Input your search keywords and press Enter.

അച്ചന്‍കോവില്‍ : കറുപ്പന്‍ തുള്ളല്‍ തുടങ്ങി

 

അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഗൃഹസ്ഥനായി നിലകൊള്ളുന്നു. ഇടതും വലതുമായി പൂര്‍ണ്ണ, പുഷ്കല എന്നീ പ്രതിഷ്ഠകള്‍. ധനു-1 ന്‌ കൊടിയേറുന്ന ഉത്സവത്തിന്റെ മൂന്നാം ദിനം മുതല്‍ ആരംഭിക്കുന്ന ചടങ്ങാണ്‌ കറുപ്പന്‍ തുള്ളല്‍.

ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പുസ്വാമിക്ക്‌ പ്രാധാന്യമുണ്ട്‌. ഇവിടെ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക്‌ കറുപ്പനൂട്ട്‌ നടത്തിയാണ്‌ മടങ്ങുക. കറുപ്പന്‍ കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന്‍ പൂജാരിക്കാണ്‌. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ്‌ പൂജാരിസ്ഥാനം.

ഉത്സവത്തിന്‌ ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന്‌ അകമ്പടി സേവിക്കാനും കറുപ്പുസ്വാമിയുണ്ടാകും. പരമശിവന്‍, മഹിഷീനിഗ്രഹത്തിന്‌ നിയുക്തനായ മണികണ്ഠനെ സഹായിക്കാന്‍ മൂര്‍ച്ചയുള്ള ‘കുശ’ എന്ന പല്ല്‌ ഉപയോഗിച്ച്‌ സിദ്ധികര്‍മ്മത്തിലൂടെ സൃഷ്ടിച്ച ശക്തിമാനായ ഭൂതഗണമാണ്‌ കറുപ്പന്‍ സ്വാമി.

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കാലുറകളണിഞ്ഞ്‌, കച്ചമണികള്‍ കെട്ടി, ശിരസില്‍ അലങ്കാരവസ്ത്രം ചുറ്റി, വലങ്കയ്യില്‍ വേലും ഇടങ്കയ്യില്‍ ഭസ്മക്കൊപ്പരയും വഹിച്ച്‌ പ്രത്യേക ഭാവാദികളോടെ കറുപ്പന്‍ സ്വാമി രംഗത്തെത്തുമ്പോള്‍ സ്ത്രീജനങ്ങള്‍ വായ്ക്കുരവയുടെ അകമ്പടിയോടെ സ്വീകരിക്കും.

ഈ പൗരാണിക ചടങ്ങിലെ തമിഴ്‌ മലയാള സംയോജിതദ്രാവിഡ പഴമ നഷ്ടമാകാതെ ഇന്നും കാത്തു സൂക്ഷിച്ചുപോരുന്നതും അച്ചന്‍ കോവിലില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രത്യേകതയാണ്‌. ജനനന്മയ്ക്കുവേണ്ടി ധര്‍മ്മശാസ്താവ്‌ നടത്തുന്ന ദേശരക്ഷാപരിപാടികള്‍ക്ക്‌ മാര്‍ഗ്ഗതടസ്സം നീക്കുന്ന കര്‍മ്മം കൂടിയാണ്‌ ഈ ചടങ്ങെന്നും പഴമക്കാര്‍ പറയുന്നു.

രഥോത്സവം
പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവം കഴിഞ്ഞാല്‍ രഥോത്സവം അരങ്ങേറുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ്‌ അച്ചന്‍കോവില്‍. അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തിന്റെ 9-ാ‍ം നാളില്‍ നടക്കുന്ന ചടങ്ങാണ്‌ രഥോത്സവം. ദ്രാവിഡ സംസ്കൃതിയുടെ സമ്മേളനകേന്ദ്രമായ അച്ചന്‍കോവില്‍ തേരോട്ടത്തിന്‌ ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ഉത്സവത്തിന്റെ 5-ാ‍ം ദിനം മുതല്‍ രഥത്തിന്റെ ശില്‍പവേലകള്‍ ആരംഭിക്കും. 9-ാ‍ം നാള്‍ പ്രഭാതത്തില്‍ പണി പൂര്‍ത്തീകരിച്ച രഥം പതിനെട്ടാം പടിക്കു താഴെ അലങ്കരിച്ച്‌ നിര്‍ത്തും. രഥനിര്‍മ്മാണത്തിനായി വനവിഭവങ്ങള്‍ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. രഥം വലിക്കുന്നതിനായി അച്ചന്‍കോവില്‍ വനത്തില്‍ നിന്നും ശേഖരിച്ച 15 മീറ്റര്‍ വീതം നീളമുള്ള ചൂരല്‍ വടമാണ്‌ ഉപയോഗിക്കുന്നത്‌. പൂജകള്‍ക്കും വിശേഷാല്‍ ഉത്സവചടങ്ങുകള്‍ക്കും ശേഷം അയ്യപ്പവിഗ്രഹം തേരില്‍ സ്ഥാപിക്കുന്നതോടെ രഥോത്സവത്തിന്‌ തുടക്കമായി. കറുപ്പന്‍ തുള്ളലിന്റേയും ചപ്രം എഴുന്നള്ളിപ്പിന്റെയും, തങ്കവാള്‍, അന്നക്കൊടി എന്നിവയുടെ സാന്നിദ്ധ്യത്തിലാണ്‍്‌ രഥോത്സവം അരങ്ങേറുക. രഥം ക്ഷേത്രത്തിന്‌ വലം വച്ച്‌ കോവിലിന്‌ മുന്നില്‍ എത്തിയാല്‍ രഥത്തിന്റെ വടത്തിന്‌ ഒരു ഭാഗത്ത്‌ മലയാളി അയ്യപ്പഭക്തരും മറുഭാഗത്ത്‌ സൗരാഷ്ട്ര ബ്രാഹ്മണരും പിടി മുറുക്കും. പിന്നീടുള്ള രഥം വലിയില്‍ രഥം കിഴക്കോട്ട്‌ ഉരുണ്ടാല്‍ തമിഴര്‍ക്കും പടിഞ്ഞാറേക്ക്‌ ഉരുണ്ടാല്‍ മലയാളിക്കും സ്വന്തമെന്നാണ്‌ വിശ്വാസം. ഇന്നും രഥം മലയാളികള്‍ മാത്രമാണ്‌ സ്വന്തമാക്കിയിട്ടുള്ളത്‌

error: Content is protected !!