പത്തനംതിട്ട ജില്ലാതലശിശുദിനാഘോഷം വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയോടെ വര്‍ണാഭമായി. കളക്ട്രേറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വി. അജിത്കുമാര്‍ പതാക ഉയര്‍ത്തി. സംസ്ഥാന ശിശുക്ഷേമസമിതി അംഗം പ്രൊഫ.ടി.കെ.ജി നായര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
നഗരം ചുറ്റിയ ഘോഷയാത്രയില്‍ ജില്ലാകളക്ടര്‍ എ. ഷിബു അണിചേര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികളും ആവേശത്തിലായി.മാര്‍ത്തോമസ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രസിഡന്റ് പന്തളം യുപിഎസിലെ വിദ്യാര്‍ത്ഥി ശ്രാവണ വി മനോജ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവ.എല്‍പിഎസിലെ വിദ്യാര്‍ത്ഥി നെഹ്സിന കെ നദീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സ്പീക്കര്‍ റാന്നി മാടമണ്‍ ഗവ. യുപിഎസിലെ വിദ്യാര്‍ഥി അനാമിക ഷിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എ ഷിബു ശിശുദിനസന്ദേശം നല്‍കി. ശിശുക്ഷേമസമിതി വൈസ് പ്രിസഡന്റ് ആര്‍ അജിത്കുമാര്‍ ശിശുദിനസ്റ്റാമ്പ് പ്രകാശനം ചെയ്തു.സംസ്ഥാന അധ്യാപിക അവാര്‍ഡ് നേടിയ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുമ ഏബ്രഹാമിനെ യോഗത്തില്‍ ആദരിച്ചു.
ജില്ലയിലെ വിദ്യാലയങ്ങളുടേയും എന്‍സിസി, സ്‌കൗട്ട്, കുടുംബശ്രീ, എസ്പിസി കേഡറ്റുമാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശിശുദിനം ആഘോഷിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, സംസ്ഥാനശിശുക്ഷേമസമിതി അംഗം പ്രൊഫ ടികെ ജി നായര്‍, ജില്ലാ സെക്രട്ടറി ജി പൊന്നമ്മ, വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ ജി ദീപു, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, സംഘാടകസമിതി അംഗങ്ങളായ രാജന്‍ പടിയറ, കലാനിലയം രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടികളെ സ്നേഹിക്കുക,അവര്‍ ലോകത്തെ സ്നേഹിക്കും : ജില്ലാ കളക്ടര്‍
കുട്ടികളെ സ്നേഹിക്കുക, അവര്‍ ലോകത്തെ സ്നേഹിക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ജില്ലാതലശിശുദിനാഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുദിനസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ കുട്ടിയും വ്യത്യസ്തനാണ്. അത് അറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം.
ഉത്തമപൗരനാകുകയാകണം ഓരോ വിദ്യാര്‍ത്ഥിയുടേയും ലക്ഷ്യം. ഇന്റര്‍നെറ്റിന്റെ യുഗത്തില്‍ മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളോടുള്ള ആശയവിനിമയത്തില്‍ കുറവ് വരുത്തരുത്. ഉത്തമപൗരനാകാനുള്ള ശ്രമത്തിന് വിദ്യാര്‍ത്ഥികള്‍ ഇതൊരു തുടക്കമാകണമെന്നും നല്ല കേള്‍വിക്കാരാനാകണമെന്നും കളക്ടര്‍ പറഞ്ഞു
കളക്ടറുടെ പാട്ടിനൊപ്പം താളം പിടിച്ച് കുട്ടികള്‍
വര്‍ണാഭമായ ശിശുദിനാഘോഷത്തില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ ഹിന്ദി പാട്ടിനൊപ്പം താളം പിടിച്ച് കുട്ടികള്‍ കൂടിയപ്പോള്‍ ചടങ്ങ് ഇരട്ടിമധുരമായി. ശിശുദിനസന്ദേശം നല്‍കിയ കളക്ടര്‍ സദസിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് പാട്ട് പാടാന്‍ തയ്യാറായത്.
ബോബി എന്ന സിനിമയിലെ മേം ശായര്‍ തോ നഹി…മഗര്‍ ഏ ഹസി…എന്ന പ്രശസ്തമായ പാട്ട് കളക്ടര്‍ പാടി തുടങ്ങിയപ്പോള്‍ മുതല്‍ സദസില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കളക്ടര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ശിശുദിനാഘോഷങ്ങള്‍ക്ക് മാറ്റ് കൂടി.