അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം പതാകഉയര്‍ത്തും
ഉദ്ഘാടന സമ്മേളനത്തില്‍ ബഹു. ടൂറിസം പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ബഹു. ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, ബഹു. റവന്യൂ മന്ത്രി കെ. രാജന്‍, ബഹു. കൃഷിമന്ത്രി പി. പ്രസാദ്, ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും ജില്ലയിലെ ബഹു. എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
ആകെ 77 വള്ളങ്ങള്‍
ഒന്‍പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 20 വള്ളങ്ങളുണ്ട്. ചുരുളന്‍ -3, ഇരുട്ടുകുത്തി എ ഗ്രേഡ് -5, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -9, വെപ്പ് ബി ഗ്രേഡ് -9, തെക്കനോടി(തറ) -3, തെക്കനോടി(കെട്ട്)- 3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
രാവിലെ 11ന് മത്സരങ്ങള്‍ക്ക് തുടക്കമാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കുക. വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയാണ് ഫൈനല്‍ മത്സരങ്ങള്‍.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ഓരോ ഹീറ്റ്സിലും നാലു വള്ളങ്ങള്‍ വീതം മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കുവേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.
മികച്ച സമയം കുറിക്കുന്ന ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടും. ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
പുന്നമട സജ്ജം
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്റു പവലിയന്‍റെയും താത്കാലിക ഗാലറികളുടെയും നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാര്‍ട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.
വള്ളംകളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും.
പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം
പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്‍റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനില്‍നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്‍റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിപുലമായ പ്രചാരണ പരിപാടികള്‍
വള്ളംകളിയുടെ പ്രചാരണത്തിനായി എന്‍.ടി.ബി.ആര്‍ സൊസൈറ്റിയും സബ് കമ്മിറ്റികളും വിവിധ വകുപ്പുകളും ഏജന്‍സികളും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മത്സരങ്ങളില്‍ വന്‍ പങ്കാളിത്തമുണ്ടായി.
നെഹ്റു ട്രോഫിയുടെ മാതൃകയും സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനവും ഉള്‍പ്പെടുന്ന ട്രോഫി ടൂറിന് വിവിധ കേന്ദ്രങ്ങളില്‍ വള്ളംകളി ക്ലബ്ബുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആവേശകരമായ സ്വീകരണം നല്‍കി.
ഫോട്ടോ പ്രദര്‍ശനം ഇന്ന് (സെപ്റ്റംബര്‍ 2) വൈകുന്നേരം ആലപ്പുഴ ബീച്ചില്‍ സമാപിക്കും. കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക ഘോഷയാത്ര നാളെ(സെപ്റ്റംബര്‍ 3) ഉച്ചകഴിഞ്ഞ് മൂന്നിന് ഇ.എം.എസ് സ്റ്റേഡിയത്തില്‍നിന്ന് ആരംഭിക്കും. ഘോഷയാത്ര നഗരചത്വരത്തില്‍ സമാപിക്കും. അഞ്ചുമണിക്ക് സാംസ്കാരിക സമ്മേളനം നടക്കും.
നിയമാവലികള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി
വള്ളംകളിയുടെ നിയമാവലി പാലിക്കാത്തെ വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വീഡിയോ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. മത്സര സമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും.
വള്ളംകളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്റു പവലിയന്‍റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവയ്ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷന്‍ ഓഫീസില്‍ നിശ്ചിത ഫീസ് അടയ്ക്കണം.
രാവിലെ എട്ടിനുശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുന്നതുമാണ്. അനൗണ്‍സ്മെന്‍റ്, പരസ്യ ബോട്ടുകള്‍ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലില്‍ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല.
സെപ്റ്റംബര്‍ നാലിനു രാവിലെ ആറു മുതല്‍ ജില്ലാ കോടതി പാലം മുതല്‍ ഫിനിഷിംഗ് പോയിന്‍റ് വരെ കനാലിന്‍റെ ഇരുവശങ്ങളിലും ജല വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടിംഗ് പോയിന്‍റും ഫിനിഷിംഗ് പോയിന്‍റും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം സജ്ജീകരിച്ചിട്ടുണ്ട്.
പവലിയനിലേക്ക് പോകുന്നതിന് രാവിലെ 10ന് എത്തണം
ടൂറിസിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവര്‍ ബോട്ടില്‍ നെഹ്റു പവലിയനിലേക്ക് പോകുന്നതിന് രാവിലെ പത്തിന് ഡി.ടി.പി.സി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉള്‍പ്പെടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുന്‍പ് എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളില്‍ പ്രവേശിക്കുന്നവരും കരയില്‍ നില്‍ക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികളോ മറ്റു മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ പത്തിന് ശേഷം ഡി.ടി.പി.സി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് അനുവദിക്കില്ല.