Input your search keywords and press Enter.

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു:ജാഗ്രത പുലര്‍ത്തണം

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു:ജാഗ്രത പുലര്‍ത്തണം

വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം: ഡിഎംഒ

എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ജാഗ്രത കൈവെടിയരുതെന്നും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഈ സാഹചര്യത്തില്‍ വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവരും തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. രോഗ പ്രതിരോധത്തിന് ഡോക്സിസൈക്ലിന്‍ ഗുളിക ഫലപ്രദമാണ്.

രോഗബാധാ സാധ്യത കൂടുതലുളളവര്‍ക്ക് ഡോക്സിസൈക്ലിന്‍ ഗുളിക പ്രതിരോധ മരുന്ന് എന്ന രീതിയില്‍ നല്‍കാവുന്നതാണ്. 200 എംജി ഡോക്സിസൈക്ലിന്‍ ഗുളിക ആഴ്ചയില്‍ ഓരോ ഡോസ് വീതം ആഹാരത്തിനു ശേഷം കഴിക്കുന്നത് രോഗബാധ തടയുന്നതിന് സഹായകമാകും. ഇപ്രകാരം ആറ് ആഴ്ച വരെ തുടര്‍ച്ചയായി പ്രതിരോധ മരുന്ന് നല്‍കാവുന്നതാണ്. ഡോക്സിസൈക്ലിന്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.

രോഗ വ്യാപനം
കെട്ടിക്കിടക്കുന്ന മഴവെളളത്തില്‍ ഇറങ്ങുന്നവര്‍ക്കും മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി സാധ്യത കൂടുതലുളളത്. രോഗ വാഹകരായ എലി, പട്ടി, പന്നി, കന്നുകാലികള്‍ എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെളളത്തില്‍ കലരുന്നു. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും, മുറിവിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനി ഉണ്ടാകുന്നത്.

രോഗ ലക്ഷണങ്ങള്‍
പനി, പേശീ വേദന, തലവേദന, നടുവേദന, വയറു വേദന, ഛര്‍ദി, കണ്ണിനു ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍.

പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍
ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണി എടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

ഒഴുക്കില്ലാത്ത കെട്ടി നില്‍ക്കുന്ന വെളളത്തില്‍ കുളിക്കുകയോ കൈകാലുകള്‍ കഴുകുകയോ അരുത്. വെളളത്തില്‍ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ കട്ടിയുളള കൈയുറ, കാലുറ(ഗംബൂട്ട്) എന്നിവ ധരിക്കേണ്ടതാണ്.

തോട്, ഓട, കുളം എന്നിവിടങ്ങളിലെ വെളളം കൊണ്ട് മുഖവും വായും കഴുകരുത്.
എലിമൂത്രം കലര്‍ന്ന് മലിനമായ ആഹാരം കഴിച്ചാലും എലിപ്പനി രോഗം ബാധിക്കാം. അതിനാല്‍ ആഹാര പദാര്‍ഥങ്ങള്‍ അടച്ച് സൂക്ഷിക്കുകയും, തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുകയും വേണം. മീന്‍ പിടിക്കുന്നതിനായി വെളളക്കെട്ടുകളില്‍ ഇറങ്ങരുത്.
കൈകാലുകളില്‍ മുറിവുളളപ്പോള്‍ വെളളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആഹാര ശുചിത്വവും പാലിക്കുക.
ജലസ്രോതസുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക
ഏത് പനിയും എലിപ്പനിയാകാം, രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ സ്വയം ചികിത്സ പാടില്ല. ഉടന്‍തന്നെ ആരോഗ്യകേന്ദ്രങ്ങളിലെത്തി വൈദ്യസഹായം തേടേണ്ടതാണ്.

error: Content is protected !!