എസ്എസ്കെ പദ്ധതിയായ സ്കൂൾ ചലച്ചിത്രോത്സവത്തിൻ്റെ സബ്ജില്ലാതല പ്രദർശനം റാന്നിയിൽ നടന്നു.റാന്നി എം.എസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സബ്ജില്ലാതല ചലച്ചിത്രോത്സവം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.സുജമോൾ, എ.കെ.പ്രകാശ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി.ജെ,ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഷാജി എ സലാം,സ്കൂൾ പ്രഥമാധ്യാപകൻ ബിനോയ് ഏബ്രഹാം, റാന്നി ഫിലിം സൊസൈറ്റി ഭാരവാഹി സുനിൽ,ക്ലസ്റ്റർ കോർഡിനേറ്റർമാരായ റോബി ടി പാപ്പൻ , ബിന്ദു ഏബ്രഹാം സ്പെഷ്യൽ എഡ്യുക്കേറ്റർ സീമ എസ്.പിള്ള എന്നിവർ പങ്കെടുത്തു.
സമഗ്രശിക്ഷാ കേരളം ലേണിംഗ് എൻഹാൻസ്മെൻ്റ് പ്രോഗ്രാമിന്‍റെ (LEP) ഭാഗമായി സെക്കന്ററി കൂട്ടികളിൽ ഭാഷാപരിപോഷണവും സാംസ്കാരികമായ ഉന്നതിയും ലക്ഷ്യംവച്ചു കൊണ്ട് “സ്കൂൾ ചലച്ചിത്രോത്സവം” സംഘടിപ്പിച്ചിരുന്നു.
9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി സ്കൂൾ,ബി.ആർ.സി, ജില്ലാ തലങ്ങളിൽ കലാമൂല്യമുള്ള സിനിമകളും, ഡോക്യുമെന്ററികളും, ഹ്രസ്വസിനിമകളും കുട്ടികൾക്ക് കാണാനും ആസ്വദിക്കാനും പ്രസ്തുത മേഖലയിലുള്ള വിദഗ്ധരുമായി സംവദിക്കാനുമുള്ള അവസരം ഒരുക്കുന്നതിനാണ് ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.
ബി.ആർ.സിതല സിനിമാ പ്രദർശനത്തിനുശേഷം ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. ചലച്ചിത്ര മേളകളിലെ സജീവ സാന്നിധ്യങ്ങളും ചലച്ചിത്ര നിരൂപകരും ഫിലിം സൊസൈറ്റി ഭാരവാഹികളുമായ ഷിബു സാമുവൽ, സുനിൽ മാത്യു എന്നിവർ ഓപ്പൺ ഫോറത്തിന് നേതൃത്വം നൽകി.
ഭാഷാ പഠനത്തിന്റെ ഭാഗമായി സെക്കന്ററി തലത്തിൽ വിവിധ ക്ലാസുകളിലായി ചലച്ചിത്ര പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക ഉന്നതിയിലേക്ക് വ്യക്തിയെ എളുപ്പത്തിൽ നയിക്കുന്നതിന് സഹായിക്കുന്ന മാധ്യമം എന്ന നിലയിലാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയിൽ സിനിമ പഠന വിഷയമാക്കിയിട്ടുള്ളത്.
ഭാഷാപഠനത്തിന് പിന്തുണനൽകുക,അഭിനയകല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക,ശാസ്ത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിലൊന്നും ആധുനിക കാലത്തിന്റെ കലയുമായ സിനിമ കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം സാധ്യമാക്കുക,മറ്റു സംസ്കാരങ്ങളെയും മനുഷ്യരെയും മനസിലാക്കുന്നതിലൂടെ താനല്ലാത്തവരോട് അപരോന്മുഖമായ നിലപാട് സ്വീകരിച്ച് എല്ലാത്തരം വേർതിരിവുകൾക്കും അതീതമായി വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നതിനും ബഹുമാനിക്കുന്നതിനും തുല്യനീതിക്കായ് നിലകൊളളുന്നതിനും പ്രാപ്തമായ സാംസ്കാരിക ബുദ്ധിവികാസമുള്ള തലമുറയായി പുതുതലമുറയെ മാറ്റിത്തീർക്കുക തുടങ്ങിയവയൊക്കെ ഈ പ്രവർത്തനത്തിന്‍റെ ലക്ഷ്യങ്ങളാണ്.