Input your search keywords and press Enter.

ജയൻ തിരുമന :ഈ പേരിന് പിന്നില്‍ നാടകം ഉണ്ട് , കഥാപാത്രം ഉണ്ട്

 

നാടകരംഗത്ത് 36 വർഷം പൂർത്തിയാക്കിയ കേരളത്തിലെ പ്രശസ്തനായ നാടകരചയിതാവും, ഗാനരചയിതാവും, സംവിധായകനും തിരക്കഥാകൃത്തുമായ കലാകാരനാണ് ജയൻ തിരുമന എന്ന ജയ ചന്ദ്രന്‍ .

കഥ പറയുന്ന യമുനയിലൂടെ നാടക രംഗത്ത്‌ കടന്നു വന്ന് നാടക കലാശാലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ജയന്‍ തിരുമനയുടെ പടയോട്ടം കാണുക . ആദ്യമായി ആര്യാവര്‍ത്തം നാട്ടില്‍ കളിക്കുമ്പോള്‍ ജയന്‍ തിരുമന എന്ന കലാകാരന്‍റെ അക്ഷരങ്ങള്‍ക്ക് ജീവന്‍ വെച്ചു . പിന്നെ ഇങ്ങോട്ട് ഉള്ള യാത്രയില്‍ മനസ്സില്‍ നാടകം എന്ന യജ്ഞ ശാല ഉണര്‍ന്നു . ഇവിടെ പിറന്നത്‌ അനേക ജീവനുള്ള കഥാപാത്രം . നാടിനു നേരെ ഗര്‍ജിക്കുന്ന വാക്കുകള്‍ തൊടുത്തു വിട്ടു . ജയന്‍ തിരുമന ഇവിടെ ഉണ്ട് . നമ്മോട് ഒപ്പം . കേന്ദ്ര കേരള സര്‍ക്കാരുകള്‍ ബഹുമുഖ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ കാലമായി . നാടകരചനയ്ക്കും സംവിധാനത്തിനുമായി എട്ടോളം സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കണ്ണകി, കടത്തനാട്ടമ്മ, തീപ്പൊട്ടൻ തുടങ്ങിയ നാടകങ്ങൾക്ക് രചനയ്ക്കും, നവരസനായകൻ തീപ്പൊട്ടൻ എന്നിവയ്ക്ക് സംവിധാനത്തിനും സംസ്ഥാന സർക്കാരിന്‍റെ അവാർഡ് ലഭിച്ചു.


ഗുരുകുലം എന്ന നാടകം സ്പെഷ്യൽ ജൂറി പുരസ്ക്കാരം നേടി. വയലാർ സ്മാരക അവാർഡ്, തിലകൻ സ്മാരക അവാർഡ്, ബാലൻ കെ നായർ പുരസ്ക്കാരം, തോപ്പിൽ ഭാസി അവാർഡ്, ഇ എം എസ് സാംസ്ക്കാരിക വേദി പുരസ്ക്കാരം, എസ് എൽ പുരം, ജഗതി എൻ കെ ആചാരി അവാർഡുകൾ, ബോധി അവാർഡ്, എസ് എൻ വൈ എസ് ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ പുരസ്ക്കാരം എന്നിവയുൾപ്പെടെ അഞ്ഞൂറോളം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ബഹറൈനിൽ വെച്ചു നടന്ന അന്തർദേശീയ നാടക മത്സരത്തിൽ മണ്ണൊന്ന് മനുഷ്യനൊന്ന് എന്ന നാടകത്തിന് അന്താരാഷ്ട്ര പുരസ്ക്കാരവും ലഭിച്ചു. റിയാദ് കലാഭവൻ കർമ്മ പുരസ്ക്കാരം നൽകി ആദരിക്കുകയും ചെയ്തു. സൗദി, ഖത്തർ, ബഹ്റൈൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിൽ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട് .

 

കാച്ചിക്കുറുക്കിയതും ആവേശം നിറയ്ക്കുന്നതുമായ സംഭാഷണങ്ങളാണ് ജയൻ തിരുമനയുടെ നാടകങ്ങളുടെ കരുത്ത്. സാമൂഹ്യ പ്രസക്തമായ പ്രമേയം, കരുത്തുറ്റ രചനാ ശൈലി, ചടുലമായ രംഗഭാഷ എന്നിവ കൊണ്ട് അദ്ദേഹത്തിന്‍റെ നാടകങ്ങളെല്ലാം ജനപ്രിയങ്ങളായി. തീപ്പൊട്ടൻ, നവരസനായകൻ, വർത്തമാനത്തിലേക്കൊരു കണ്ണകി, ടിപ്പു സുൽത്താൻ, കുഞ്ഞാലി മരയ്ക്കാർ, 1921 ഖിലാഫത്ത് തുടങ്ങി തിരുമനയുടെ നാടകങ്ങൾ ഓരോന്നും അരങ്ങിൽ ഇടിമുഴക്കം തീർത്തവയാണ്.

മുന്നൂറോളം നാടകങ്ങൾ ജയൻ ഇതിനകം എഴുതിയിട്ടുണ്ട്. ഏകദേശം അത്രത്തോളം നാടകങ്ങളുടെ സംവിധാനവും നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി. ഇപ്പോൾ കണ്ണൂർ ജില്ലയിലെ പയ്യാവൂരിനടുത്തുള്ള മഞ്ഞാങ്കരിയിൽ പറമ്പത്ത് വീട്ടില്‍ താമസം.

അച്ഛൻ കരുണാകരക്കുറുപ്പ് നാട്ടിലെ സുന്ദര കലാസമിതിയുടെ അധ്യക്ഷനായിരുന്ന കാലത്ത് പലപ്പോഴും അവിടെ ചെസ് കളിക്കാൻ പോയിരിന്ന ജയൻ ഒരു ദിവസം സമിതിയുടെ നാടകം സംവിധാനം ചെയ്യാൻ വന്ന ആൾക്ക് സുഖമില്ലാതായി. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും നിന്നപ്പോൾ ഒരാവേശത്തിൽ ജയൻ ഒരു നാടകം എഴുതിക്കൊണ്ടുവരാമെന്ന് പറയുകയായിരുന്നു. പിന്നീട് ധാരാളം വായിക്കാനും നാടകങ്ങൾ കാണാനും തുടങ്ങിയ ജയൻ ആര്യാവർത്തം
എന്ന നാടകം എഴുതി സംവിധാനം ചെയ്തു, ആ നാടകം പ്രദേശത്ത് അരങ്ങേറി, നാദാപുരത്ത് രാഷ്ട്രീയ സംഘട്ടനങ്ങൾ നടക്കുന്നൊരു കാലമായിരുന്നു അത്. ആ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നാടകം കഥ പറഞ്ഞത്.

വടകര വരദ, കോഴിക്കോട് രംഗഭാഷ, സങ്കീർത്തന, വൈക്കം മാളവിക, തിരുവനന്തപുരം സങ്കീർത്തന, അങ്കമാലി അരമന തുടങ്ങി എഴുപതോളം സമിതികളുടെ നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവ്വഹിച്ചു.

നാടക രചനയ്ക്ക് സംസ്ഥാന അവാർഡ് നേടിയ നാടകമാണ് കോഴിക്കോട് രംഗഭാഷയുടെ വർത്തമാനത്തിലേക്കൊരു കണ്ണകി. കണ്ണകിയെ സാധാരണ വീട്ടമ്മയായി ചിത്രീകരിക്കുകയായിരുന്നു ആ നാടകം.

സംവിധാനത്തിന് അവാർഡ് കിട്ടിയ നാടകമാണ് നവരസനായകൻ. കാളപ്പോര് പശ്ചാത്തലമാക്കി ഫാസിസ്റ്റ് വത്ക്കരണത്തിനെതിരെ ശബ്ദമുയർത്തുകയായിരുന്നു ആ നാടകം. മികച്ച സംവിധായകനും രചയിതാവിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ നാടകമാണ് തീപ്പൊട്ടൻ. പൊട്ടൻ തെയ്യത്തിലൂടെ ദലിത് അവസ്ഥകൾ ചിത്രീകരിച്ച നാടകം കണ്ണൂർ രാഷ്ട്രീയവുമായും ബന്ധപ്പെട്ടു നിൽക്കുന്നു.

അടിച്ചമർത്തപ്പെട്ടവർക്കും അടിയാളർക്കും വേണ്ടി അവസാന ശ്വാസം വരെ പോരാടിയ കരുത്തുറ്റ സമര പോരാളി മണ്ടോടി കണ്ണന്‍റെ ജീവിതം അരങ്ങിലെത്തിച്ചത് കോഴിക്കോട് നവചേതന റെഡ് ഫൈറ്റേഴ്സ് തിയറ്റർ ഗ്രൂപ്പാണ്. മനോജ് നാരായണനും ജയൻ തിരുമനയും ചേർന്നായിരുന്നു നാടകം ഒരുക്കിയത്.

വടക്കൻ പാട്ടുകളിലെ ധീരവനിതകളിൽ ഒരാളായ മതിലേരിക്കന്നിയുടെ ചരിത്രത്തെ പുതിയ കാലത്തിന്‍റെ അനുഭവ വിചാരങ്ങളിലേക്ക് കൂട്ടിച്ചേർത്ത് വായിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ജയൻ തിരുമന രചനയും സംവിധാനവും നിർവ്വഹിച്ച ‘മതിലേരിക്കന്നി.’ കോഴിക്കോട് സങ്കീർത്തനയ്ക്ക് വേണ്ടി ജയൻ തിരുമന രചിച്ച് രാജീവൻ മമ്മിളി സംവിധാനം ചെയ്ത ‘മാമാങ്കം’ ചാവേറുകളായി ഒടുങ്ങാൻ വിധിക്കപ്പെട്ട മനുഷ്യരുടെ ജീവിതമായിരുന്നു പറഞ്ഞത്. കുമാരനാശാന്‍റെ ഗൗനിക്കപ്പെടാതെ പോയ സർഗജീവിതവും രചനകളും പുനർവായനയ്ക്ക് വിധേയമാക്കുക എന്ന ചരിത്ര ദൗത്യമാണ് ‘കുമാരനാശാനും ചണ്ഡാലഭിക്ഷുകയും’ എന്ന നാടകം നിർവ്വഹിക്കുന്നത്.

 

അനിൽ കുമാർ ആലത്തുപറമ്പ് രചിച്ച നാടകം സംവിധാനം ചെയ്തത് ജയൻ തിരുമനയായിരുന്നു, വൈദേശീക അധിനിവേശത്തിനെതിരെ പറങ്കികളോട് ഏറ്റുമുട്ടിയ കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം പറയുകയായിരുന്നു ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന നാടകം.

കുഞ്ഞാലി മരയ്ക്കാർ മൂന്നാമന്‍റെ ജീവിതമായിരുന്നു ആ നാടകം. ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വീരനായകന്‍റെ ജീവിതം പുതിയ കാലത്തിൽ സത്യസന്ധമായി വായിക്കാനുള്ള ശ്രമമായിരുന്നു ‘ടിപ്പു സുൽത്താൻ’ എന്ന നാടകം. എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് ‘അച്ഛൻ’ എന്ന നാടകം എഴുതിയത്.

ഗരുഢമന്ത്രം, എന്തൊരു മഹാനുഭാവലു, ചന്ദനഗന്ധം പോലെ, സ്വർഗയാഗം, അക്ഷയഭൂമി, ദേശവിളക്ക്, ജീവിത യാത്ര, മഹാകവി കുമാരനാശാൻ, മാണിക്യക്കല്ല്, തീർത്ഥാടനം, ദ്രൗപതി ഇല്ലി, മുച്ചിലോട്ട് ഭഗവതി, വൈദ്യഗ്രാമം, കനൽ, കുട്ടിച്ചാത്തൻ, കടത്തനാട്ടമ്മ, ഇത് മഹാഭാരതം, അമ്മ രാജ്യം, മണിവർണ്ണതൂവൽ, മായാമോഹനം, ഗുരുകുലം തുടങ്ങി ഉന്തുവണ്ടിയിൽ എത്തി നിൽക്കുമ്പോൾ എന്നീ മുന്നൂറോളം നാടകങ്ങളുടെ രചനയും അത്ര തന്നെ നാടകങ്ങളുടെ സംവിധാനവും നിർവ്വഹിച്ചു.

ഈ കലാകാരനെ കേരള ജനത ബഹുമാനിക്കുന്നു . അക്ഷരം അഗ്നിയാണ് . നാടകം എന്ന കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇതേ പോലെ ഉള്ള കലാകാരന്‍മാരെ ബഹുമുഖ അവാര്‍ഡ് നല്‍കി ആദരിക്കണം . ഒപ്പം വകുപ്പുകളുടെ ചുമതല നല്‍കി ചെയര്‍മാന്‍ ഇരിപ്പിടം നല്‍കി ബഹുമാനിക്കണം .

error: Content is protected !!