എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്രകുടിവെള്ളപദ്ധതി; ഉദ്ഘാടനം 12 ന്
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്രകുടിവെള്ളപദ്ധതിയുടെ നിര്‍മാണോദ്ഘാടനം നവംബര്‍ 12 നു രാവിലെ 10 ന് തെള്ളിയൂര്‍കാവ് ജി ആന്‍ഡ് ജി ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജല്‍ ജീവന്‍ മിഷനിലൂടെ 25.97 കോടി രൂപ ചെലവഴിച്ചാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 4519 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്
ശബരിമല തീര്‍ഥാടനം; ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും – കോഴഞ്ചേരി താലൂക്ക് വികസന സമിതി
ശബരിമല തീര്‍ഥാടനം പ്രമാണിച്ച് നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കാന്‍ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. നഗരത്തിലെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാവിലെ പാചക വാതകം വിതരണം ഉറപ്പാക്കണം.
പത്തനംതിട്ട നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഓട്ടോസ്റ്റാന്‍ഡുകള്‍ നിര്‍ത്തലാക്കി നിലവില്‍ അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം സ്റ്റാന്‍ഡുകള്‍ നിലനിര്‍ത്തണം. നഗരത്തില്‍ അനുവദിച്ചു നല്‍കിയിട്ടുളള ബസ് സ്റ്റോപ്പുകള്‍ക്കു പുറമെ തിരക്കുളള സ്ഥലങ്ങളില്‍ ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനു നടപടി സ്വീകരിക്കണം.
കോഴഞ്ചേരി തുമ്പമണ്‍ റോഡില്‍ കുഴിക്കാന ജംഗ്ഷനില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ആല്‍മരം വെട്ടിമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ടി ടോജി, റോയി ഫിലിപ്പ്, ചിത്തിര സി ചന്ദ്രന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ പി സുദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ ആര്‍ ഗിരിജ, ബി കെ സുധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു
ദേശീയ ആയുര്‍വേദ ദിനചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എസ് ശ്രീകുമാര്‍ ആയുര്‍വേദദിന സന്ദേശം നല്‍കി. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും പ്രവര്‍ത്തിക്കുന്ന ജീവിതശൈലിരോഗ ക്ലിനിക്കിന്റെ പ്രഖ്യാപനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു.
ആയുര്‍വേദ ദിനവുമായി ബന്ധപ്പെട്ട നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ആയുര്‍വേദദിന സന്ദേശറാലി അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഫിന അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം കെ റ്റി സുബിന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭന പ്രകാശ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ഡോ. ഉഷ കെ പുതുമന, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി ഡോ. ലിജു മാത്യു എന്നിവര്‍ പങ്കെടുത്തു.
മുളക് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മുളക് ഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. മായമില്ലാത്ത മുളക് പൊടി ജില്ലയില്‍ ഉടനീളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓമല്ലൂര്‍ ഐമാലി വെസ്റ്റ് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സംഘമിത്ര സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 50 സെന്റ് സ്ഥലത്തു പദ്ധതി ആരംഭിച്ചത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശു നിലം വൃത്തിയാക്കി. സംഘമിത്ര സംഘ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2000 മുളക് തൈ നട്ട് കൃഷി ആരംഭിച്ചു. കീടരോഗബാധയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൈവവേലിയായി ബന്ദി തൈ നടുകയും ചെയ്തു.
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ എന്‍ അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദില, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് ബി പിള്ള, വാര്‍ഡ് അംഗം സുജാത ടീച്ചര്‍, തൊഴിലുറപ്പ് മേറ്റ് ലതിക പ്രകാശ്, കുടുംബശ്രീ സിഡിഎസ്,അയല്‍ക്കൂട്ട അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
തോട്ടപ്പുഴശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് മാസവേതനത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനു താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ബിഎസ്‌സി എംഎല്‍ടി/ ഡിഎംഎല്‍ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി: 40 വയസ്. ഒഴിവ് : ഒന്ന്. ശമ്പളം : 17000 രൂപ.
യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം 27 നു വൈകുന്നേരം അഞ്ചിനു മുന്‍പ് തോട്ടപ്പുഴശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സമര്‍പ്പിക്കണം. 28നു 10 നു ഗ്രാമപഞ്ചായത്തില്‍ അഭിമുഖം നടത്തും. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ സഹിതം കൃത്യം 10 നു ഹാജരാകേണ്ടതാണ്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.ഫോണ്‍:0469 2671950,0468 2214387
ബോധവത്കരണ ക്ലാസും പോസ്റ്റര്‍ രചനാ മത്സരവും നടത്തി
മാലിന്യമുക്ത നവകേരളം 2023 നോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും സംയുക്തമായി നടത്തിയ ബോധവത്കരണ ക്ലാസും പോസ്റ്റര്‍ രചനാ മത്സരവും എസ്എന്‍ഡിപി എച്ച്എസ്എസ് കാരംവേലിയില്‍ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിര ദേവി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ ആര്‍ അനീഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ഉണ്ണി അജിത്കുമാര്‍ ബോധവത്കരണ ക്ലാസ് നടത്തി. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്ക് ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് സമ്മാനം നല്‍കി. എസ്എന്‍ഡിപിഎച്ച് എസ്എസ് കാരംവേലി പ്രിന്‍സിപ്പല്‍ വി എസ് ബീന, എസ്എസ്എന്‍ഡിപി എച്ച്എസ്എസ് കാരംവേലി ഹെഡ്മിസ്ട്രസ് പുഷ്പ ആര്‍ജിഎസ്എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വിനീത രാജ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഹൗസിംഗ്) ജി ആശ തുടങ്ങിയവര്‍ പങ്കെടുത്തു.
വിജ്ഞാപനം
പട്ടികവര്‍ഗ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു പട്ടികവര്‍ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് 18000 രൂപ ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാക്കോടതിയിലെ സീനീയര്‍ അഡ്വക്കേറ്റ്‌സ്/ ഗവ പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനീയര്‍ അഡ്വക്കേറ്റ്‌സ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പ്രാക്ടീസ് നല്‍കുന്ന പരിശീലന പദ്ധതിയില്‍ നാലു ഒഴിവുകളിലേയ്ക്കായി പട്ടികവര്‍ഗ നിയമ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 23 നു വൈകിട്ട് 5 നു മുന്‍പായി റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം.പ്രായപരിധി : 40 വയസ്. യോഗ്യത : എല്‍ എല്‍ ബി, എല്‍ എല്‍ എം
മത്സരം സംഘടിപ്പിക്കുന്നു
ലോകമണ്ണുദിനത്തിന്റെ ഭാഗമായി മണ്ണു പര്യവേഷണ-മണ്ണുസംരക്ഷണ വകുപ്പിന്റെ പത്തനംതിട്ട മണ്ണ് പര്യവേക്ഷണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പെയിന്റിംഗ്, ഉപന്യാസം, എന്നീ ഇനങ്ങളില്‍ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഓരോ ഇനത്തിലും ജില്ലയിലെ ഓരോ സ്‌കൂളില്‍ നിന്നും രണ്ടു മത്സരാര്‍ഥികളെ വീതം പങ്കെടുപ്പിക്കാം. യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് മത്സരവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരവും 18നു രാവിലെ 9.30 മുതല്‍ ഒരു മണി വരെ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്ററിസ്‌കൂളില്‍ നടക്കും.
മത്സരാര്‍ഥികള്‍
[email protected] എന്ന മെയില്‍ മുഖേനയോ 9495117874, 0468 2323105 എന്ന ഫോണ്‍ നമ്പരുകളിലോ 15നു വൈകുന്നേരം നാലിനു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. മണ്ണ്, പ്രകൃതി, പരിസ്ഥിതി എന്നിവയോടനുബന്ധിച്ച വിഷയങ്ങളിലാണ് മത്സരം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളിന്റെ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവുമായി എത്തണം. വിജയികള്‍ക്ക് സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റും നല്‍കും.
സൗജന്യ തയ്യല്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങുന്നു. 18നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8281074645.
ഗതാഗത നിയന്ത്രണം
കൊക്കാത്തോട് കല്ലേലി റോഡില്‍ കലുങ്ക് നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇന്നു (11) രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചതായി കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
സെമിനാറും അനുസ്മരണവും
ഇലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14, 15,16 തീയതികളില്‍ ക്വാളിറ്റി എന്‍ഹാന്‍സ്മെന്റ് ഇന്‍ അക്കാദമിക് റിസര്‍ച്ച് എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാറും ഡോ. കൃഷ്ണന്‍ നമ്പൂതിരി അനുസ്മരണവും നടത്തുന്നു. കേരള ഗവണ്‍മെന്റിന്റെ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെയാണ് സെമിനാര്‍ നടത്തുന്നത്. ഫോണ്‍: 9961443573.
പിഎസ്‌സി അവബോധന ക്ലാസ് നടത്തി
ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്മെന്റ് സെല്ലിന്റെയും പത്തനംതിട്ട ജില്ല പിഎസ്‌സി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി പിഎസ്‌സി അവബോധന ക്ലാസ് സംഘടിപ്പിച്ചു. ക്യാമ്പസുകളില്‍ പിഎസ്‌സി നടത്തുന്ന ആദ്യത്തെ അവബോധന ക്ലാസാണിത്. പിഎസ്‌സി ജില്ലാ ഓഫീസര്‍ കെ ആര്‍ മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ സുധാഭായി അധ്യക്ഷത വഹിച്ചു. പിഎസ്‌സി സെക്ഷന്‍ ഓഫീസര്‍ എ റെജീന കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്മെന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.വിന്‍സ് തോമസ്, വിവിധ വകുപ്പു തലവന്മാരായ ഡോ. ഷൈലജ കുമാരി, ഡോ.ദീപാ മാത്യു, ആര്‍ ബിന്ദു, ഓഫീസ് സൂപ്രണ്ട് ഹരികുമാര്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു സതീഷ്, അനില വി കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
വാക്ക് ഇന്‍ ഇന്റര്‍വ്യു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എച്ച്എസ്ടി സോഷ്യല്‍ സയന്‍സ് തസ്തികയില്‍ താല്‍ക്കാലികമായി അധ്യാപകനെ നിയമിക്കുന്നതിനായി സ്‌കൂളില്‍ 13 നു രാവിലെ 11 മണിക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 9447875275
കേരള – ക്യൂബ സിഎച്ച്ഇ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവല്‍
കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരള – ക്യൂബ സിഎച്ച്ഇ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവല്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവംബര്‍ 16ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി കേരളത്തിലെ 14 ജില്ലകളിലും അണ്ടര്‍ 19 കര്‍ട്ടന്‍ റെയ്സര്‍ ടൂര്‍ണമെന്റുകള്‍ നടത്തുന്നു. ഈ ടൂര്‍ണമെന്റുകളില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് കേരളത്തിലെയും ക്യൂബയിലെയും മുന്‍നിര ചെസ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന കേരള- ക്യൂബ ‘ചെ’ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവെലിലേക്ക് പ്രവേശനം ലഭിക്കുന്നു.എല്ലാ ജില്ലകളില്‍ നിന്നും മൂന്നു വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.
വിജയികള്‍ക്ക് ആര്‍ ബി രമേഷ്, വി. ശരവണന്‍ എന്നീ അന്താരാഷ്ട്ര പ്രശസ്തരായ ചെസ് കോച്ചുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സൗജന്യ കോച്ചിംഗ് ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിനൊപ്പം പ്രഗ്നാനന്ദ, നിഹാല്‍ സരിന്‍ എന്നീ സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്സ്സുമായി സൈമള്‍ ചെസ് കളിക്കാനും അവസരം ലഭിക്കും. കര്‍ട്ടന്‍ റെയ്സര്‍ ടൂര്‍ണമെന്റിന്റെ പത്തനംതിട്ട ജില്ലയിലെ സെലക്ഷന്‍ ചെസ് ടൂര്‍ണമെന്റ് (അണ്ടര്‍ 19 വിഭാഗം ) നവംബര്‍ 12ന് രാവിലെ ഒന്‍പത് മുതല്‍ ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ്സയന്‍സസ് കോളേജ് പത്തനംതിട്ടയില്‍ നടക്കും. ഫോണ്‍: 9446302066, 9605460054,9846667997.