Input your search keywords and press Enter.

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കും

 

പ്ലസ്‌ വൺ: 56,935 അധിക സീറ്റുകൂടി ; യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കുംമുമ്പുതന്നെ 56,935 പ്ലസ്‌ വൺ സീറ്റ്‌ അധികമായി അനുവദിച്ച്‌ പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അരലക്ഷത്തിലേറെ അധിക സീറ്റ്‌ ഉറപ്പാക്കി പ്ലസ്‌വൺ പ്രവേശന നടപടി ആരംഭിക്കുന്നത്‌ ഇതാദ്യമാണ്‌.
ഇതോടെ മികച്ച യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം ഉറപ്പാകും. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗവ. ഹയർ സെക്കൻഡറികളിൽ 30 ശതമാനം സീറ്റും എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റുമാണ്‌ വർധിപ്പിച്ചത്‌. എയ്ഡഡിൽ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടാൽ ഇനിയും 10 ശതമാനം വർധന അനുവദിക്കും.

കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റും വർധിപ്പിച്ചു. കഴിഞ്ഞവർഷം താൽക്കാലികമായി അനുവദിച്ച 79 ഉൾപ്പെടെ 81 ബാച്ച്‌ ഈ വർഷവും ഉണ്ട്‌. ഗവ, എയ്ഡഡ്, അൺ എയ്ഡഡ് ഹയർ സെക്കൻഡറികളിലായി പ്ലസ് വണ്ണിന്‌ 3,61,307 സീറ്റാണ്‌ ഉണ്ടായിരുന്നത്‌. സീറ്റ്‌ വർധിപ്പിച്ചതോടെ അത്‌ 4,18,242 ആയി. ഗവ. സ്കൂളുകളിലെ സീറ്റ് 1,74,110 ഉം എയ്ഡഡ് സീറ്റുകൾ 1,89,590ഉം ആയി ഉയർന്നു.

4,18,242 സീറ്റിൽ 2,87,133 സീറ്റാണ് ഏകജാലക പ്രവേശന രീതിയിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്. 37,918 സീറ്റ്‌ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്‌ ക്വോട്ടയിലും 31,244 സീറ്റ് കമ്യൂണിറ്റി ക്വോട്ടയിലും 54,542 എണ്ണം അൺ എയ്ഡഡ് മേഖലയിലുമാണ്‌. ഇവ കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 30,000 സീറ്റുമുണ്ട്‌.
ജൂലൈ 18 വരെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻവർഷങ്ങളിൽനിന്ന് ചില വ്യത്യാസങ്ങൾ ഇത്തവണത്തെ പ്രവേശനത്തിലുണ്ടാകും. മാർജിനൽ സീറ്റ് വർധനയും താൽക്കാലിക അധികബാച്ചുകളും മുൻകൂട്ടി അനുവദിച്ചിട്ടുള്ളതിനാൽ മെറിറ്റടിസ്ഥാനത്തിൽ എല്ലാസീറ്റിലേക്കും ആദ്യഘട്ടംമുതൽ പ്രവേശനം ഉറപ്പാകുന്നതാണ്. അലോട്ട്‌മെന്റിന്റെ വിവിധ ഘട്ടങ്ങൾക്കിടയിൽ സീറ്റുകളും ബാച്ചുകളും വർധിക്കുന്നതിനനുസരിച്ച് സ്കൂൾ ട്രാൻസ്ഫർ അനുവദിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. വൊക്കേഷണൽ ഹയർ സെക്കൻഡറിക്കും ഹയർ സെക്കൻഡറിക്കും ഒരുപോലെ മൂന്ന് അലോട്ട്‌മെന്റ്‌ സപ്ലിമെന്ററി അപേക്ഷ ക്ഷണിക്കുന്നതിനു മുമ്പ് ഉണ്ടാകും. അതിനാൽ പ്രവേശനനടപടികൾ കൂടുതൽ സുഗമമായും വേഗത്തിലും പൂർത്തിയാക്കാൻ കഴിയും. ഇത്തരം കാര്യങ്ങളിൽ മുൻകൂട്ടിയുള്ള സർക്കാർ തീരുമാനം വേണ്ടിയിരുന്നതിനാലാണ് എസ്എസ്‌എൽസി പരീക്ഷാഫലം വന്നയുടനെ പ്ലസ് വൺ പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിക്കാതിരുന്നത്.

പ്ലസ് വൺ അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് ഏകജാലക പ്രവേശനത്തിനായുള്ള വെബ്സൈറ്റിലെ പ്രോസ്പെക്ടസും സർക്കുലറുകളും കൃത്യമായി വായിച്ച് മനസ്സിലാക്കണം. അഭിരുചിക്കും താൽപ്പര്യത്തിനുമനുസരിച്ചുള്ള കോഴ്സ് കോഡുകൾ മനസ്സിലാക്കി മുൻഗണനാക്രമത്തിൽ പട്ടികപ്പെടുത്തണം. ചേരാനാഗ്രഹിക്കുന്ന സ്കൂളുകളുടെ കോഡുകളും അതുപോലെ മുൻഗണനാക്രമത്തിൽ പട്ടികപ്പെടുത്തണം. പ്രവേശനം നേടാനാഗ്രഹിക്കുന്ന കോഴ്സ് കോമ്പിനേഷനും ആഗ്രഹിക്കുന്ന സ്കൂളും ഒരുപോലെ ലഭ്യമാകണമെന്നില്ല. അത്തരം സാഹചര്യത്തിൽ മുൻഗണന നൽകേണ്ടതെന്തിനാണെന്ന് ആലോചിച്ചുവേണം തീരുമാനമെടുക്കാൻ. റവന്യു ജില്ലാടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. ഒരാൾക്ക് ഒന്നിലധികം ജില്ലകളിൽ അപേക്ഷിക്കുന്നതിന് തടസ്സമില്ല. ഒരാൾക്ക് എത്ര സ്കൂളുകൾ വേണമെങ്കിലും മുൻഗണനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാം. അപേക്ഷകരുടെ പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചിരിക്കുന്ന ബോണസ് പോയിന്റുകൾ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ അടുത്തടുത്ത സ്കൂളുകൾ ലഭ്യമാകുന്നതിനു വേണ്ടിയാണ്. ഒരുജില്ലയുടെ പലഭാഗങ്ങളിലേക്ക് അലോട്ട്‌മെന്റ്‌ മാറിപ്പോകുന്നതിൽനിന്ന് അത് ഒരുപരിധിവരെ സഹായിക്കുന്നു.

എസ്എസ്എൽസി, ടിഎച്ച്എൽസി, സിബിഎസ്‌ഇ, ഐസിഎസ്ഇ എന്നിവയൊഴികെയുള്ള പരീക്ഷാബോർഡുകളിൽനിന്ന് പത്താംക്ലാസ് ജയിച്ചവർ മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാസർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അതുപോലെ ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്തകോപ്പി അപ്‌ലോഡ് ചെയ്യണം. മറ്റൊന്നിനും സർട്ടിഫിക്കറ്റ് പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട. സംവരണവിഭാഗക്കാർ ജാതിരേഖപ്പെടുത്തുന്നതിൽ ശ്രദ്ധപുലർത്തണം. എസ്എസ്എൽസി ബുക്കിലെയും പ്ലസ് വൺ അഡ്മിഷൻ വിൻഡോയിലെയും കമ്യൂണിറ്റി കാറ്റഗറികളിൽ വ്യത്യാസംവരാൻ സാധ്യതയുണ്ട്. ബോണസ് പോയിന്റ്‌, ടൈബ്രേക്ക് ചെയ്യാനുള്ള അർഹത എന്നിവയ്‌ക്കുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷാസമയത്ത് കൈവശമുണ്ടാകണം. തെറ്റായി ആനുകൂല്യങ്ങൾ ക്ലയിം ചെയ്തിട്ട് അഡ്മിഷൻ സമയത്ത് രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നാൽ അഡ്മിഷൻ നഷ്ടപ്പെടും. ട്രയൽ അലോട്ട്‌മെന്റ്‌ കഴിഞ്ഞ് രജിസ്റ്റർ ചെയ്ത കാര്യങ്ങളിൽ തിരുത്തൽ വരുത്താൻ അവസരം നൽകുന്നുണ്ട്. ആവശ്യമുള്ളവർ അത് പ്രയോജനപ്പെടുത്തിയില്ലെങ്കിൽ ചിലപ്പോൾ അഡ്മിഷൻതന്നെ നഷ്ടമായേക്കാം.
സ്വന്തമായി അപേക്ഷ സമർപ്പിക്കുന്നവരും സേവനകേന്ദ്രങ്ങളുടെ സഹായത്തോടെ അപേക്ഷ സമർപ്പിക്കുന്നവരും തെറ്റ് കൂടാതെയാണ് അത് ചെയ്തതെന്ന് ഉറപ്പുവരുത്തണം. അപേക്ഷകരുടെ സ്വന്തമായ/രക്ഷിതാക്കളുടെ ഫോൺനമ്പരാണ് ഉൾപ്പെടുത്തേണ്ടത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെല്ലാം പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. അപേക്ഷാസമർപ്പണവുമായി ബന്ധപ്പെട്ട് സംശയമുള്ളവരെല്ലാം തൊട്ടടുത്ത സ്കൂളിലെ ഹെൽപ് ഡെസ്കിനെ സമീപിച്ചാൽ സഹായം ലഭിക്കും. ജില്ലാതലത്തിലും സഹായകസംവിധാനം ഉണ്ടാകും. സ്കൂൾതലത്തിലും ജില്ലാതലത്തിലും പരിഹാരമാകാത്തവ മാത്രമാണ് സംസ്ഥാന ഐസിടി സെല്ലിലും ഡയറക്ടറേറ്റിലും അറിയിക്കേണ്ടത്. വെബ്സൈറ്റിലും സർക്കുലറുകളിലും അതു സംബന്ധമായ വിശദാംശങ്ങൾ ലഭ്യമാണ്.

ഒന്നിൽ കൂടുതൽ ജില്ലകളിൽ 
അപേക്ഷിക്കുന്ന രീതി
ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ സർപ്പിക്കാം. അപേക്ഷിച്ച ജില്ലകളിലെല്ലാം ഒരേ സമയം അലോട്ട്മെന്റ് ലഭിച്ചാൽ അവർ ഏതെങ്കിലും ഒരു ജില്ലയിൽമാത്രം പ്രവേശനം നേടേണ്ടതും അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകൾ റദ്ദാകുന്നതുമാണ്. പ്രവേശനം നേടിയ ജില്ലയിൽ ആവശ്യമെങ്കിൽ താൽക്കാലിക അഡ്മിഷനിൽ തുടർന്ന് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകൾക്കായി കാത്തിരിക്കാം. എന്നാൽ, ആദ്യം ഒരു ജില്ലയിൽ മാത്രം അലോട്ട്മെന്റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശനം നേടുകയും ചെയ്‌തശേഷം തുടർന്നുള്ള അലോട്ട്മെന്റിൽ മറ്റൊരു ജില്ലയിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ചാൽ പുതിയ അലോട്ട്മെന്റ് സ്വീകരിക്കാം. പുതുതായി പ്രവേശനം നേടിയ ജില്ലയിലെ ഉയർന്ന ഓപ്ഷനുകളിലേക്ക്‌ മാത്രമേ ഈ വിദ്യാർഥിക്ക്‌ മാറാൻ കഴിയൂ. ആദ്യ ജില്ലയിലെ ഓപ്ഷനുകൾ റദ്ദാകുകയുംചെയ്യും.

പ്ലസ്‌ വൺ അലോട്ടുമെന്റിന്‌ ഇത്തവണ രണ്ടിൽനിന്ന്‌ മൂന്നായി മുഖ്യഘട്ടം വർധിപ്പിച്ചിട്ടുണ്ട്‌. ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ടുമെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസ് നൽകി നിശ്ചിത സമയത്തിനുള്ളിൽ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം. ഫീസ്‌ അടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികൾക്ക് പ്രവേശനത്തിന് പിന്നീട് അവസരം ലഭിക്കില്ല. താഴ്‌ന്ന ഓപ്ഷനിൽ അലോട്ടുമെന്റ് ലഭിക്കുകയും തുടർന്നുള്ള അലോട്ടുമെന്റുകളിൽ ഉയർന്ന ഓപ്ഷനിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. ഹയർ സെക്കൻഡറി പ്രവേശനയോഗ്യത തെളിയിക്കാനുള്ള അസ്സൽ രേഖകൾ സ്കൂൾ പ്രിൻസിപ്പലിനെ ഏൽപ്പിച്ചാൽ താൽക്കാലിക പ്രവേശനം ലഭിക്കും. താൽക്കാലിക പ്രവേശനം നേടാൻ ഫീസ്‌ അടയ്‌ക്കേണ്ടതില്ല.

മൂന്ന് അലോട്ടുമെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്‌ സപ്ലിമെന്ററി അലോട്ടുമെന്റുകൾ നടത്തും. മുഖ്യ അലോട്ടുമെന്റ് പ്രക്രിയ അവസാനിക്കുന്നതോടെ താൽക്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർഥികൾ പ്രവേശനം നിർബന്ധമായി സ്ഥിരപ്പെടുത്തണം.
– സപ്ലിമെന്ററി അലോട്ടുമെന്റിന് അപേക്ഷ ക്ഷണിക്കുംമുമ്പ്‌ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സപ്ലിമെന്ററി അലോട്ട്മെന്റിന്‌
അപേക്ഷ പുതുക്കൽ നിർബന്ധം

അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ടുമെന്റുകളിൽ ഒന്നിലും ഇടംനേടാനാകാത്തവർ സപ്ലിമെന്ററി അലോട്ടുമെന്റുകളിലേക്ക്‌ പരിഗണിക്കപ്പെടുന്നതിന്‌ നിലവിലുള്ള അപേക്ഷ പുതുക്കണം. ഓപ്ഷനുകളും പുതുക്കിനൽകണം. സപ്ലിമെന്ററി അലോട്ടുമെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ, കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കാവൂ. അപേക്ഷ പുതുക്കാതിരുന്നാൽ അലോട്ടുമെന്റിന് പരിഗണിക്കില്ല. നേരത്തെ അപേക്ഷ നൽകാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ടുമെന്റ്‌ ഘട്ടത്തിൽ അപേക്ഷിക്കാൻ അവസരം ലഭിക്കും.

error: Content is protected !!