Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ വിവിധ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്‌ഘാടനം നടന്നു

മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം;  ടെൻഡർ പൂർത്തിയായി – മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്ത് മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തികളുടെ ടെൻഡർ പൂർത്തിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം തെള്ളിയൂർകാവ് ജി ജി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ല ഭവനങ്ങളിലും ടാപ്പിലൂടെ ശുദ്ധജലം  എത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാനം  വലിയ തോതിൽ പിന്തുണ നൽകുന്നു. ജല സാന്നിധ്യം കൂടുതൽ ഉണ്ടെങ്കിലും സംസ്ഥാനത്ത് ഭൂഗർഭ ജലം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയുന്ന അവസ്ഥയാണ് ഉള്ളത്.
നല്ല സ്രോതസുകളിൽ നിന്നു ജലമെടുത്ത്  പദ്ധതികൾ ആവിഷ്കാരിക്കുന്നതിന് സർക്കാർ പ്രാധ്യാനം നൽകുന്നു. എംഎൽഎയുടെ ശ്രമഫലമായി റാന്നി മണ്ഡലത്തിൽ  ആദ്യഘട്ടത്തിൽ തന്നെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനു സമ്പൂർണ്ണ അനുമതി നേടി. പദ്ധതി നടത്തിപ്പിന് എം എൽ എ, എം പി, ത്രിതല പഞ്ചായത്ത് പ്രവർത്തകർ  പ്രവർത്തിച്ചതായും മന്ത്രി പറഞ്ഞു.

എഴുമറ്റൂർ പഞ്ചായത്തിന്റെ കാലങ്ങളായുള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമമാണ്  സഫലമാകുന്നതെന്ന്  അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 80.6 കോടി രൂപ ചെലവഴിച്ചു നടത്തുന്ന  പ്രവർത്തനത്തിലൂടെ വലിയൊരു നേട്ടമാണ് കൈവരിക്കുന്നത്.  പി.എച്ച് സി നിർമാണം, സ്‌കൂൾ, റോഡ് വികസനം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ  എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിൽ നടക്കുന്നതായും എംഎൽഎ പറഞ്ഞു

കേന്ദ്ര സംസ്ഥാന ഗ്രാമ പഞ്ചായത്തുകൾ ഒത്തു ചേർന്നു നടത്തുന്ന പദ്ധതി നാടിന്റെ മുഖഛായ മാറ്റുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ശുദ്ധജലം ലഭ്യമാകാത്തത് രോഗങ്ങൾക്ക് കാരണം ആകുന്നു.  ജലജീവൻ പദ്ധതിയിലൂടെ ഗുണമേന്മയുള്ള ശുദ്ധജലം വീടുകളിൽ എത്തുമെന്നും എം പി പറഞ്ഞു.

ജല്‍ ജീവന്‍ മിഷനിലൂടെ 25.97 കോടി രൂപ ചെലവഴിച്ചാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 4519 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ കളക്ടർ എ. ഷിബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി ഏബ്രഹാം,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ വത്സല,വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി,
ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, കേരള വാട്ടർ അഥോറിറ്റി ടെക്നിക്കൽ മെമ്പർ ജി. ശ്രീകുമാർ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം സമ്പൂർണമായി പരിഹരിക്കും:  മന്ത്രി റോഷി അഗസ്റ്റിൻ

പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം സമ്പൂർണമായി പരിഹരിക്കാൻ കഴിയുന്ന വലിയ പദ്ധതിയാണ് ജലജീവൻ മിഷനിലൂടെ ആരംഭിക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് ജലജീവൻ പദ്ധതി പൂർണമായും നടപ്പാക്കുന്നത്.  സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങളിൽ ജലവിതരണം നടത്തിയിരുന്നതിൽ നിന്ന് 38 ലക്ഷം വരെ ഉയർത്തികൊണ്ടു വരാൻ സാധിച്ചു.  ശേഷിക്കുന്ന വീടുകളിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.

 

മുഴുവൻ പഞ്ചായത്തിലും ഏറ്റവും ആദ്യം കുടിവെള്ള പദ്ധതി ടെണ്ടർ ചെയ്തത് റാന്നി മണ്ഡലതത്തിലാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. വികസന കാര്യങ്ങളിൽ ഏറെ മുന്നേറുമ്പോഴും ശുദ്ധജല ദൗർലഭ്യം  പഴവങ്ങാടി പഞ്ചായത്തിലെ പ്രശ്നം ആയിരുന്നു. നിരന്തര പ്രയത്നത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ജലജീവൻ  പദ്ധതിയിലൂടെ 61.09 കോടി രൂപയുടെ പ്രവർത്തനം നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു.

റാന്നി- പഴവങ്ങാടി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

റോഡ് പുനർനിർമ്മാണത്തിനുള്ള തുക അനുവദിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ജല അഥോറിറ്റിയുടെ നിർമാണ പ്രവർത്തനത്തിൽ ഉൾപ്പെട്ട റോഡുകളുടെ പുനർനിർമ്മാണത്തിനുള്ള തുക വെച്ചൂച്ചിറ പഞ്ചായത്തിന് അനുവദിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണോദ്‌ഘാടനം കൂത്താട്ടുകുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വെച്ചൂച്ചിറ പഞ്ചായത്തിലെ ജലവിതരണത്തിലെ പോരായ്മകൾ പരിഹരിച്ചു കുടിവെള്ളം നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.   എല്ലാ വീട്ടിലും ശുദ്ധജലം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്തിൽ സാധിക്കും. ഭൂഗർഭ ജലത്തിൽ ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്ന മാലിന്യം  വർധിക്കുന്ന സാഹചര്യത്തിൽ ശുദ്ധമായ ജലം ലഭിക്കുക എന്നത് പ്രധാനപ്പെട്ട ആവശ്യം ആണ്. ഇതിനു പരിഹാരമായി ട്രീറ്റ് ചെയ്ത ജലം  ജല അതോറിറ്റി മുഖേന നൽകുന്നതിനുള്ള വലിയ പദ്ധതിയാണ് നടക്കുന്നത്.

ജല ദൗർലഭ്യത കൂടുന്ന ആ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടെ സഹകരണം ഉറപ്പാക്കുന്ന ജലജീവൻ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. എംഎൽഎ യുടെ പ്രവർത്തനഫലമായി പദ്ധതി ആവിഷ്‌ക്കാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നതിന് റാന്നി മണ്ഡലതിനു സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

വെച്ചൂച്ചിറയിൽ മുടങ്ങി കിടക്കുന്ന കുടിവെള്ള പദ്ധതികൾ റീറെണ്ടർ ചെയ്ത് മുഴുവൻ കുടുംബങ്ങൾക്കും ജലം നൽകാനാകും എന്നു അഡ്വ പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. ചിരകാല ആവശ്യത്തിന്റെ പരിസമാപ്തിയാണ് ജലജീവൻ പദ്ധതി നടത്തിപ്പിലൂടെ സാധ്യമാകുന്നത്. വലിയ പരിശ്രമം പദ്ധതി നടത്തിപ്പിനായി നടന്നു. വികസനപ്രവർത്തനങ്ങളിൽ ഒരുമിച്ചു നിന്ന് പ്രവർത്തിക്കുന്ന പഞ്ചായത്താണ് വെച്ചൂച്ചിറയെന്നും എംഎൽഎ പറഞ്ഞു.
ജല്‍ ജീവന്‍ മിഷനിലൂടെ 58.89 കോടി രൂപ ചെലവഴിച്ചാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 4586 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് റ്റി കെ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്,ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ,   ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സമ്പൂർണ കുടിവെള്ള പദ്ധതി നേട്ടം കൈവരിക്കുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

സമ്പൂർണ കുടിവെള്ളമെന്ന നേട്ടം റാന്നി കൈവരിക്കുകയാണെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണോദ്‌ഘാടനം മഠത്തുംമൂഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സുരക്ഷിതമായ ജലസ്രോതസ് ഉണ്ടായിരുന്നതിനാൽ കുടിവെള്ള പ്രശ്നം ഉയർന്നു വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ഭൂഗർഭ ജലം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയുന്നത് ഗൗരവമേറിയ പ്രശ്നം ആണ്.

ശുദ്ധജലം ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ താല്പര്യത്തോടെ ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവർത്തനം നിരീക്ഷിച്ചു സമയബന്ധിതമായി  പൂർത്തിയാക്കും. സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങളിൽ ജലവിതരണം നടത്തിയിരുന്നതിൽ നിന്ന് 38 ലക്ഷമായി ഉയർത്തികൊണ്ടു വരാൻ സാധിച്ചു.  ശേഷിക്കുന്ന വീടുകളിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.

റാന്നി പെരുനാടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാണ് കേന്ദ്ര സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. വീടുകളിൽ ജലം എത്തിക്കുന്നതിന് 34.77 കോടി രൂപയുടെ പ്രവർത്തനങ്ങൾ ആണ് നടപ്പാക്കുന്നത്. മഞ്ഞത്തോട് ആദിവാസി ജനവിഭാഗത്തിലെ 23 കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശികൾ ആകാൻ സാധിച്ചത് വലിയ നേട്ടമാണെന്നും എംഎൽഎ പറഞ്ഞു.

ജല്‍ ജീവന്‍ മിഷനിലൂടെ 34.77 കോടി രൂപ ചെലവഴിച്ചാണ് റാന്നി പെരുനാട്  ഗ്രാമപഞ്ചായത്തിലെ 3338 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് പി എസ് മോഹനൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി,  ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!