പത്തനംതിട്ട : അടൂരിലെ പ്രമുഖ വസ്ത്രവ്യാപാരശാലയുടെ മേൽക്കൂര കുത്തിപ്പൊളിച്ച്
മൂന്ന് ലക്ഷത്തിലധികം രൂപയും, വസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കളായ മൂന്ന് പേരെ അടൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
ഉത്തർപ്രദേശ് ആഗ്ര ജില്ലയിൽ, കുബേർപ്പൂർ തെഹസിൽദാർ സിംഗിന്റെ മകൻ രാഹുൽ സിംഗ്( 29), ഉത്തർപ്രദേശ് ഈറ്റ ജില്ലയിൽ ജലേസർ രാജകുമാറിന്റെ മകൻ അങ്കൂർ(29), രാഹുൽ സിംഗിന്റെ സഹോദരൻ ഓം പ്രകാശ്(51) എന്നിവരെയാണ് ദിവസങ്ങൾ നീണ്ട ഊർജ്ജിതമായ അന്വേഷത്തിനൊടുവിൽ ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
രാഹുൽ സിംഗ് കൊല്ലത്തെ ഒരു ഹോട്ടലിൽ മുമ്പ് കുറച്ചുനാൾ ജോലി നോക്കിയിട്ടുണ്ട്.
അടൂർ ടൗണിലെ കരിക്കനേത്ത് സിൽക്ക് ഗലേറിയ എന്ന വസ്ത്ര വ്യാപാരശാലയിൽ
കഴിഞ്ഞമാസം പതിനെട്ടിന് രാത്രിക്കും പത്തൊമ്പതിന് പുലർച്ചക്കുമിടയിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള പൈപ്പിലൂടെ അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി മേൽക്കൂരയുടെ ഷീറ്റ് ഇളക്കി മാറ്റിയശേഷം മുകളിലത്തെ ഭിത്തി തുരന്ന് കടയ്ക്കുള്ളിൽ കയറി ക്യാഷ് കൗണ്ടറിൽസൂക്ഷിച്ചിരുന്ന പണവും, വസ്ത്രങ്ങളും മോഷ്ടിച്ചുകടക്കുകയായിരുന്നു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം
അറിയുന്നതും അടൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നതും. തുടർന്ന്, ഉടമയുടെ മൊഴി
വാങ്ങി കേസ് രജിസ്റ്റർ ചെയ്ത പോലീസ്, വിരലടയാള വിദഗ്ദ്ധരുടെയും ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും സാന്നിധ്യത്തിൽ സ്ഥലത്തുനിന്നും പ്രാഥമിക തെളിവുകൾ
ശേഖരിച്ചിരുന്നു.
അടൂർ ഡിവൈഎസ് പി ആർ ജയരാജ് ഉടൻതന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ് പിയുടെ
മേൽനോട്ടത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ
പ്രത്യേകസംഘം സംഭവ ദിവസം തന്നെ രൂപീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കി. സ്ഥാപനത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികൾ അന്യസംസ്ഥാനക്കാരാണെന്ന് തിരിച്ചറിഞ്ഞു. ഈ സ്ഥാപനത്തിലെയും, പരിസരത്തുള്ള കച്ചവട സ്ഥാപനങ്ങളിലെയും അറ്റകുറ്റപ്പണികൾക്കായി എത്തിയിട്ടുള്ള തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം കാര്യക്ഷമമാക്കി.
നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിച്ചു. മോഷണം നടത്തിയശേഷം പ്രതികൾ കൊല്ലം ഭാഗത്തേക്ക് പോയിട്ടുള്ളതായി മനസ്സിലാക്കിയ
പോലീസ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അങ്ങനെയാണ് മോഷ്ടാക്കൾ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം എത്തിയതായും, ഇവിടെയൊരു ലോഡ്ജിൽ തങ്ങിയതായും വ്യക്തമായത്. ലോഡ്ജിൽ നൽകിയ മേൽവിലാസവും, ഫോൺനമ്പരും പരിശോധിച്ചതിൽ ഫോൺ നമ്പർ നിലവിൽ ഉപയോഗത്തിലില്ലാത്തതാണെന്നും, മേൽവിലാസം പൂർണമല്ലെന്നും കണ്ടെത്തി. മേൽവിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ നിരന്തരം രാജ്യത്തിന്റെ
വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനിൽ സഞ്ചരിക്കുന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കിയ അന്വേഷണ സംഘം, പ്രതികൾക്ക് പിന്നാലെ ഏറെ ദൂരം താണ്ടി തമിഴ്നാട്ടിലെത്തി പുളിയൻകുടിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികൾ മോഷണത്തിന് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ ഫോൺ
ഓഫ് ചെയ്യാറുള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വളരെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കളെ വലയിലാക്കാൻ സാധിച്ചത്.
വൈദ്യപരിശോധനയ്ക്ക് ശേഷം അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിൽ പ്രതികൾ സംസ്ഥാനത്തും,
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി സമാന കുറ്റകൃത്യങ്ങൾ ചെയ്തതായി സൂചന ലഭിച്ചു.
തൃശൂർ കുന്നംകുളം, കൊല്ലം കൊട്ടിയം, വയനാട്, സുൽത്താൻ ബത്തേരി, കോഴിക്കോട്, ഫറോക്ക് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നടന്ന വൻമോഷണങ്ങളിൽ പ്രതികൾക്ക് പങ്കുള്ളതായി സംശയമുണ്ട്. കൂടുതൽ അന്വേഷണം നടത്തി വ്യക്തത വരുത്തുന്നതിന് പോലീസ് സംഘത്തിന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. പ്രതികൾ നിരന്തരം ട്രെയിനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയ ശേഷം സ്വന്തം നാട്ടിലേക്ക് പോകാതെ മറ്റു സ്ഥലങ്ങളിലെത്തി മോഷണം
തുടരുന്നതാണ് രീതി.
മുഖ്യപ്രതി രാഹുൽ ഓരോ മോഷണത്തിലും പ്രത്യേകം ആളുകളെ തെരഞ്ഞെടുത്ത് കൂടെക്കൂട്ടി
വന്നിരുന്നതായും, ഇയാളുടെ സഹോദരനും മൂന്നാം പ്രതിയുമായ ഓം പ്രകാശ് ബെൽറ്റ് കച്ചവടത്തിൻറെ മറവിൽ വിവിധ സ്ഥലങ്ങളിലെത്തി കച്ചവട സ്ഥാപനങ്ങളുടെ വിവരങ്ങൾ ഒന്നാം പ്രതിക്ക് നൽകിയിരുന്നതായും പോലീസ് കണ്ടെത്തി.
വിശ്രമമില്ലാതെ രാത്രിയും പകലും ദിവസങ്ങളോളം നടത്തിയ സാഹസികമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ മോഷ്ടാക്കൾ പോലീസിന്റെ വലയിലായത്. ആയിരക്കണക്കിന് ഫോൺകോൾ വിവരങ്ങളും, നൂറോളം സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. രാത്രിയിലും കച്ചവടം നടക്കുന്ന വസ്ത്ര വ്യാപാരശാലകളിൽ പൊതുവെ അധികമായി പണം സൂക്ഷിച്ചിട്ടുണ്ടാവും എന്നുള്ള ബോധ്യത്തിലാണ് പ്രതികൾ നിരന്തരം
വസ്ത്ര വ്യാപാരശാലകൾ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത് എന്നാണ് പോലീസിന്റെ
നിരീക്ഷണം.
ഒരു സ്ഥലത്തെത്തി ഗൂഗിളിലും മറ്റും പരിശോധിച്ചാണ് കടകൾ കണ്ടെത്തുന്നതെന്നും,
മോഷണത്തിന് മുമ്പ് സ്ഥലത്ത് എത്തി കെട്ടിടം കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.
പ്രതികളിൽ നിന്നും മോഷ്ടിച്ച പണവും, വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. അടൂർ എസ്
ഐ എം മനീഷ്, സി പി ഓമാരായ സൂരജ് ആർ കെ, ശ്യാംകുമാർ, പ്രവീൺ എന്നിവരടങ്ങുന്ന
സംഘമാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. സംസ്ഥാനത്തിനകത്തും പുറത്തും പ്രതികൾ ചെയ്തിട്ടുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന്, കസ്റ്റഡിയിൽ വാങ്ങി വിശദമായി
ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.