Input your search keywords and press Enter.

കേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ ( 27/10/2023)

 

കാട്ടാക്കടയിൽ (ഒക്‌ടോ 29) 1001 പേരുടെ കേരളീയം മെഗാ തിരുവാതിര

സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷിച്ചുകൊണ്ടു നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനായി വേറിട്ട പ്രചാരണങ്ങൾ ഒരുക്കുന്ന കാട്ടാക്കട മണ്ഡലത്തിൽ ഒക്‌ടോബർ 29ന് 1001 പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടക്കും. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ സ്ത്രീ കൂട്ടായ്മകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര അരങ്ങേറുന്നത്.കാട്ടാക്കടയിലെ ഒപ്പം വനിതാ കൂട്ടായ്മയും മെഗാ തിരുവാതിരയിൽ പങ്കാളിയാകും.കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നുള്ള 1001 വിദ്യാർഥികൾ പങ്കെടുത്ത മലയാളഭാഷാഗാനാലാപനവും കഴിഞ്ഞയാഴ്ച നടത്തിയിരുന്നു.

കേരളീയത്തിനു പ്രചാരണമൊരുക്കി കുടുംബശ്രീയുടെ കലാജാഥ

തിരുവനന്തപുരത്തു നവംബർ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കലാജാഥയുമായി കുടുംബശ്രീ.കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ കേളികൊട്ട്, കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി വി.ശിവൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.വയനാട്ടിലെ കുടുംബശ്രീ യൂണിറ്റിന്റെ സംഗീതസംഘമായ മലമുഴക്കിയാണ് കലാജാഥയ്ക്കു നേതൃത്വം നൽകിയത്.ഫ്‌ളാഗ് ഓഫിനു മുന്നോടിയായി ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി.തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ,കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്,കേരളീയം കൺവീനർ എസ്.ഹരികിഷോർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

കേരളീയത്തിൽ പെൺകാലങ്ങളുടെ ചരിത്ര വഴികൾ അടയാളപ്പെടുത്തുന്ന പ്രദർശനം
അയ്യങ്കാളി ഹാളിൽ നവംബർ 1 മുതൽ 7 വരെ

കേരളീയ സ്ത്രീ ചരിത്രം,പ്രതിരോധങ്ങൾ, പ്രതിനിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി നവംബർ 1 മുതൽ 7 വരെ കേരളീയത്തിന്റെ ഭാഗമായി പ്രദർശനം സംഘടിപ്പിക്കും.സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടിയുടെ ക്യുറേറ്റർ ഡോ.സജിത മഠത്തിലാണ്.

കേരള സ്ത്രീയുടെ ശാക്തീകരണം പ്രതിരോധം എന്നിവ പ്രതിഫലിപ്പിക്കുന്ന ഊർജ്ജസ്വലമായ കാഴ്ചാനുഭവമായിട്ടാണ് പ്രദർശനത്തെ വിഭാവനം ചെയ്തിട്ടുള്ളത്.ആദ്യകാല പരിഷ്കരണ പ്രസ്ഥാനങ്ങൾ മുതൽ സമകാലിക നേട്ടങ്ങൾ വരെ ഇതിൻ്റെ ഭാഗമാകും. കേരള സ്ത്രീകളുടെ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും പരിവർത്തനത്തിന്റെയും ദൃശ്യ വിവരണവും ഈ പ്രദർശനത്തിലുൾപ്പെടും.ചരിത്ര വിവരണത്തിനപ്പുറം ശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും നേട്ടങ്ങളുടെയും ചലനാത്മകമായ ആഘോഷമായാണ് പ്രദർശനം നടക്കുന്നത്.കേരള സ്ത്രീകളുടെ അസാധാരണമായ സംഭാവനകളെ ആദരിക്കുകയും പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതിൽ അവരുടെ പ്രധാന പങ്ക് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യും.സർക്കാർ തലത്തിലുള്ള സ്ത്രീപക്ഷ സമീപനങ്ങൾ ഈ പെൺ വഴികളെ എങ്ങനെ ഗുണപരമായി മാറ്റി തീർത്തു എന്നതും ഈ ദൃശ്യവിരുന്നിൻ്റെ ഭാഗമായിരിക്കും.
ഫോട്ടോ എക്സിബിഷൻ,വീഡിയോ ഇൻസ്റ്റലേഷനുകൾ, സ്ത്രീ സംവിധായകരുടെ ഡോക്യുമെൻ്ററി പ്രദർശനങ്ങൾ എന്നിവയ്ക്കു പുറമേ സ്ത്രീസംഘങ്ങളുടെ കലാപരിപാടികളും പെൺ ചരിത്ര രേഖപ്പെടുത്തലിനെ സജീവമാക്കും.

കേരളത്തനിമയുടെ ആഭരണ-വസ്ത്ര വിസ്മയമൊരുക്കാൻ എലഗൻസ് കേരളം ഷോ

കേരളീയം പരിപാടിയുടെ ഭാഗമായി കേരളത്തിന്റെ തനത് ആഭരണ-വസ്ത്ര രീതികളുൾപ്പെടുത്തിയുള്ള കേരളം എലഗൻസ് ഷോ ഒക്ടോബർ 29 വൈകുന്നേരം ആറുമണിക്കു കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.കൈത്തറി വസ്ത്രങ്ങളിൽ കേരളത്തിന്റെ സംസ്‌കാരം,ചരിത്രം,വിവിധ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഭിന്നശേഷി,ട്രാൻസ്‌ജെൻഡർ സമൂഹവും ഷോയുടെ ഭാഗമാകുന്നുവെന്നത് ശ്രദ്ധേയമാണ്.കശുവണ്ടി,കയർ സുഗന്ധദ്രവ്യങ്ങൾ, കൈത്തറി എന്നിവ ഉൾപ്പെടുത്തിയുള്ള വസ്ത്രധാരണ, ആഭരണ മാതൃകകൾ അണിഞ്ഞ് വ്യക്തികൾ അണിനിരക്കും.

വിദ്യാ കിരണം പദ്ധതിയെ പ്രതിനിധീകരിച്ച് കോട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർഥിനികൾ,ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ,മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകർമസേന അംഗങ്ങളും വേദിയിലെത്തും.പരിപാടിയുടെ ഭാഗമായി സുമംഗല ദാമോദരന്റെ
മ്യൂസിക് ഷോയും നടക്കും.

കേരളീയത്തെ വരവേൽക്കാൻ സംഗീത വിരുന്നുമായി സുമംഗല ദാമോദരൻ

കേരളീയത്തിൽ പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും സംഗീതവുമായി പ്രഫ.സുമംഗല ദാമോദരൻ അരങ്ങുണർത്തും.ഒക്ടോബർ 29ന് വൈകുന്നേരം ആറുമണിക്ക് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള എലഗൻസ് ഷോയുടെ ഭാഗമായാണ് ‘പ്രതിരോധത്തിന്റെ ഗാനങ്ങൾ,പ്രതീക്ഷയുടെ ഗാനങ്ങൾ’ എന്ന പേരിൽ സംഗീതവിരുന്ന് അവതരിപ്പിക്കുന്നത്.

ഇ.എം.എസിന്റെ ചെറുമകൾ കൂടിയായ സുമംഗല ദാമോദരൻ അക്കാദമിക വിദഗ്ധയും ഗായികയും സംഗീതസംവിധായികയുമാണ്.പാട്ടിലും ഗവേഷണത്തിലും പ്രതിരോധ/സമര സ്വഭാവമുള്ള സംഗീതത്തിനാണ് സുമംഗല ഊന്നൽ നൽകുന്നത്. വർഗീയത,കുടിയേറ്റജീവിതങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ പാട്ടുകളിലൂടെ അഭിസംബോധന ചെയ്യുന്നു.

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ്,അശോക യൂണിവേഴ്‌സിറ്റി,കേപ്ടൗൺ യൂണിവേഴ്‌സിറ്റി,എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറാണ് സുമംഗല ദാമോദരൻ.ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷന്റെ സംഗീത ശേഖരണത്തെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള സുമംഗല ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.സരോദ് വിദഗ്ധൻ പ്രിതം ഘോഷാൽ,ഗിറ്റാറിസ്റ്റ് മാർക്ക് അരാന എന്നിവർ സംഗീത പരിപാടിക്ക് അകമ്പടിയേകും.

error: Content is protected !!