ഹജ്ജ് : കേരളത്തിൽ നിന്ന് പുറപ്പെട്ട 1884 തീർത്ഥാടകർ മദീനയിലെത്തി • ലക്ഷദ്വീപിൽ നിന്നുള്ള സംഘം നാളെ ഹജ്ജ് ക്യാമ്പിൽ എത്തും
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെട്ട 1884 തീർത്ഥാടകർ മദീനയിലെത്തി. ജൂൺ 4 മുതൽ നെടുമ്പാശ്ശേരിയിൽ നിന്ന് ആരംഭിച്ച ഹജ്ജ് സർവീസ് വഴി ഇതുവരെ 5 വിമാനങ്ങളാണ് മദീനയിലേക്ക് പുറപ്പെട്ടത്. മദീനയിലെത്തിയ ഹാജിമാർ ഹറമിനു പരിസരത്തെ സൗറ ഇന്റർനാഷണൽ, കറം അൽ ഖൈർ എന്നീ ഹോട്ടലുകളിലാണ് താമസിക്കുന്നത്. മദീനയിൽ എത്തുന്ന തീർത്ഥാടകർക്ക് താമസ സൗകര്യം ഒരുക്കുന്നതിനും, മൊബൈൽ സിം ആക്ടിവേഷൻ ചെയ്യുന്നതിനും പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചുവരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടേഷനിൽ എത്തിയ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരാണ് മദീനയിലെ താമസ അനുബന്ധ ക്രമീകരണങ്ങൾ ചെയ്യുന്നത്.
ഇന്ന് യാത്രാതിരിച്ച എസ് വി 5711 നമ്പർ വിമാനത്തിൽ 173 പുരുഷന്മാരും 203 സ്ത്രീകളും പുറപ്പെട്ടു.ഇവർക്കുള്ള യാത്രയയപ്പ് പ്രാർത്ഥന സംഗമത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. എം പി അബ്ദു സമദ് സമദാനി, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ ഡോ. ഐ.പി അബ്ദു സലാം, പി. ടി അക്ബർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മുനാമ്മിൽ ഹാജി, തളീക്കര സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, അസീസ് സഖാഫി അസി. സെക്രട്ടറി എൻ മുഹമ്മദലി ഹജ്ജ് സെൽ ഓഫീനാർ എസ് നജീബ്, യൂസുഫ് പടനിലം, കോർഡിനേറ്റർ മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.
നാളെ (8.6.2022)രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്തും. രാവിലെ 7.30 നു എസ് വി 5311 നമ്പർ വിമാനവും രാത്രി 10.30 ന് എസ് വി 5715 നമ്പർ വിമാനവുമാണ് സർവ്വീസ് നടത്തുക. ഈ രണ്ട് വിമാനങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിലെ ഓരോ വിമാനവും വനിതാ തീർത്ഥാടകർക്കു പ്രത്യേകമായുള്ളതാണ്. ലക്ഷദ്വീപിൽ നിന്നുള്ള 143 തീർത്ഥാടകർ നാളെ ഉച്ചക്ക് ഹജ്ജ് ക്യാമ്പിൽ എത്തും. ലക്ഷദ്വീപ് തീർത്ഥാടകരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ക്യാമ്പിലേക്ക് സ്വീകരിക്കും.മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ലക്ഷദ്വീപ് ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസർ ഷാജഹാൻ കൽപ്പേനി, ഓഫീസർമാരായ മുസ്തഫ കവരത്തി, ശംസുദ്ദീൻ ചെത്ത്ലത്ത്, എന്നിവർ ഇന്ന് ഹജ്ജ് ക്യാമ്പിൽ എത്തി. കേരള ഹജ്ജ് കാര്യമന്ത്രി വി അബ്ദുറഹ്മാന്റെ സെക്രട്ടറി യൂസഫ് പടനിലം,മുൻ എംഎൽഎയും മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ കൂടിയായ കാരാട്ട് റസാക്ക്, ഹജ്ജ് കോഡിനേറ്റർ അഷ്റഫ് അരയങ്കോട്, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മീഡിയ കൺവീനർ കെ. കെ ഷമീം കൽപേനി, എന്നിവർ ഇവരെ ക്യാമ്പിലേക്ക് സ്വീകരിച്ചു.