Input your search keywords and press Enter.

കേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/11/2023)

 

മലയാള സിനിമാചരിത്രം വരച്ചിട്ട് ചലച്ചിത്ര അക്കാദമിയുടെ പ്രദര്‍ശനം

മലയാള സിനിമാചരിത്രവും നേട്ടങ്ങളും രേഖപ്പെടുത്തി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ‘മൈല്‍സ്റ്റോണ്‍സ് ആന്‍ഡ് മാസ്റ്ററോ: വിഷ്വല്‍ ലെഗസി ഓഫ് മലയാളം സിനിമ’ പ്രദര്‍ശനം. മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയല്‍, ആദ്യ നിശബ്ദ ചിത്രം വിഗതകുമാരന്‍, ആദ്യ ശബ്ദ ചിത്രം ബാലന്‍ തുടങ്ങി നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ച് സിനിമാ ചരിത്രം വരച്ചിടുന്ന പ്രദര്‍ശനം കേരളീയത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരവളപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര ഗവേഷകനും കലാസംവിധായകനുമായിരുന്ന സാബു പ്രവദാസ്, നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര പത്ര പ്രവര്‍ത്തകനുമായ ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാര്‍.

ദേശീയ-രാജ്യാന്തര തലത്തില്‍ മലയാള സിനിമയുടെ യശസുയര്‍ത്തിയ വ്യക്തികള്‍, സിനിമകള്‍ എന്നിവയുടെ ചിത്രങ്ങള്‍, വിവരണങ്ങള്‍ എന്നിവയ്ക്കൊപ്പം പഴയകാല പാട്ടുപുസ്തകങ്ങള്‍, നോട്ടീസ്, അറുപതുകളിലെ ചലച്ചിത്ര മാസികകള്‍, സിനിമ പോസ്റ്ററുകള്‍ എന്നിവയും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.

പെറ്റ് ഫുഡ് ഫെസ്റ്റിവെല്ലില്‍ എല്ലാ ദിവസവും പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍

കേരളീയത്തോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍ പ്രവര്‍ത്തിക്കും. വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്‍പതുമണിവരെ ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍, വാക്‌സിനേഷന്‍ വിവരങ്ങള്‍, പരിപാലന രീതികളെ കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തലുകള്‍ എന്നിവ നേരിട്ട് ഡോക്ടര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, എല്ലാദിവസവും വൈകിട്ട് 4.30 മുതല്‍ ആറു വരെ ഓമനകളായി വളര്‍ത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ആഹാരരീതികള്‍, പരിപാലനം എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസുകളും നയിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റ് നടത്തുന്നത്. വളര്‍ത്തു മൃഗങ്ങളുടേയും, പക്ഷികളുടേയും തീറ്റ വസ്തുക്കളുടെയും പ്രദര്‍ശന- വിപണനം എന്നതിലുപരി അവയെ വളര്‍ത്തുന്നവരുടെ കടമകളും, സാമൂഹിക പ്രതിബദ്ധതയും ഓര്‍മ്മപ്പെടുത്തുകയും, മൃഗക്ഷേമം ഉറപ്പാക്കി തീറ്റ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍, ജന്തുജന്യരോഗങ്ങള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, മൃഗങ്ങളെ വളര്‍ത്തുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

വളര്‍ത്തു നായകളുടെ പരിപാലന രീതികളിലും തീറ്റ സമ്പ്രദായങ്ങളിലും കാലാകാലാങ്ങളായി വന്നിട്ടുള്ള വ്യത്യാസങ്ങള്‍ വിവരിക്കുന്ന രേഖാചിത്രങ്ങള്‍ക്കും രേഖപ്പെടുത്തലുകള്‍ക്കുമൊപ്പം സെല്‍ഫി പോയിന്റുകളും പെറ്റ് ഫുഡ് സ്റ്റാളിന്റെപ്രത്യേകതയാണ്.

മത്തങ്ങാ ചോറുണ്ട് , കിഴങ്ങു പായസമുണ്ട് എത്‌നിക് ഫുഡ് ഫെസ്റ്റിവല്‍ അടിപൊളി

കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ തനത് ഭക്ഷണ സംസ്‌കാരവുമായി യൂണിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ എത്‌നിക് ഫുഡ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. ഔഷധഗുണങ്ങളും വേറിട്ട രുചികളുമായാണ് സംസ്ഥാനത്തെ വിവിധ ആദിവാസി മേഖലകളില്‍നിന്നു കേരളീയത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ എത്തിയത്. ഉള്‍വനത്തില്‍നിന്നു ശേഖരിച്ച പഴങ്ങള്‍, കിഴങ്ങുകള്‍, ധാന്യങ്ങള്‍, ഇല, പൂവ്, കൂണുകള്‍ തുടങ്ങിയ തനത് സസ്യ വര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം വിഭവങ്ങളും ഒരുക്കിയിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് സന്ദര്‍ശകരെ ഈ പവലിയനില്‍ കാത്തിരിക്കുന്നത്. നെടുവന്‍ കിഴങ്ങ്, മുളക് കഞ്ഞി, കവലാന്‍ കിഴങ്ങ് പായസം- പുഴുക്ക് തുടങ്ങിയവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. അട്ടപ്പാടിയില്‍നിന്നുള്ള 108 സസ്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ മരുന്ന് കാപ്പി വെറും 10 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒപ്പം ചാമയരി പായസം, റാഗി പഴംപൊരി, റാഗി പക്കാവട, ഇലയട എന്നിവയും മിതമായ നിരക്കില്‍ ലഭ്യമാണ്. അട്ടപ്പാടിയില്‍ നിന്നുള്ള തേന്‍, മുളയരി, കുന്തിരിക്കം എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഊരാളി ആദിവാസി വിഭാഗങ്ങളുടെ തനതു വിഭവമായ മത്തങ്ങ ചോറും എലുപ്പാഞ്ചേരി തോരനും 30 രൂപയ്ക്കാണു ലഭിക്കുന്നത്. തനിമ എന്നു പേരുള്ള ഭക്ഷണ ശാലയിലെ പറണ്ടക്കയും കുത്തരിയും ചേര്‍ത്തുണ്ടാക്കിയ പായസം രുചികരവും ആരോഗ്യദായകവുമാണ്.

തേന്‍ നെല്ലിക്ക, തേന്‍ കാന്താരി, തേന്‍ വെളുത്തുള്ളി, തേന്‍ മാങ്ങായിഞ്ചി, തേന്‍ ഡ്രൈഫ്രൂട്ട്‌സ്, തേന്‍ നെല്ലിക്ക സിറപ്പ്, തേന്‍ മുന്തിരി, വയനാട്ടില്‍ നിന്നുള്ള കൊല്ലിപ്പുട്ട്, കാരകുണ്ഡപ്പം, കാച്ചില്‍ ചേമ്പ്, നിലമ്പൂരിലെ പാലക്കയത്തു നിന്നുള്ള നൂറാന്‍, കവല എന്നീ കിഴങ്ങുകള്‍ ഉപയോഗിച്ചുള്ള അട, ഇലക്കറികള്‍, പച്ചമരുന്ന് കാപ്പി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിഭവങ്ങളാണ് നിരയിടുന്നത്. ഗോത്രവര്‍ഗസമൂഹത്തിന്റെ പല രുചിക്കൂട്ടുകളും പാചക വിധികളും അന്യംനിന്നു പോവുന്ന സാഹചര്യം ഒഴിവാക്കി കാടിന്റെ തനത് രുചി നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാന്‍ കൂടിയാണ് കേരളീയം എത്നിക് ഫുഡ്ഫെസ്റ്റിവലിലൂടെശ്രമിക്കുന്നത്.

 

വ്യവസായ കേരളത്തിന്റ വളര്‍ച്ചയുടെ കഥയുമായി കേരളീയം ‘ചരിത്ര മതില്‍’

സംസ്ഥാനത്തിന്റെ, 1956 മുതലുള്ള വ്യാവസായികരംഗത്തെ ചരിത്രനിമിഷങ്ങള്‍ പ്രദര്‍ശിപ്പിച്ച് കേരളീയം. ഓരോ വര്‍ഷങ്ങള്‍ക്കുമുണ്ട് ഓരോരോ രേഖപ്പെടുത്തലുകള്‍. കേരളീയത്തിന്റെ ഭാഗമായി വ്യവസായവകുപ്പ് ഒരുക്കിയ ‘ചരിത്ര മതില്‍’ അത്തരത്തില്‍ ഒരു രേഖപ്പെടുത്തലാണ്.

കേരളപ്പിറവി മുതല്‍ നാളിതുവരെ വ്യവസായവകുപ്പ് കൈയൊപ്പ് ചാര്‍ത്തിയ ചരിത്രനിമിഷങ്ങള്‍ ‘ചരിത്രമതിലാ’യി പുത്തരിക്കണ്ടം മൈതാനത്ത് ഉയര്‍ന്നുനില്‍ക്കുന്നു. 2022ല്‍ പുറത്തിറങ്ങിയ സംസ്ഥാനത്തിന്റെ വ്യവസായ-വാണിജ്യ നയം വരെയുള്ള ചരിത്രം ഈ മതിലില്‍ നിന്നു വായിച്ചെടുക്കാം.

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സിഡ്‌കോ എന്നിവയെല്ലാം സ്ഥാപിച്ച ചരിത്രം മതിലിന്റെ ഭാഗമാണ്. കൈത്തറി, ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ തുടക്കം സംരംഭകവര്‍ഷം: ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്ന പദ്ധതി തുടങ്ങി വകുപ്പിന്റെ നാഴിക കല്ലുകള്‍ ഓരോന്നും വര്‍ഷങ്ങള്‍ ഉള്‍പ്പെടെ അക്കമിട്ട് നിരത്തിയിട്ടുണ്ട് ചരിത്രമതിലില്‍. പുത്തരിക്കണ്ടം മൈതാനത്ത് വ്യവസായ മേളയുടെ പ്രവേശന കാവടത്തിനരികെയാണ് വ്യവസായചരിത്ര മതില്‍ ഒരുക്കിയിരിക്കുന്നത്.

വൈവിധ്യങ്ങളുടെ എത്നിക് ട്രേഡ് ഫെയര്‍

കേരളത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത ഉത്പന്നങ്ങളുടെ വൈവിധ്യ കലവറയാണ് എത്നിക് ട്രേഡ് ഫെയര്‍.കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജില്‍ ഒരുക്കിയ എത്നിക് ട്രേഡ് ഫെയറില്‍ ഭക്ഷ്യയുത്പന്നങ്ങള്‍, ബാഗുകള്‍, സോപ്പ്, തുണിത്തരങ്ങള്‍, വന ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, കരിമ്പ് -മുള ഉല്‍പ്പന്നങ്ങള്‍, എല്‍ഇഡി ബള്‍ബ്, മറയൂര്‍ ശര്‍ക്കര, മഞ്ഞള്‍, കാപ്പി, ഗ്രാമ്പൂ, കുരുമുളക്, കശുവണ്ടി ഉത്പന്നങ്ങള്‍ കളിമണ്ണാഭരണങ്ങള്‍, ഗോത്ര പെയിന്റിങ്ങുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളും കാഴ്ചകളുമാണ് കാത്തിരിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ ഉത്പന്നങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.

കാപ്പിത്തടിയില്‍ ഉരുത്തിരിഞ്ഞ മനോഹര ശില്‍പങ്ങള്‍ ഫെയറിലെ വലിയ ആകര്‍ഷണമാണ്. യാഥാര്‍ത്ഥ്യത്തെ വെല്ലും വിധം കുഞ്ഞിക്കിളികളും പൂമ്പാറ്റകളും ചെറുമീനുകളുമെല്ലാം ആസ്വാദകരെ ക്ഷണിക്കുകയാണിവിടെ. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമാണ് മുള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം. പൊന്മുളം തണ്ടില്‍ നിന്നുള്ള ഒരുപിടി സംഗീതോപകരണങ്ങളും വലുതും ചെറുതുമായ ക്രിസ്തുമസ് നക്ഷത്രങ്ങളും കുഞ്ഞു വിളക്കുകളും മഴ മൂളിയുമെല്ലാം എത്നിക് ട്രേഡ് ഫെയറിന്റെ മാറ്റു കൂട്ടുന്നുണ്ട്. എണ്ണയും തൈലവും ഉള്‍പ്പെടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരവും ഇവിടെ കാണാം. കളിമണ്ണില്‍ നിര്‍മിച്ച വര്‍ണാഭമായ ആഭരണങ്ങളുമായെത്തിയ വയനാട്ടുകാരി ഗീതുവും ഫൈബറില്‍നിന്നു പല നിറത്തിലും വലുപ്പത്തിലുമുള്ള നെറ്റിപ്പട്ടം ഒരുക്കി വില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശി കവിതയും ഉള്‍പ്പെടുന്ന പല കലാകാരന്മാരും എത്നിക് ഫെയറിലെപുതുമുഖങ്ങളാണ്.

error: Content is protected !!