പത്തനംതിട്ട : കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാമെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ജില്ലാ ടി.ബി. സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും വിദ്യാര്‍ഥികളിലും എച്ച്.ഐ.വി.എയ്ഡ്സ് ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ’ ഒന്നായി പൂജ്യത്തിലേക്ക് ‘എന്ന ലക്ഷ്യത്തിലേക്കുള്ള ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി.
ജില്ലയിലെ ആദ്യപരിപാടി അടൂര്‍ സെന്റ്മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എല്‍ അനിതകുമാരി , ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി. എസ് നന്ദിനി, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.നിരണ്‍ ബാബു , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ കഥാപ്രസംഗം, പാവനാടകം തുടങ്ങിയ 65 പരിപാടികള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തും. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടികള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഐ ടി ഐ, കോളജുകള്‍ എന്നിവിടങ്ങളിലാണ് നടത്തുന്നത്.