പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ പ്രാവശ്യത്തെ പ്രതിഭാമരപ്പട്ടം അവാർഡ് കോട്ടയം ജവഹർ നവോദയ സ്‌കൂൾ വിദ്യാർത്ഥിനിയും കുട്ടി റേഡിയോ ജോക്കിയുമായ ലിഖിത ശ്രീകാന്തിന്.
പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവാർഡ് നൽകി വരുന്നത്. ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്റ്ററും അതിവേഗചിത്രകാരനുമായ അഡ്വ ജിതേഷ്ജി, ആനയടി പ്രസാദ്, ശൂരനാട് രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് മരവും പ്രശസ്തി പത്രവും ഫലകവും പതിനായിരം രൂപയുടെ സമ്മാനങ്ങളും അടങ്ങിയതാണ് പുരസ്‌കാരം.
കൂത്താട്ടുകുളം കോഴിപ്പിള്ളി കറുകശ്ശേരിൽ ശ്രീകാന്തിന്റെയും ജയമോളുടെയും രണ്ട് മക്കളിൽ മൂത്ത കുട്ടിയാണ് ലിഖിത. തീരെ ചെറിയ പ്രായത്തിൽ തന്നെ യുട്യൂബർ അവതാരകയായും റേഡിയോ ജോക്കിയായും തന്റെ കഴിവുകൾ അനസ്യൂതം വളർത്തിക്കൊണ്ട് വരുന്ന ബാലഗായിക കൂടിയാണ് ഈ കൊച്ചു മിടുക്കി. പഠനമികവിനൊപ്പം നൃത്തവും മാജിക്കും ചിത്രരചനയും ജീവാത്മാവ് പോലെ പരിപോഷിപ്പിച്ച് മുന്നേറുന്ന ലിഖിതക്ക് ഇതിനോടകം നിരവധി അംഗീകാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി പന്ത്രണ്ടിന് വൈകിട്ട് 6 ന് കോട്ടയം വടവാതൂർ ജവഹർ നവോദയ സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള അവാർഡ് സമർപ്പിക്കും. കോട്ടയം ജില്ലാ കളക്റ്റർ ഡോ. പി കെ ജയശ്രീ ഐ എ എസ് അധ്യക്ഷത വഹിക്കും. ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറും ഭൗമശിൽപിയുമായ അഡ്വ ജിതേഷ്ജി സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങിൽ സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന്
ട്രസ്‌റ്റ് ചെയർമാൻ എൽ സുഗതൻ, കോട്ടയം ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ ശ്രീ : സി. രാമകൃഷ്ണൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.