Input your search keywords and press Enter.

ശബരിമലയിൽ ബിഎസ്എൻഎൽ ടവറിന്‍റെ കേബിൾ മോഷ്ടിച്ചവർ പിടിയിൽ

 

ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിന്‍റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ച കേസിൽ 7 പേരെ പമ്പ പൊലീസ് പിടികൂടി. ഇടുക്കി കട്ടപ്പന പുളിയൻ മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖിൽ, അസ്സിം, ജലീൽ എന്നിവരാണ് അറസ്റ്റിലായത്.

ഒന്നുമുതൽ ആറുവരെ പ്രതികളെ ഇടുക്കി പുളിയൻമലയിൽ നിന്നും, ഏഴാം പ്രതി ജലീലിനെ പമ്പയിൽ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ വ്യാഴം രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറിൽ കേടുപാടുകൾ വരുത്തിയശേഷം 280 മീറ്റർ ആർ എഫ് കേബിൾ, 35 മീറ്റർ ഏർത് കേബിൾ, 55 ഡി സി കേബിളുകൾ, 100 മീറ്റർ ലാൻഡ്ലൈൻ കേബിൾ, ഒന്നര കിലോമീറ്റർദൂരം വലിക്കാവുന്ന 5 ജോഡി ലാൻഡ്ലൈൻ കേബിൾ, 50 മീറ്റർ 10/20/50 ലാൻഡ് ലൈൻ കേബിളുകൾ, 5 എം സി ബി കേബിൾ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. ആകെ രണ്ടര ലക്ഷത്തോളം രൂപയുടെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്.

ബിഎസ്എൻഎൽ ഡിവിഷണൽ എഞ്ചിനിയറുടെ പരാതിപ്രകാരം മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്ത പമ്പ പോലീസ് , ജില്ലാ പോലീസ് മേധാവി വി അജിത്തിന്‍റെ ഉത്തരവുപ്രകാരം പ്രത്യേകസംഘം രൂപീകരിച്ച് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ലഭ്യമായ സൂചനകൾ അനുസരിച്ച് പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണസംഘം മോഷ്ടാക്കളെ കുടുക്കിയത്.

ചാലക്കയം മുതൽ പമ്പ വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പമ്പ പോലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കുമാറിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ സംഭവദിവസം രാവിലെ 6 മണിക്ക് ചെളിക്കുഴി ഭാഗത്തുകൂടി കാട്ടിലൂടെ 4 പേർ കയറിപ്പോകുന്നത് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ശരംകുത്തിയിലെത്തി മോഷണം നടത്തിയശേഷം രണ്ടുപേർ കേബിളുകൾ ചാക്കുകളിലാക്കി പലതവണയായി ചുമന്നുകൊണ്ട് താഴെയെത്തിക്കുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. കാറിലാണ് മോഷ്ടിച്ച സാധനങ്ങൾ പ്രതികൾ കടത്തിയത്. കാർ പാെലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും, ഫോട്ടോഗ്രാഫിക് യൂണിറ്റും ശാസ്ത്രീയ അന്വേഷണസംഘവും പരിശോധന നടത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇന്നുച്ചയ്ക്ക് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘംത്തിന് പുറമെ ഡി വൈ എസ് പി മാരായ ആർ ബിനു, രാജപ്പൻ റാവുത്തർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആർ ജോസ്, വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജഗോപാൽ, റാന്നി എസ് ഐ അനീഷ്, പമ്പ എസ് ഐമാരായ സജി, സുഭാഷ്, സിബിപി ഓമാരായ സുധീഷ്, അനു എസ് രവി, ജസ്റ്റിൻഎന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത് .

ശബരിമലയില്‍ അതീവ സുരക്ഷാ വീഴ്ച ഉണ്ടായതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു . കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും (ഐ ബി ) അന്വേഷണം നടത്തുന്നുണ്ട് . അതീവ സുരക്ഷാ മേഖലയായ ശബരിമലയും പരിസര കാടുകളും എപ്പോഴും നിരീക്ഷണത്തില്‍ ആകണം എന്നിരിക്കെ കാട്ടു വഴിയിലൂടെ ഏഴുപേര്‍ എത്തുകയും കേബിള്‍ മോഷ്ടിച്ച് കത്തിച്ചു ചെമ്പ് കമ്പി എടുക്കുകയും ചെയ്തു . ആരുടേയും കണ്ണില്‍ അപ്പോള്‍ അവര്‍പ്പെട്ടില്ല എന്നത് ആണ് സുരക്ഷാ വീഴ്ചയായി ചൂണ്ടി കാണിക്കുന്നത് . തീര്‍ഥാടന കാലത്ത് മാത്രം പോലീസും മറ്റിതര കേന്ദ്ര റിസര്‍വ് പോലീസും ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അടങ്ങിയ കമാന്റോ വിഭാഗവും ഒക്കെ സുരക്ഷ ഒരുക്കുമ്പോള്‍ തീര്‍ഥാടന കാലത്തിനു ശേഷം ആര്‍ക്കും കടന്നു കയറാവുന്ന മേഖലയായി ശബരിമല മാറി എന്നതിന് ഉദാഹരണം ആണ് ഈ കള്ളന്മാരുടെ കടന്നു കയറ്റം . വെറും കള്ളന്മാര്‍ കടന്നു കയറി എങ്കില്‍ പരിശീലനം ലഭിച്ച തീവ്രവാദികള്‍ക്ക് എപ്പോള്‍ വേണം എങ്കിലും ഈ മേഖലയില്‍ എത്തിച്ചേരാന്‍ കഴിയും എന്നാണ് ഇപ്പോള്‍ ഉള്ള നിഗമനം .

365 ദിവസവും ശബരിമലയിലും പരിസരത്തും സുരക്ഷാ സേനകളെ നിയോഗിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്ക് കഴിയണം .

error: Content is protected !!