Input your search keywords and press Enter.

വനം വകുപ്പ് ജീവനക്കാരനെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചു

 

കോന്നി ഡിവിഷൻ പരിധിയിലെ അനധികൃത മരം മുറിയില്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ബിലാലിനെ സ്ഥലം മാറ്റിയ നടപടി വനം വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് പിൻവലിച്ചു.പ്രതികാര നടപടിയായി ഉദ്യോഗസ്ഥനെ ഗവിയിലേക്ക് സ്ഥലം മാറ്റിയതിൽ പരാതി ഉയർന്നിരുന്നു.

കോന്നി ഡിവിഷനിലെ നടുവത്ത്മൂഴി റേഞ്ച് പരിധിയിലെ പാടം സ്റ്റേഷൻ പരിധിയിൽ അനുമതി ഇല്ലാതെ അനധികൃതമായി മരം മുറി നടന്നിരുന്നു.ഇത് ചൂണ്ടി കാണിച്ചിട്ടും മേൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല.തുടർന്ന് ഈ വിവരവും,സ്റ്റേഷൻ പരിധിയിൽ നടക്കുന്ന നിയമവിരുദ്ധ കാര്യകങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നൂ.തുടർന്നാണ് ഇതിൽ പ്രകോപിതരായ ഉദ്യോഗസ്ഥരും , വകുപ്പിലെ പ്രബല സംഘടന നേതാക്കളും ചേർന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതിൽ വലിയ ഇടപെടൽ നടത്തി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തതെന്നുമാണ് ആരോപണം.തുടർന്ന് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ പ്രതിഷേധവും അറിയിച്ചിരുന്നു.

കഴിഞ്ഞ നാലര വർഷത്തെ സർവീസിനിടയിൽ കോന്നി, റാന്നി വനം ഡിവിഷനുകളിലെ നാല് ഫോറസ്റ്റ് സ്റ്റേഷനുകളിലേക്കാണ് ഈ ഉദ്യോഗസ്ഥനെ മാറ്റിയത്.നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി സ്വീകരിച്ചതിന് ഒരു ഉദ്യോഗസ്ഥനെ ഇങ്ങനെ അടിക്കടി സ്ഥലം മാറ്റുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപണം ഉയർന്നിരുന്നു.

വ്യക്തമായ കാരണം രേഖപ്പെടുത്താതെയാണ് ഏറ്റവും അവസാനത്തെ സ്ഥലം മാറ്റവും നടന്നത്. നേരത്തെ ഗവിയിൽ ജോലി ചെയ്യവെ മൃഗവേട്ടക്കാരെ കുടുക്കിയതിന് വധഭീഷണി നേരിട്ടയാളാണ് മുഹമ്മദ് ബിലാൽ.

സ്ഥലം മാറ്റ ഉത്തരവിനെതിരെ ഉദ്യോഗസ്ഥന്‍റെ കുടുംബവും, ഉദ്യോഗസ്ഥനും,വനം വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.ഇത് പ്രകാരം ഉദ്യോഗസ്ഥനെ തിരികെ കോന്നി ഡിവിഷനിൽ തന്നെ നിയമിച്ച് ഉടൻ ഉത്തരവ് പുറപ്പെടുവിക്കുവാൻ വനം വകുപ്പ് മന്ത്രി റാന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ പ്രബല സംഘടനയുടെ സ്വാധീനത്തിലും,എതിർപ്പും കാരണം ഈ നിർദ്ദേശം പാലിച്ചില്ല.തുടർന്നാണ് അടിയന്തരമായി ബിലാൽ എസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പെരിയാർ വെസ്റ്റ് ഡിവിഷനിലേയ്ക്ക് നിയമിച്ചു കൊണ്ടുള്ള റാന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവ് ഇതിനാൽ റദ്ദാക്കിക്കൊണ്ടും ടിയാനെ തിരികെ കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിൽ നിയമിച്ചു കൊണ്ടും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജി. ഫണീന്ദ്ര കുമാർ റാവ് ഐ.എഫ്.എസ് ഉത്തരവ് ഇറക്കി.മന്ത്രിയുടെ നിർദ്ദേശം പാലിക്കാത്തതിന് റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടിയും ഉണ്ടാകും.

error: Content is protected !!