ശബരിമലയിലെ 28.11.2023 – ലെ ചടങ്ങുകൾ
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
ശബരിമല സന്നിധാനത്ത് കാർത്തിക ദീപക്കാഴ്ച്ച
ഭക്തിയുടെയും ശരണം വിളികളുടെയും നിറവിൽ അയ്യപ്പസ്വാമിക്ക് കാർത്തിക ദീപക്കാഴ്ച്ച. ക്ഷേത്ര ശ്രീകോവിലിന് മുന്നിലായുള്ള മണ്ഡപത്തിൽ ഒരുക്കിയ കാർത്തിക ദീപക്കാഴ്ച്ച തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിളക്ക് തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി, കീഴ്ശാന്തി നാരായണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, പിആർഒ സുനിൽ അരുമാനൂർ, സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ എബ്രാതിരി തുടങ്ങിയവർ വിളക്കുകൾ തെളിക്കുകയയിരുന്നു.ബാലകൃഷ്ണൻ എബ്രാതിരിയുടെ നേതൃത്വത്തിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും ചേർന്നാണ് സന്നിധാനത്ത് കാർത്തിക ദീപക്കാഴ്ച ഒരുക്കിയത്.
പ്രകാശപാതയൊരുക്കി കെ എസ് ഇ ബി
മണ്ഡലകാലത്ത് മല ചവിട്ടുന്ന ഭക്തന്മാർക്ക് പ്രകാശപൂരിതമായ പാത ഒരുക്കി കെ എസ് ഇ ബി. സന്നിധാനം മുതൽ മരക്കൂട്ടം ചന്ദ്രാനന്ദൻ റോഡ് വരെ കൂടുതൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടേയും ആക്രമണം ഉണ്ടാവാതി രിക്കാനുള്ള മുൻകരുതലായിട്ടാണിത്. നിലവിൽ പമ്പയിൽ നിന്ന് സന്നിധാനം വരെയും വിളക്കുകൾ ഉണ്ട്. ഇത് ഭക്തർക്ക് നേരം വൈകിയും അതിരാവിലെയും ഉള്ള മല കയറ്റവും ഇറക്കവും സുഗമമാക്കുന്നു. 24 മണിക്കൂറും സുസജ്ജമായ ടീം ആണ് വൈദ്യുതി തടസ്സം കൂടാതെ നൽകുന്നതിന് പ്രവർത്തിക്കുന്നത്. വൈദ്യുതി വിതരണത്തിൽ ചെറിയ പരാതി ഉയർന്നാലും ഉടനടി പരിഹരിക്കാൻ ഇതുവഴി കഴിയും. ഇതുവരെയും യാതൊരു തടസ്സവും ഇല്ലാത്ത വൈദ്യുതി വിതരണം നടത്തുവാൻ കഴിഞ്ഞു. 11കെ വി ലൈൻ ആയാലും മറ്റു ചെറിയ ലൈനുകളിൽ ആയാലും പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അയ്യനെ കാണാൻ ഭക്തജന പ്രവാഹം
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ. ഈ കാലയളവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിർച്വൽ ക്യു വഴി മാത്രം ദർശനം നേടിയത് എഴുപത്തിനായിരത്തിനുമേൽ ഭക്തരാണ്. തിങ്കളാഴ്ച ഓൺലൈൻ ആയി മാത്രം വിർച്വൽ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 67, 097 ഭക്തരാണ്. പമ്പയിൽ സ്പോട് രജിസ്ട്രേഷൻ സംവിധാനം ഉൾപ്പെടുത്താതെ ഉള്ളതാണ് ഇത്. വരും ദിവസങ്ങളിൽ ഭക്തരുടെ തിരക്ക് വർധിക്കും എന്നാണ് കണക്ക്കൂട്ടൽ. അത് മുന്നിൽ കണ്ട് വേണ്ട സജീകരണങ്ങൾ ഭക്തർക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. അയ്യപ്പ ദർശനത്തിന് എത്തുന്നവരുടെ സുരക്ഷയ്ക്കായി വേണ്ട നിയന്ത്രണങ്ങളും ക്രമീകരണങ്ങളും പോലീസും മറ്റ് അടിയന്തരസേവന സേനകളും ചേർന്ന് ഒരുക്കുന്നുണ്ട്.സുരക്ഷിതമായ ഒരു മണ്ഡലകാലം അയ്യപ്പന്മാർക്ക് പ്രദാനം ചെയ്യുകയാണ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഗാനസുധയിൽ ഭക്തി സാന്ദ്രമായി സന്നിധാനം
മണ്ഡലകാലാരംഭത്തോടെ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ തുടരുന്നു. ഇന്ന് ശാസ്‌താരം കണ്ണൻ സി കുറുപ്പ് അവതരിപ്പിച്ച ഭകതിഗാനസുധ സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി. തുടർച്ചയായ നാലാം വർഷമാണ് ചാലക്കുടി സ്വദേശിയായ കണ്ണൻ സി കുറുപ് സന്നിധാനത്ത് ഭക്തിഗാനസുധ അവതരിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് പമ്പയിൽ നടത്തിയ പരിപാടിക്ക് ശേഷമാണു ഇന്ന് സന്നിധാനത്ത് അയ്യപ്പന് മുൻപിൽ ഗാനസമർപ്പണം നടത്തിയത്.