Input your search keywords and press Enter.

പത്തനംതിട്ട : പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു

 

പത്തനംതിട്ട : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നഗരസഭയുടെ പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. നിലവിലെ ഭരണസമിതി അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ തുടർച്ചയായ ഇടപെടലുകൾക്കാണ് ഇപ്പോൾ ഫലം കണ്ടത്.

വർഷങ്ങളായി ബസ്റ്റാൻഡ് യാർഡ് തകർന്ന് കിടക്കുകയാണ്. മാറിവന്ന ഭരണസമിതികൾ യാർഡ് ബലപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല. ബസ്റ്റാൻഡ് നിർമ്മാണത്തിനായി ഭൂമി നികത്തിയപ്പോൾ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ ഉപയോഗിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം. തുടർച്ചയായി ഭൂമി താഴുന്നതിനാൽ യാർഡ് നിർമ്മാണത്തിനായി നഗരസഭ ചിലവഴിച്ച ലക്ഷങ്ങൾ പാഴായി.

ശാസ്ത്രീയമായ പരിഹാരം കണ്ടെത്താതെ യാർഡ് നിർമ്മാണത്തിനുള്ള പദ്ധതി നിർദ്ദേശിക്കാൻ എൻജിനീയറിങ് വിഭാഗവും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുതിയ നഗരസഭ ഭരണസമിതി തിരുവനന്തപുരം എൻജിനീയറിങ് കോളേജിനെ പഠനം നടത്താൻ ചുമതലപ്പെടുത്തിയത്. മുൻപ് നടത്തിയ ടാറിങ്ങും വെള്ളക്കെട്ടും വിദഗ്ധസംഘം പഠനവിധേയമാക്കി.

ഒരു വർഷക്കാലം നീണ്ടുനിന്ന പഠനത്തിനൊടുവിൽ തിരുവനന്തപുരം സിഇറ്റി നഗരസഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. നഗരസഭ എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് തദ്ദേശസ്വയംഭരണ വകുപ്പ്ചീഫ് എൻജിനീയർക്ക് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നും സാമ്പത്തികമായി വൻ ബാധ്യത ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് എൻജിനീയറുടെ കാര്യാലയം റിപ്പോർട്ട് തള്ളിയത്. തുടർന്ന്നഗരസഭ ചെയർമാന്‍റെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

ചീഫ് എൻജിനീയറുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് എൻജിനീയറിങ് കോളേജ് വീണ്ടും റിപ്പോർട്ട്തയ്യാറാക്കി. പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ തയ്യാറാക്കിയ 3.70 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഇപ്പോൾ സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. കാലതാമസം കൂടാതെ ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് നഗരസഭ ആലോചിക്കുന്നത്. ടെൻഡർ തീരുമാനം എടുക്കാൻ കൗൺസിൽ യോഗം ബുധനാഴ്ച ചേരുമെന്ന്ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു

error: Content is protected !!