Input your search keywords and press Enter.

ജാപ്പനീസ് ഭാഷാ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയില്‍

മൻ കി ബാത് മികച്ച മാതൃകകൾ ആ​ഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനുള്ള വേദി – കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

രാജ്യത്തെ വിവിധ മേഖലകളിലെ മികച്ച മാതൃകകൾ പരിചയപെടുത്തുന്നതിനുള്ള ആ​ഗോള വേദിയാണ് മൻ കി ബാത്തെന്ന് കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സ​ഹമന്ത്രി  വി മുരളീധരൻ പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത് 100 ലക്കങ്ങൾ പിന്നിട്ടതുമായി ബന്ധപ്പെട്ട് നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട ക്വിസ് മത്സരങ്ങൾ തിരുവനന്തപുരം കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഗവൺമെന്റിന്റെ ശ്രമങ്ങളോടൊപ്പം ജനങ്ങളുടെ പങ്കാളിത്തവും ആവശ്യമാണ്. മൻ കി ബാത്തിന്റെ മുൻ പതിപ്പുകളിൽ പ്രധാനമന്ത്രി പരാമർശിച്ച വിവിധ വിഷയങ്ങൾ കേന്ദ്രമന്ത്രി എടുത്തു പറഞ്ഞു. കേവലം വിദ്യാഭ്യാസം എന്നതിലുപരി നൈപുണ്യ വികസത്തിനും ഊന്നൽ നൽകുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തിരിക്കുന്നതെന്നും  വി മുരളീധരൻ പറഞ്ഞു.

 

മാനവ വിഭവ ശേഷി കൂടുതൽ ആവശ്യമുള്ള ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളിൽ നൈപുണ്യ പരിശീലനം ലഭിച്ചവർക്ക് അനവധി സാധ്യതകളാണ് ഉള്ളത്. ജാപ്പനീസ് ഭാഷാ പരിജ്ഞാനത്തിന്റെ അഭാവമാണ് പലപ്പോഴും മറ്റ് രാജ്യങ്ങളിൽ ഉള്ളവർ നേരിടുന്ന പ്രതിസന്ധി. ജാപ്പനീസ് ഭാഷാ പഠിക്കുന്നിന് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഒരുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇതിനായി തിരുവനന്തപുരത്തെ സ്കൂളുകളിൽ ജാപ്പനീസ് ഭാഷാ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് വി മുരളിധരൻ പറഞ്ഞു.

 

സ്കൂൾ വിദ്യാർത്ഥികളുമായി കേന്ദ്ര സഹമന്ത്രി  വി മുരളീധരൻ പിന്നീട് ആശയ വിനിമയം നടത്തി. കേരള ആരോ​ഗ്യ സർവ്വകലാശാലയുടേയും കേരള സർവ്വകലാശായുടേയും വൈസ് ചാൻസിലറായ പ്രൊഫ. മോഹനൻ കുന്നുമ്മൽ, നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ  എം അനിൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കേരളത്തിൽ ബ്ലോക്ക്‌ തലത്തിൽ നടക്കുന്ന ക്വിസ് മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കും. ഇതിൽ വിജയിക്കുന്നവർക്ക് ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേ‍‍ഡ് നേരിട്ട് വീക്ഷിക്കാൻ അവസരം ലഭിക്കും.

error: Content is protected !!