പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഈ മാസം 23ന് 5 മണിക്കൂർ അടച്ചിടും.
വൈകിട്ട് നാലു മുതൽ രാത്രി 9 മണിവരെയാണ് റണ്‍വേ അടച്ചിടുക. ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയർ ലൈനുകളിൽ നിന്ന് ലഭ്യമാകും.
1932ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു നടപടിയാണിത്. ക്ഷേത്രത്തിന്‍റെ പരമ്പരാഗത അവകാശികൾ തിരുവിതാംകൂർ രാജവംശക്കാരാണ്. എല്ലാ വർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം, വിമാന സർവീസുകൾ നിർത്തിവയ്ക്കാറുണ്ട്.മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അൽപശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്നറിയപ്പെടുന്ന ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം കിഴക്കേ കോട്ടയിലാണ്. അഞ്ചു തലയുള്ള ആദി ശേഷന്റെ (സര്‍പ്പം) പുറത്ത് യോഗനിദ്രയില്‍ കിടക്കുന്ന – അനന്തശയനം – പത്മനാഭന്റെ (വിഷ്ണു) താണ് പ്രധാന പ്രതിഷ്ഠ.
ഈ ക്ഷേത്രത്തില്‍ പ്രധാനമായും രണ്ടുത്സവങ്ങളാണ് ഉള്ളത്. പൈങ്കുനി ഉത്സവവും, അല്‍പ്പശി ഉത്സവവും. മീനത്തിലെ (മാര്‍ച്ച് – ഏപ്രില്‍) രോഹിണി നാളില്‍ ആരംഭിച്ച് ചിത്തിര നക്ഷത്രത്തില്‍ സമാപിക്കുന്നതാണ് പൈങ്കുനി ഉത്സവം. ഇതുമായി ബന്ധപ്പെട്ട് പഞ്ചപാണ്ഡവരുടെ വലിയ രൂപങ്ങള്‍ നിര്‍മ്മിച്ച് ക്ഷേത്ര പ്രവേശന കവാടത്തില്‍ സ്ഥാപിക്കാറുണ്ട്. പൈങ്കുനി ഉത്സവത്തിന്റെ മറ്റോരു പ്രധാന ആകര്‍ഷണം വേലക്കളിയാണ്.
അല്‍പ്പശി ഉത്സവം തുലാമാസത്തിലെ (ഒക്ടോബര്‍ – നവംബര്‍) അത്തം നക്ഷത്രത്തില്‍ ആരംഭിച്ച് തിരുവോണത്തിന് സമാപിക്കും.
ഈ രണ്ടുത്സവങ്ങളുടേയും പ്രധാന ആകര്‍ഷണമാണ് പള്ളിവേട്ടയും ആറാട്ടും. ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശംഖുമുഖം കടല്‍ത്തീരത്താണ് നടത്തുക. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയായിരിക്കും. പള്ളിവാളുമായി ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുക. ഒപ്പം അലങ്കരിച്ച ആനകള്‍, കുതിരകള്‍, പോലീസ് വിഭാഗങ്ങള്‍ എല്ലാം ഉണ്ടാകും.
പ്രധാന ആകര്‍ഷണങ്ങള്‍
അല്‍പ്പശി, പൈങ്കുനി ഉത്സവങ്ങളിലെ പള്ളിവേട്ട ആറാട്ട് ഘോഷയാത്ര