അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധിച്ചു പിഴ ചുമത്തും
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍. എ ഡി എം ബി. രാധകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പത്തനംതിട്ട ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
ശബരിമല പാതയില്‍ ഗതാഗതം സുഗമമാക്കാനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. റോഡ് സുരക്ഷയ്ക്ക് ഭീഷണിയായി നില്‍ക്കുന്ന വൈദ്യുതപോസ്റ്റുകള്‍, മരച്ചില്ലകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യും. ജില്ലയിലെ അപകടസാധ്യത കൂടിയ പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധിച്ചു പിഴ ചുമത്തും. നഗരസഭ പ്രദേശങ്ങളിലും പഞ്ചായത്ത് തലത്തിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി സജീവമാക്കും.
കുളനട മാന്തുക ഗ്ലോബ് ജങ്ഷനു സമീപം നിരന്തരം അപകടം ഉണ്ടാകുന്ന സ്ഥലത്ത് നോ-പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കും. ടിപ്പര്‍ ലോറികളുടെ നിലവില്‍ ഉള്ള സമയക്രമം തന്നെ തുടരുന്നതിനു യോഗം തീരുമാനിച്ചു. വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി അടിയന്തര പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് 2023 മെയ് മുതല്‍ സെപ്റ്റംബര്‍ വരെ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെ ഗതാഗത ലംഘനത്തിന് 2,48,487 പെറ്റികേസുകളിലായി പോലീസ് 1,01,51,031 രൂപ പിഴ ഈടാക്കി.
എന്‍ഫോഴ്സ്മെന്റ് ആര്‍ റ്റി ഒ എന്‍. സി. അജിത്കുമാര്‍, മോട്ടോര്‍, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കെ എസ് ഇ ബി, പൊതുമരാമത്ത് (നിരത്ത്) തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.