Input your search keywords and press Enter.

അനധികൃതമായി ആറ്റുമണൽ കടത്തിയ ടിപ്പർ പിടികൂടി

 

പത്തനംതിട്ട : അനധികൃതമായി പമ്പയാറ്റിൽ നിന്നും മണൽ ഖനനം നടത്തി കടത്തിയ ടിപ്പർ ലോറി കോയിപ്രം പോലീസ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശം കോയിപ്രം പോലീസിന് കൈമാറിയതിനെതുടർന്നാണ് നടപടി.

തിരുവല്ല ഡി വൈ എസ് പി അഷാദിന്റെ നിർദേശപ്രകാരം കോയിപ്രം പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്. എസ് ഐ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻരാജ്, അനന്ദകൃഷ്ണൻ, സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇന്നലെ രാത്രി 11.15 നാണ് പമ്പയാറ്റിലെ ഇടപ്പാവൂർ കടവിൽ നിന്നും മണൽ ഖനനം ചെയ്ത്
കടത്തിക്കൊണ്ടുവരും വഴി കടവിലേക്കുള്ള ഇടറോഡിൽ വച്ച് ടിപ്പർ കസ്റ്റഡിയിലെടുത്തത്.
പോലീസ് സംഘത്തെക്കണ്ട് ഡ്രൈവർ അയിരൂർ കോറ്റാത്തൂർ കൈതക്കോടി ചരുവിൽ വീട്ടിൽ പ്രദീപ് ലോറിയിൽ നിന്നും ഇറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടു.

ലോറിക്കുള്ളിൽ പ്ലാസ്റ്റിക് ചാക്കുകളിലും മറ്റുമായി ആറ്റുമണൽ നിറച്ച നിലയിലായിരുന്നു. പാസ്സോ അനുമതി പത്രമോ രേഖകളോ ഇല്ലാതെയാണ് മണൽ വില്പനക്കായി കടത്തിയതെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായി. തുടർന്ന്, ടിപ്പറും ഡാഷ് ബോർഡിൽ കണ്ടെത്തിയ ഡ്രൈവറുടെ മൊബൈൽ ഫോണും പോലീസ് ബന്തവസ്സിലെടുത്തു. അയിരൂർ തെക്ക്
പള്ളിപ്പറമ്പിൽ ജോസഫ് മാത്യുവിന്റെ ഭാര്യ വത്സമ്മ ജോസഫിന്റെ പേരിലുള്ളതാണ് ലോറി.

error: Content is protected !!