Input your search keywords and press Enter.

ഒന്നരകോടി വ്യൂസും കടന്ന് ജിതേഷ്ജിയുടെ വേഗവര വീഡിയോ

ഒന്നരകോടി വ്യൂസും കടന്ന് ജിതേഷ്ജിയുടെ വേഗവര വീഡിയോ:  സോഷ്യൽ മീഡിയയിൽ പതിനഞ്ച് മില്യൻ വ്യൂസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രകാരനായി ജിതേഷ്ജി

ബ്രഹ്‌മാണ്ഡ സിനിമകൾക്കും ഇന്റർനാഷണൽ ഹിറ്റ്‌ മ്യൂസിക് ആൽബങ്ങൾക്കും ഫുട്ബോൾ ഇതിഹാസ താരങ്ങൾക്കുമൊക്ക കിട്ടുന്ന വരവേൽപ്പാണ് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ജിതേഷ്ജിയുടെ വേഗവര വീഡിയോയ്ക്ക് ആദ്യ ദിവസങ്ങളിൽത്തന്നെ കാഴ്‌ചക്കാർ പതിനഞ്ച് മില്യൻസ് ( ഒന്നരക്കോടി പ്രേക്ഷകർ ) കടന്നു.വേഗവിരലുകളുടെ മാസ്മരികത കൊണ്ട് ചിത്രകലയെ രംഗകലയാക്കി ലോകശ്രദ്ധ നേടിയ മലയാളി ചിത്രകാരനാണ് ജിതേഷ്ജി.

ഇൻസ്റ്റഗ്രാമിൽ ഫൈസൽ വ്ലോഗ്സ് ചാനലിനുവേണ്ടി ഫൈസൽ എന്ന
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയാണ്‌ ഏറ്റവും ഒടുവിലായി പതിനഞ്ച് മില്യൻ വ്യൂസ് നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ താമരക്കുളം വി വി എച്ച് എസ് സ്കൂളിന്റെ ഹയർസെക്കന്റ്റി വിഭാഗം സിൽവർ ജൂബിലി ആഘോഷത്തിനു വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് ജിതേഷ്ജി ഇരുകൈകളും ഒരേ വേഗതയിൽ ഒരേസമയം ഉപയോഗിച്ച്‌ ഇടിമിന്നൽ വേഗതയിൽ ചിത്രം വരയ്ക്കുന്നതാണ് ‘ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ’ എന്ന പേരിൽ വൈറലായ ഈ വീഡിയോയുടെ കണ്ടന്റ്. ഈ ദൃശ്യം ഫൈസൽ എന്ന വ്ലോഗർ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി ഫെബ്രുവരി 21 നു രാത്രിയിൽ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൻ രീതിയിൽ വൈറലാകുകയായിരുന്നു. ഏതാനും  ദിവസങ്ങൾക്കുള്ളിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ഒന്നര കോടി പിന്നിട്ട് മഹാതരംഗമായി അതിവേഗം മുന്നോട്ടു കുതിച്ചുകയറി. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ ചിത്രകാരന് സോഷ്യൽ മീഡിയയിൽ 15 മില്ല്യൻസിനു മുകളിൽ വ്യൂസ് ലഭിക്കുന്നത്.
ഇതിനു മുൻപ് ജിതേഷ്ജിയുമായി ഡയൽ കേരളയുടെ പ്രജിൻ ഉൾപ്പെടെയുള്ള യൂട്യൂബർമാർ നടത്തിയ അഭിമുഖ വീഡിയോകൾ പലതും ഫെയ്സ് ബുക്കിലും യൂട്യൂബിലും അഞ്ചു മില്യൻ വ്യൂസ് വരെ നേടി മഹാതരംഗമായിട്ടുണ്ട്.

24ലേറെ ലോകരാജ്യങ്ങളിലടക്കം പതിനായിരത്തോളം സ്റ്റേജുകളിൽ വരവേഗവിസ്മയവുമൊരുക്കിയ പെർഫോമിങ്‌ ചിത്രകാരനാണ് ജിതേഷ്ജി.
2008–-ൽ ഇരുകൈകളും ഒരേ സമയം ഒരേപോലെ ഉപയോഗിച്ച് വെറും 5 മിനിറ്റിനുള്ളിൽ 50 പ്രശസ്തരെ സ്റ്റേജിൽ വരച്ച് വരവേഗത്തിൽ ലോക റെക്കൊഡ് സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റായിട്ടാണ് അറിയപ്പെടുന്നത്.

 

അമേരിക്കയിലെ ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെലിബ്രിറ്റി റാങ്കിങ്‌ കമ്പനിയായ റാങ്കർ ഡോട്ട് കോമിന്‍റെ  അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗിൽ ഉൾപ്പെട്ട ജിതേഷ്ജി റാങ്കറിന്റെ മികച്ച 100 ലോകപ്രശസ്ത ചിത്രകാരന്മാരുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാ രമായ ‘വരയരങ്ങ്’ തനതു കലാരൂപത്തിന്‍റെ  ആവിഷ്കർത്താവെന്ന നിലയിൽ പി എസ് സി യും ഇതര മത്‍സരപരീക്ഷകളിലും നിരന്തരം ആവർത്തിക്കുന്ന പേരാണ് ജിതേഷ്ജിയുടെത്.

കേരളനിയമസഭയിലും ഗോവ രാജ്ഭവനിലും നിരവധി ലോകരാജ്യങ്ങളിലെ അന്താരാഷ്ട്രപ്രസിദ്ധവേദികളിലും സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോയും സചിത്രപ്രഭാഷണങ്ങളും അവതരിപ്പിച്ചിട്ടുള്ള ജിതേഷ്ജി ഇംഗ്ലീഷിൽ കവിതകളും എഴുതാറുണ്ട്. കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ, കേരള ആനിമേഷൻ അക്കാദമി സെക്രട്ടറി, കാർട്ടൂണിസ്റ് ശങ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ, കേരള സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, യൂ ജി സി യുടെ കോളേജ് അദ്ധ്യാപക ട്രെയിനർ , ഒരു ദശാബ്ദക്കാലത്തോളം ചിരിച്ചെപ്പ് കാർട്ടൂൺ മാസിക പത്രാധിപർ, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

 

പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിൽ അഞ്ഞൂറിലേറെ പക്ഷിമൃഗാദികൾക്കൊപ്പം എക്കോ – ഫിലോസഫിക്കൽ ജീവിതം നയിക്കുകയാണ് ഭൗമശിൽപി കൂടിയായ ഇദ്ദേഹം ഇപ്പോൾ. കോന്നിയിൽ ഏഴ് ഏക്കർ വിസ്തൃതിയിൽ ഹരിതഗിരി “ജീവനം” എന്ന സ്വകാര്യവനം വളർത്തുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ ഇൻസ്റ്റല്ലേഷൻ ആർട്ടാണ് ജിതേഷ്ജിയുടെ ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലവും എക്കസഫി ജൈവ വൈവിദ്ധ്യ ജ്ഞാനകേന്ദ്രവും.
ഭാര്യ : ഉണ്ണിമായ, മക്കൾ : ശിവാനിയും നിരഞ്ജനും

 

error: Content is protected !!