ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് കുടുശ്ലിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. റൂറൽ എസ്.പി, കാട്ടാക്കട ഡി.വൈ.എസ്.പി, തഹസിൽദാർ എന്നിവരോട് നവംബർ 9 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് ആവശ്യപ്പെട്ടു.
പരാതിക്കാരിയായ സീനത്ത് ബീവി ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ഫൈനാൻസ് ലിമിറ്റഡിൽ നിന്നും ഹോം ലോണായി 17,68,000 രൂപ എടുത്തിരുന്നു. മാസത്തവണയായ 22,000 രൂപ അടയ്ക്കുന്നുണ്ടായിരുന്നു. കൊറോണസമയം കുടിശ്ലിക വരികയും 4,85,000 രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി ജപ്തി നോട്ടീസ് അയക്കുകയും 2023 ജൂൺ 26 ന് 100 രൂപ മുദ്രപത്രത്തിൽ 2,00,000 രൂപ നൽകണമെന്ന് പരാതിക്കാരിയോട് എഴുതിവാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പരാതിക്കാരിയും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയം ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കടക്കുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തെന്നാണ് പരാതി. കൂടാതെ 13000 രൂപയും മകളുടെ സ്വർണമാലയും നഷ്ടപ്പെട്ടു. വിഷയത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിൽ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ന്യൂനപക്ഷ കമ്മീഷന് സമർപ്പിച്ച പരാതിയിൽ പറയുന്നു.