൊസൈറ്റി തയ്ച്ചു നല്‍കുന്നു. കൂടാതെ കോട്ടണ്‍ ഷര്‍ട്ടുകള്‍ ദിനേശ് ഡ്യൂക്ക്, കളര്‍ ക്ലബ്ബ് , ഡി എക്‌സ്പ്രസ്, എന്നീ പേരുകളിലും ലിനന്‍ ഷര്‍ട്ടിന്റെ ബ്രാന്‍ഡായ മാര്‍ക്ക് ഹെന്‍ട്രി യുഎഇയിലും സൗത്ത് ആഫ്രിക്കയിലേക്ക് വരെ കയറ്റുമതി ചെയ്യുന്നുണ്ട്. തയ്യലിന്റെ പെരുമ കടല്‍കടന്ന് വിദേശരാജ്യങ്ങളും കീഴടക്കുമ്പോള്‍ പ്രമുഖ വില്‍പ്പന ഓണ്‍ലൈനായ ആമസോണില്‍ കെലിബൈയിലും, കേരള ദിനേശ് ഷോപ്പി വഴിയും ലോകമെമ്പാടും പെരുമയെത്തിക്കാനാണ് ശ്രമം.

 

കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെ

എന്റെ കേരളം ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാളുകളിലും ആവശ്യക്കാരുടെ തിരക്ക്. ഇവിടെ ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെടുന്നത് ആനയുടെ ശില്പമാണ്. റോസ് വുഡിലും വൈറ്റ് വുഡിലും തീര്‍ത്ത ആരാധന വിഗ്രഹങ്ങള്‍ക്കും വളരെ ആവശ്യക്കാരുണ്ട്.

ഇതുകൂടാതെ ആറന്മുളക്കണ്ണാടി ചുണ്ടന്‍വള്ളങ്ങള്‍ നെറ്റിപ്പട്ടങ്ങള്‍ കേരള സോപ്‌സ്, കേരള സാന്‍ഡല്‍ സോപ്പുകള്‍, റോസ് വുഡിലെ കഥകളി രൂപങ്ങള്‍, കഥകളി വേഷവിതാനങ്ങളുടെ ശില്‍പം ഇവയ്‌ക്കൊക്കെ ആവശ്യക്കാര്‍ ഏറെയാണ്. അടുക്കളയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കരകൗശല വസ്തുക്കളും ഇവിടെയുണ്ട്. കത്തികള്‍ തൂക്കിയിടാനുള്ള റാക്ക്, സ്പൂണ്‍ സ്റ്റാന്‍ഡ്, ഏത് പ്രതലത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ചിരവ എന്നിവയും ചിരട്ടയില്‍ തീര്‍ത്ത വിസ്മയങ്ങളും ഇവിടെ വാങ്ങാന്‍കിട്ടും.

 

വിധുപ്രതാപിന്റെ ഗാനമേള ( 16)

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. ജില്ലാ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകിട്ട് ഏഴിനാണ് ഗാനമേള ആരംഭിക്കുന്നത്.
സിനിമാ സീരിയല്‍ താരങ്ങളായ കോട്ടയം സുഭാഷും ജോബി പാലായും ഇന്ന് കലാവേദിയിലെത്തും. വൈകിട്ട് നാലിന് ഇരുവരും ചേര്‍ന്നുള്ള തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേള അരങ്ങേറും.

ഇന്നത്തെ പരിപാടി

10.00 ജീവിതശൈലി രോഗങ്ങളും ആയുര്‍വേദവും – സെമിനാര്‍. സംഘാടനം ആരോഗ്യവകുപ്പ് ഐഎസ്എം വിഭാഗം.
11.30 വയോജനക്ഷേമവും സംരക്ഷണവും നിയമം 2007 – സെമിനാര്‍. സംഘാടനം സാമൂഹിക നീതി വകുപ്പ്.
2.30 ഭിന്നശേഷി കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെയും ഗ്രൂപ്പുകളുടെയും കലാപരിപാടികള്‍.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കലാപരിപാടികള്‍.
4.00 കോട്ടയം സുഭാഷും ജോബി പാലായും അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേള.
5.30 നാടകം കോഴിപുരാണം. അവതരണം പത്തനംതിട്ട ജില്ല ലൈബ്രറി കൗണ്‍സില്‍.
7.00 പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

error: Content is protected !!