Input your search keywords and press Enter.

ശബരിമല : വനം വകുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ 15നു പൂര്‍ത്തിയാകും: മന്ത്രി ശശീന്ദ്രന്‍: അയ്യന്‍ മൊബെല്‍ ആപ്പ് മന്ത്രി പ്രകാശനം ചെയ്തു

വനം വകുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ 15നു പൂര്‍ത്തിയാകും: മന്ത്രി ശശീന്ദ്രന്‍

അയ്യന്‍ മൊബെല്‍ ആപ്പ് മന്ത്രി പ്രകാശനം ചെയ്തു

വനം വകുപ്പിന്റെ ശബരിമല മണ്ഡലമകരവിളക്ക് മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ 15നു പൂര്‍ത്തിയാകുമെന്നു വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംതൃപ്തമായ മണ്ഡലമകരവിളക്കു കാലം ഭക്തജനങ്ങള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം.  പരമ്പരാഗത കാനനപാതകളായ അഴുതക്കടവ് – പമ്പ-സത്രം -സന്നിധാനം പാതകളുടെ തെളിയിക്കല്‍ പൂര്‍ത്തിയായി. പമ്പ-ശബരിമല പാതകളില്‍ അപകടകരമായി നിന്ന മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മുറിച്ചു മാറ്റി.
പമ്പ, മരക്കൂട്ടം, നീലിമല എന്നിവിടങ്ങളില്‍ ഇക്കോ ഷോപ്പ് 16ന് തുറക്കും. ഇക്കോ ഗാര്‍ഡ്, എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് സ്‌ക്വാഡ് എന്നിവരെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു.
പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കു സഹായമാകുന്ന അയ്യന്‍ എന്ന മൊബൈല്‍ ആപ്പ് മന്ത്രി പ്രകാശനം ചെയ്തു ചെയ്തു. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം-എരുമേലി- അഴുതക്കടവ്-പമ്പ- സത്രം -ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്.
ഞുണുങ്ങാര്‍ പാലം 12നു  പൂര്‍ണ സജ്ജമാക്കുമെന്ന് പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു.  അയ്യന്‍ ആപ്പിന്റെ ആശയങ്ങള്‍ രണ്ടു വര്‍ഷം മുന്‍പുള്ള ശബരിമല യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആപ്പ് സജ്ജമായതില്‍ സന്തോഷമുണ്ടെന്നും എം എല്‍ എ പറഞ്ഞു.
പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റുമാരായ  ഡി ജയപ്രസാദ്, ഗംഗാ സിംഗ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

തീര്‍ഥാടനം സൗകര്യപ്രദമാക്കാന്‍ അയ്യന്‍ ആപ്പുമായി വനം വകുപ്പ്
ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു  സഹായമാകുന്ന തരത്തില്‍ അയ്യന്‍  മൊബൈല്‍ ആപ്പ്  പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്. പമ്പ,സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം-എരുമേലി-അഴുതക്കടവ് പമ്പ, സത്രം -ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതുശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്‌സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന്മാര്‍ പാലിക്കേണ്ട
ആചാരമര്യാദകളും പൊതുനിര്‍ദേശങ്ങളും ആപ്പിലുള്‍പെടുത്തിയിട്ടുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ‘അയ്യന്‍’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളില്‍ ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളില്‍ ഉള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈനിലും ഓഫ്‌ലൈനനിലും ആപ്പ് പ്രവര്‍ത്തിക്കും. തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകള്‍ ആപ്പിലൂടെ ലഭിക്കും.
കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലെപ്പേര്‍ഡ് ടെക്ക് ലാബ് െ്രെപവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ആപ്പ് പരമ്പരാഗത
പാതകളില്‍ എത്തിപ്പെടുന്ന അയ്യപ്പഭക്തര്‍ക്ക് സഹായകരമായ വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

error: Content is protected !!